ADVERTISEMENT

ഇത് കണ്ണൂർ ജില്ലയിൽ കരുവൻച്ചാൽ വാസക്കാലത്തെ ഒരു സംഭവമാണ്. പത്ത് മുപ്പത്തഞ്ച് വർഷം മുമ്പ് - ഒരു ജനുവരി മാസം - ഞങ്ങൾ സുഹൃത്തുക്കൾ എല്ലാ ദിവസവും പളളിപ്പറമ്പിൽ ഒത്തുകൂടാറുണ്ടായിരുന്നു. പള്ളീലച്ചൻ അന്നവിടെ താമസമില്ല. പൂത്തരിപ്പെരുന്നാളിന്റെ തലേ ദിവസം. കാർഷിക വിഭവങ്ങളൊക്കെ കമ്മിറ്റിക്കാർ കൊണ്ടുവന്നത് ധാരാളം അവിടെയുമിവിടെയുമായി ഇരിപ്പുണ്ട്.

അതിനിടയിൽ ഒരു സുഹൃത്ത് പൊതിച്ച ഒരു തേങ്ങ തുളച്ച് തേങ്ങാവെള്ളം കുടിക്കാൻ തുടങ്ങി. കൂട്ടത്തിൽ അവൻ എന്റെ ദേഹത്തേക്ക് തേങ്ങ വെള്ളം കുടഞ്ഞൊഴിച്ചു. എനിക്ക് ദേഷ്യം വന്നു. ഒഴിക്കരുത് എന്ന് പറഞ്ഞു. അവൻ വീണ്ടും ഒഴിച്ചു. ആവർത്തിച്ചു പറഞ്ഞിട്ടും ദേഹത്തേക്ക് തേങ്ങ വെള്ളം വീണ്ടും വീണ്ടും ഒഴിച്ചു. തണുപ്പുകാലം, പോരാത്തതിന് രാത്രിയും. പെട്ടെന്ന് ദേഷ്യത്തിൽ ഞാൻ ചെറിയ ഒരടി കൊടുത്തു.

ഞാൻ തിരിഞ്ഞ് പോരാൻ തുടങ്ങുമ്പോൾ പെട്ടെന്ന് അവൻ കയ്യിലുള്ള തേങ്ങ ഒറ്റയേറ്. തേങ്ങ എന്റെ നട്ടെല്ലിൽ കൊണ്ട് രണ്ടായി മുറിഞ്ഞു. വാക്കത്തി കൊണ്ട് വെട്ടിയ പോലെ. വേദന കൊണ്ട് പുളഞ്ഞ് ഞാനവിടെയിരുന്നു.

അങ്ങനെ ഒരു വിധത്തിൽ വീട്ടിലെത്തി. ബാത്ത് റൂമിൽ കയറി കുഴമ്പിട്ട് തിരുമ്മി. വീട്ടിൽ പറയാൻ പറ്റുമോ? കുറെ ദിവസം നല്ല വേദനയായിരുന്നു. മനസ്സിൽ പലവിധ ചിന്തകൾ വന്ന് നിറഞ്ഞു. അവനോട് പ്രതികാരം ചെയ്യണോ? എന്തായാലും പിറ്റേ ദിവസം ടൗണിലെത്തി. നോക്കുമ്പോഴുണ്ട് എറിഞ്ഞ സുഹൃത്ത് അതാ നിൽക്കുന്നു. അവൻറെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് എൻറെ കൈകൾ നീണ്ടു. അവൻ റെ കൈ പിടിച്ചു കുലുക്കി. പുഞ്ചിരിച്ചു.

അവനാകട്ടെ അവിശ്വസനീമായതെന്തോ നടന്ന മട്ടിൽ എന്നെ നോക്കി. പിന്നീട് അവൻ പറഞ്ഞത് - നീ എന്നെ എന്തെങ്കിലും ചെയ്യുമെന്നാണ് ഞാൻ കരുതിയത്. അതു കൊണ്ട് ഒരു മുൻകരുതലായി ഞാൻ ഒരു പിച്ചാത്തി കരുതിയിരുന്നു. നോക്കണേ - കാര്യങ്ങൾ എങ്ങനെ മാറിമറിയുമായിരുന്നു എന്ന്. ഏതായാലും ക്ഷമിക്കാൻ ദൈവം കൃപ തന്നു. ഇപ്പോൾ അവൻ എൻറെ ഏറ്റം അടുത്ത സുഹൃത്തും. അതെ, ചിലതൊക്കെ മറക്കാനും ക്ഷമിക്കാനും തയ്യാറാകുമ്പോൾ ജീവിതം കൂടുതൽ സുരഭിലമാകും എന്നുള്ളത് നിങ്ങൾക്കും അനുഭവവേദ്യമായിട്ടില്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com