ക്ഷമയുടെ മധുരം; ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക്
Mail This Article
വളരെക്കാലങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്ര. ഒരു പുസ്‌തകവായനയ്ക്കു സമയം കിട്ടിയതിന്റെ ആശ്വാസത്തിൽ ഞാൻ കമ്പാർട്ടുമെന്റുൽ ചെറിയ ബാലനുമായി ഒരു കുടുംബം കയറി, അവനാണെങ്കിൽ ബാല്യത്തിന്റേതായ എല്ലാ ക്രീഡകളും പുറത്തെടുത്ത് ബഹളത്തോടെ ഓടി നടക്കുന്നു എല്ലാവരുമായും ഇടപഴകുന്നു. തീർച്ചയായും അതെന്റെ വായനയുടെ അന്തരീക്ഷം മുറിച്ചു. ഇതിനിടയിൽ അവൻ ഒരു വെള്ളംകുപ്പി എടുത്ത് കുലുക്കവേ, അത് തുറന്ന് വെള്ളം പുറത്തേക്ക്, വീണത് നിർഭാഗ്യവാനായ എന്റെ വസ്ത്രത്തിലും. എനിക്ക് വലിയ നീരസം ഉണ്ടായി. അവന്റെ അച്ഛൻ എന്നോട് വലിയ ക്ഷമാപണം നടത്തി, അവനെ വഴക്കു പറഞ്ഞ് നുള്ള് കൊടുത്ത് സോറി പറയിച്ചു. പുറത്തെ കാറ്റുകൊണ്ട് നനവ് മാറ്റാൻ ഞാൻ ഡോറിനടുത്തേക്ക് നീങ്ങി.
തിരികെ വന്ന് കുറച്ചു കഴിഞ്ഞപ്പോൾ അവൻ അടുത്തുവന്ന് ഒരു പാക്കറ്റ് ചോക്ലേറ്റ് എനിക്ക് നീട്ടി. അന്നേരം ഞാനത് വാങ്ങി. എന്തായാലും കമ്പാർട്ടുമെന്റിന് ഒരു ശാന്തത കൈവന്നിരിക്കുന്നു. എല്ലാം നല്ലതിന്, ഞാൻ വായന പുനരാരംഭിച്ചു. ചുറ്റും ഇരുന്നിരുന്നവരുടെ ഉന്മേഷഭാവം നഷ്‌ടപ്പെട്ടിരിക്കുന്നത് ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ശ്രദ്ധിച്ചത് ആ കൊച്ചുകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു. മുമ്പത്തെ ഏതോ സ്റ്റേഷനിൽ വെച്ച് അച്ഛനെക്കൊണ്ട് വാങ്ങിച്ചത് ചോക്ലേറ്റാണെന്നും അതാണ് ഇപ്പോൾ എന്റെ കയ്യിലുള്ളതെന്നും ഞാൻ തിരിച്ചറിഞ്ഞു - ഒരു ചെറുപ്രായശ്ചിത്തം ചെയ്യിച്ചത്.
എന്നാൽ, എട്ടുംപൊട്ടും തിരിയാത്ത കുട്ടികളിൽ തെറ്റുകൾക്കും പ്രായശ്ചിത്തത്തിനും എന്ത സ്ഥാനം, എനിക്ക് ചുറ്റിലും ശാന്തത പക്ഷേ ശ്‌മശാന മൂകതയായി മാറുന്നതായി തോന്നി. 'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ..' (മാമ്പഴം) എന്നൊക്കെത്തരത്തിൽ കവിതാപുസ്തകത്തിലെ കുട്ടിയോടുമാത്രം തോന്നുന്ന അലിവിൻ്റെ നിരർഥകത ബോധ്യമായ ഞാൻ പുസ്‌തകം അടച്ചു. ചോക്ലേറ്റ് പുറത്തേക്കെടുത്ത് അവനെ അരികിൽ വിളിച്ചു ഒരു തുണ്ട് ഞാനെടുത്ത് ബാക്കി അവന് നൽകി. അവൻ അച്ഛനെ നോക്കിയെങ്കിലും ആ മുഖത്തും സമ്മതം. ചാവി വീണ്ടും കൊടുക്കപ്പെട്ട കളിപ്പാട്ടം പോലെ പൂർണ്ണതോതിൽ അവൻ ചലിച്ചു തുടങ്ങി. കമ്പാർട്ടുമെൻ്റ് വീണ്ടും ഉണർന്നു സ്റ്റേഷനിൽ ഇറങ്ങും മുമ്പ് അവൻ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു.
ക്ഷമയും സഹാനുഭൂതിയുമെല്ലാം അക്ഷരരൂപത്തിൽ തണുത്തുറഞ്ഞു കിടക്കാനുള്ളതല്ല, ജീവിതകാഴ്‌ചകളിലിങ്ങനെ വിടരുവാനുള്ളതാണെന്ന് ധ്യാനിച്ച് ഞാനിരുന്നു.