സ്വന്തമായി വീട് നിർമിക്കാൻ ഭീമമായ തുക വേണം, ക്രൂയിസ് കപ്പലിൽ അപ്പാർട്ട്മെന്റ് വാങ്ങി യുവാവ്
Mail This Article
ജീവിതത്തിൽ ഒരിക്കലെങ്കിലും ക്രൂയിസ് ഷിപ്പിൽ കയറി ഒന്ന് ചുറ്റണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട്. എന്നാൽ ആ ക്രൂയിസ് ഷിപ്പിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയാലോ? കേട്ടിട്ട് ഞെട്ടണ്ട. കാലിഫോർണിയയിലെ സാൻഡീഗോ സ്വദേശി ഓസ്റ്റിൻ വെൽസ് ക്രൂയിസ് ഷിപ്പിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഫ്ലാറ്റ് വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമാണ് അൽപ്പം അത്ഭുതം. സ്വന്തം നാട്ടിൽ വീട് വെക്കാൻ ഭീമമായ തുക ചിലവാകുമെന്നതു കൊണ്ടാണ് ക്രൂയിസ് ഷിപ്പിൽ അദ്ദേഹം സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്.
തന്റെ ജന്മനാടായ സാൻഡീഗോയിൽ സ്വന്തം സ്ഥലത്ത് വീട് വെക്കുന്നതിന് ചെലവാകുന്ന പൈസയേക്കാൾ കുറവാണ് ഒരു ക്രൂയിസ് കപ്പലിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് വാങ്ങുന്നത് എന്നാണ് ഓസ്റ്റിൻ പറയുന്നത്. കൂടാതെ ഷിപ്പിൽ ഫ്ലാറ്റ് വാങ്ങിയാൽ ലോകം മുഴുവൻ സഞ്ചരിക്കാനും പറ്റും. 12 വർഷത്തേക്കുള്ള പാട്ടത്തിനാണ് ഷിപ്പിലെ അപ്പാർട്ട്മെന്റ് എടുത്തിരിക്കുന്നത്.
ലോകം കാണാൻ പോകാൻ ദിനചര്യകൾ മാറ്റേണ്ട ആവശ്യമില്ലെന്നതും ലോകത്തിന്റെ ഏത് കോണിലിരുന്നും ജോലി ചെയ്യാമെന്നതുമാണെന്നുമാണ് ഷിപ്പില്‍ അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് ഓസ്റ്റിന് കൂടുതൽ പ്രചോദനമായത്. ഷിപ്പിലിരുന്ന് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാനും ബാക്കിയുള്ള സമയം ചുറ്റിക്കറങ്ങാനും ചിലവിടാം. കാലിഫോർണിയയിലെ സാൻ ഡീഗോയിൽ ഒരു മാസത്തെ വാടക ശരാശരി 2,500 ഡോളറാണ്. അവിടെ ഒരു വീട് സ്വന്തമാക്കുക എന്നത് ചെലവേറിയ കാര്യമാണ്.
വെൽസ് അപ്പാർട്ട്മെന്റ് വാങ്ങിയിരിക്കുന്ന ക്രൂയിസിൽ ഒരു സ്വകാര്യ ജിം, ഫാർമേഴ്‌സ് മാർക്കറ്റ്, മെഡിക്കൽ സൗകര്യങ്ങൾ, സ്വകാര്യ അടുക്കളകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ കപ്പലിന്റെ 24 മണിക്കൂർ റൂം സർവീസ്, സ്കൂൾ, ലൈബ്രറി, ബാങ്ക്, തീയറ്റർ, നീന്തൽക്കുളം, കപ്പലിലുള്ള 20 വ്യത്യസ്ത ഭക്ഷണശാലകൾ എന്നിവയും അദ്ദേഹത്തിന് ഉപയോഗിക്കാനാകും.