ക്ഷമിച്ചു എന്നൊരു വാക്ക്
Mail This Article
അര നൂറ്റാണ്ടിനു മുൻപ്, അടൂർ ഹൈസ്കൂളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ക്ലാസ് ടീച്ചർ തന്നെയാണ് മലയാളവും പഠിപ്പിച്ചിരുന്നത്. ടീച്ചർ ഒരു ദിവ്യാംഗന ആയിരുന്നു. എട്ടാം ക്ലാസുകാരൻ ആയിരുന്നെങ്കിലും എനിക്കോ സഹപാഠികൾക്കോ ഇന്നത്തെ പിള്ളേരെ പോലെ അറിവും ബോധവും ഒന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ ടീച്ചറോട് ദേഷ്യം തോന്നുമ്പോൾ മഹസ്യമായി എങ്കിലും അവരുടെ ഭിന്നശേഷി ഉദ്ദേശിച്ചു ഇരട്ടപ്പേര് വിളിക്കുമായിരുന്നു.
വർഷങ്ങൾ കടന്നു പോയി. പഠന ശേഷം ജോലി കിട്ടി തിരുവനന്തപുരത്തു വന്നു. അവധി ദിവസങ്ങളിൽ സുഹൃത്തുമൊത്ത് സിറ്റിയിൽ കറങ്ങി സിനിമയും കണ്ടു. ഓവർ ബ്രിഡ്‌ജിനടുത്തുള്ള ഗുജറാത്തി ഹോട്ടലിൽ നിന്ന് പൂരിയും മറ്റും കഴിച്ചു ലോഡ്ജിൽ എത്തും. അങ്ങനെ ഒരു ദിവസം എന്റെ ടീച്ചറെ വഴിയിൽ കണ്ടു. ടീച്ചറെ വിഷ് ചെയ്തു. ഞാൻ സ്വയം പരിചയപ്പെടുത്തി. ടീച്ചർ പെൻഷൻ ആയി തിരുവനന്തപുരത്ത് താമസിക്കുന്നു. അവരുടെ താമസ സ്ഥലത്തേയ്ക്ക് എന്നെ കൊണ്ടുപോയി.
ഒരു ചെറു ചായ സൽക്കാരത്തിനിടയ്ക്ക് മുൻപ് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാനും കൂട്ടുകാരും ടീച്ചർ കേൾക്കാതെ ടീച്ചറെ ഇരട്ട പേര് വിളിച്ചിരുന്ന കാര്യം ഞാൻ പറഞ്ഞു ക്ഷമ ചോദിച്ചു. ടീച്ചർ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റെയടുത്ത് വന്നിരുന്നു. എന്നിട്ട് "അതൊക്കെ എനിക്കറിയാമായിരുന്നു. പിള്ളേര് കളി, അപ്പോഴേ ഞാനത് കളഞ്ഞില്ലേ എന്ന് പറഞ്ഞു എന്റെ കൈ തലോടി. സന്തോഷം കൊണ്ട് എന്റെ മനസ് വിങ്ങിപ്പോയ നിമിഷങ്ങൾ. മറക്കില്ലൊരിക്കലും.