‘സവാദിന് നീതി കിട്ടി, കേരളത്തിൽ ഇനിയും ഹണിട്രാപ് ഉണ്ടാകരുത്’; വീണ്ടും വിവാദ പ്രസ്താവനയുമായി സംഘടന
Mail This Article
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് നീതി കിട്ടിയെന്നും കോടതിയുടെ കണ്ണു തുറന്നെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. സവാദിന് ജാമ്യം കിട്ടിയതിന് ശേഷം ഫെയ്സ്ബുക്കിലൂടെയാണ് അജിത് കുമാർ പ്രതികരിച്ചത്. ഒരു പെൺകുട്ടിയുടെ വ്യാജ പരാതിയിൽപെട്ട് ഇത്രയും ദിവസം ജയിലിലകപ്പെട്ട സവാദ് നാളെ ഉച്ചയോടെ പുറത്തിറങ്ങുമെന്നും അദ്ദേഹത്തിന് സ്വീകരണം നൽകാൻ സ്ത്രീ–പുരുഷ ഭേദമന്നേ എല്ലാവരും എത്തിച്ചേരണമെന്നും അജിത് കുമാർ പറഞ്ഞു.
സവാദ് നിരപരാധിയാണെന്ന് സ്ത്രീകൾ ഉൾപ്പടെ മനസ്സിലാക്കി. എന്നെ വിളിച്ചും പല സ്ത്രീകളും ഇതു പറഞ്ഞു. ഇനി കേരളത്തിൽ ഒരു പുരുഷനും ഈ ഗതി വരരുത്. വിവരവും വിദ്യാഭ്യാസവും കേരളത്തിൽ കൂടിപ്പോയതു കൊണ്ടാണ് ഇത്രയേറെ ഹണിട്രാപ് ഉണ്ടാകുന്നത്. ഒരു പെണ്ണിന്റെ മാനത്തിന് പെണ്ണ് തന്നെ വില നിശ്ചയിച്ചാൽ ഇത്രയും മോശം വിഡിയോ ഉണ്ടാകില്ലെന്നും അജിത് കുമാർ പറഞ്ഞു.
സവാദിനെതിരെ പരാതി നൽകിയ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അജിത് കുമാർ പ്രതികരിച്ചു. ഒരു ഇരയെ തേടി പെൺകുട്ടി ഒരുപാട് നാൾ അലഞ്ഞെന്നും അങ്ങനെയാണ് സവാദ് പെട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മസ്താനിയിലും സവാദിലും തീരണമെന്നും മസ്താനിമാർ ഇനി ഹണിട്രാപ്പുമായി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷന് അനുകൂലമായ ഒരു നിയമമില്ല. കേരളത്തിൽ പുരുഷാവകാശ കമ്മീഷൻ കൊണ്ടുവരണം. പുരുഷന്റെ കരച്ചിൽ കേൾക്കാൻ ഒരു സ്ഥലം ഉണ്ടാവണം. വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കാറില്ല. അഡ്വ. ആളൂരുമായി സംസാരിച്ച് കേസിന്റെ തുടർനടപടികളിലേക്ക് പോകും. സവാദോ സവാദിന്റെ കുടുംബമോ കേസിൽ നിന്ന് പിന്മാറണമെന്ന് പറയുന്നതു വരെ കേസിൽ ഇടപെടും – അജിത് കുമാർ പറഞ്ഞു.