‘ഭയാനകമാണ്; ഛർദ്ദി, കരച്ചിൽ, ചത്തുകളയാൻ തോന്നും’: ആർത്തവം പലർക്കും പലതാണ്, പൊതുവായി ഉത്തരം കാണരുത്
Mail This Article
ആർത്തവം എന്നത് എന്താണ്? പുരുഷന്മാരിൽനിന്നു സ്ത്രീകൾ വ്യത്യസ്തരാകുന്നതിൽ ഏറ്റവും പ്രാഥമികമായ കാരണമാണ് അതെന്നു പറയാം, പക്ഷേ അതത്ര മോശമായി കരുതപ്പെടേണ്ടതുമല്ല. ജൈവികതയുടെ ഭാഗമായി ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമായി കാണാൻ, പലപ്പോഴും ഇതിനെ ഉദാത്തവൽക്കരിച്ചരിച്ചതിനാൽ ഒരു തലമുറയ്ക്കും കഴിയുന്നില്ല എന്നതാണ് ആർത്തവം എന്ന സംഗതിയിലെ ഏറ്റവും ദുരന്തപൂർണമായ സത്യം. പഴയ തലമുറ ആർത്തവത്തെ ഉദാത്തവൽക്കരിച്ചത് മറ്റൊരു വിധത്തിലായിരുന്നു. തലമുറകളെ വാർത്തെടുക്കാൻ സ്ത്രീകൾക്ക് പ്രകൃതി നൽകിയിരിക്കുന്ന ശാരീരികാവസ്ഥയായി അവർ ഇതിനെ കണ്ടു. അമ്മയാവുക എന്നത് സ്ത്രീത്വത്തിന്റെ പൂർണതയായി കാണുന്നതുകൊണ്ടു തന്നെ, ആർത്തവമാവുക എന്നത് ആഘോഷിക്കുകയും മഹത്വവത്കരിക്കുകയും ചെയ്തു. അതേസമയം തന്നെ, ആർത്തവത്തിലുള്ള സ്ത്രീകളെ മാറ്റിയിരുത്തുന്ന രീതി വളരെ ക്രൂരവും മനുഷ്യത്വമില്ലാത്തതുമായ വിവേചനത്തിനു കാരണമാവുകയും ചെയ്തു. ആർത്തവത്തിലുള്ള സ്ത്രീകൾ മറ്റു മനുഷ്യരെ മാത്രമല്ല, വീട്ടിനുള്ളിലെ ഒന്നും സ്പർശിക്കാൻ പാടില്ല എന്ന രീതിയിൽ അയിത്തം കൽപിക്കുന്ന കുടുംബങ്ങൾ ഇപ്പോഴുമുണ്ട് എന്നത് യാഥാർഥ്യമാണ്.
പഴമയുടെ ഈ അയിത്ത രീതികൾക്കെതിരെ മാറ്റങ്ങളുയർത്തിക്കൊണ്ടു പുതിയൊരു തലമുറ സംസാരിച്ചു തുടങ്ങിയപ്പോഴും, ആർത്തവം വെറുമൊരു ജൈവികത മാത്രമാണ് എന്ന ആശയമല്ല ഉയർത്തിയത്. അതേ ഉദാത്തത നിലനിർത്തിക്കൊണ്ടുതന്നെ, അതിനെ വലിയ സംഭവമാക്കി ഉയർത്തിക്കാട്ടുകയാണ് ചെയ്തത്. ‘ആ ഏഴു ദിവസങ്ങൾ’ എന്ന പേരിൽ വളരെ വലിയ വിപ്ലവം തന്നെ ഉയരുകയുമുണ്ടായി. കവിതകളും കഥകളുമുണ്ടായി. ഇപ്പോൾ വീണ്ടും കാറ്റ് മാറി വീശിത്തുടങ്ങിയിരിക്കുന്നു. രക്തം കുതിർന്ന നാപ്കിനുകൾ പരസ്യമായി ഇടുന്നതും അതിനെക്കുറിച്ചുള്ള കവിതകളും കാമുകന്മാർക്ക് അയയ്ക്കുന്നതുമെല്ലാം ഇപ്പോൾ ട്രോൾ ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആർത്തവം എന്നത് വളരെ സ്വാഭാവികമായ ഒരു ജൈവിക അവസ്ഥ മാത്രമാണ് എന്ന യാഥാർഥ്യത്തിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നു.
ഇപ്പോൾത്തന്നെയാണ് ആർത്തവ അവധികളും ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീകൾക്ക് ആർത്തവ അവധിയുടെ ആവശ്യമുണ്ടോ? പാർലമെന്റിൽ മന്ത്രി സ്മൃതി ഇറാനി തന്നെ അത്തരമൊരു പ്രസ്താവന നടത്തുകയുണ്ടായി. സ്ത്രീകളിലെ ആർത്തവം ഒരു തരത്തിലും പെട്ട വൈകല്യം അല്ലെന്നും അതൊരു അവസ്ഥയാണെന്നും പെയ്ഡ് ആയ അവധി അവർക്കു നൽകേണ്ട ആവശ്യമില്ലെന്നുമാണ് സ്മൃതി ഉയർത്തിക്കാട്ടിയ ആശയം. ഒരുപാടു നാളൊന്നും ആയില്ല, കേരളത്തിൽത്തന്നെ പലയിടങ്ങളിലും, യുണിവേഴ്സിറ്റികളിലും കോളജുകളിലും, ആർത്തവ അവധി അനുവദിച്ചത്. അപ്പോഴും ചർച്ചകൾ രണ്ടു രീതിയിലും ഉയർന്നിരുന്നു. ജൈവിക അവസ്ഥ ആയതിനാൽ സ്ത്രീകൾക്ക് ഇതിൽ അവധി ആവശ്യമുണ്ടോ എന്ന ചോദ്യമുയർത്തുമ്പോൾത്തന്നെ, സ്ത്രീകളുടെ വ്യത്യസ്തങ്ങളായ ശാരീരിക അവസ്ഥകളെക്കുറിച്ചു പറയാതെ വയ്യ.
ഓരോ സ്ത്രീയും ഓരോ തരത്തിൽ ശാരീരിക, മാനസികമായും സവിശേഷതകൾ പേറുന്നവരാണ്. എല്ലാ സ്ത്രീകളെയും ഒരേ പോലെ കാണാനും മനസ്സിലാക്കാനും ശ്രമിക്കരുത് എന്നു സാരം. എല്ലാ സ്ത്രീകളും ആർത്തവം അനുഭവിക്കുന്നതും ഒരുപോലെയല്ല. ആർത്തവ അവധി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ ഒരു പൊതു മറുപടി സാധ്യവുമല്ല.
‘‘പീരീഡ്സ് എനിക്ക് ഒരു ഭയാനകമായ ഓർമയാണ്. എല്ലാ മാസവും പേടിച്ചാണിരിക്കുന്നത്. ഛർദ്ദി, മേലുവേദന, വയറു വേദന, മൂഡ് സ്വിങ്... ചത്തു കളയാൻ തോന്നും.’’
‘‘പീരീഡ്‌സിന് ഒരാഴ്ച മുൻപ് തുടങ്ങും, കഴിയുന്നതു വരെ പ്രശ്നങ്ങളാ.’’
‘‘എനിക്ക് പീരീഡ്സ് കഴിഞ്ഞാണ് മൂഡ് സ്വിങ് വരുന്നത്. ഒരാഴ്ചയോളം കഴിഞ്ഞാലേ ഒന്നു നോർമലാകൂ.’’
‘‘പീരീഡ്സ് ആയാൽ ഇപ്പോഴും സങ്കടമാണ്. കരച്ചിൽ വരും. ഇപ്പോഴും ക്ഷീണം, ഒന്നിനും കൊള്ളില്ലെന്ന തോന്നൽ.’’
ഇങ്ങനെ ഇങ്ങനെ എത്രയെത്ര ആർത്തവ അവസ്ഥകളാണ് ഓരോ സ്ത്രീയും അനുഭവിച്ചു കൊണ്ടിരിക്കുന്നത്! ഒന്നും ഒരുപോലെയല്ല. ഓരോ പ്രായത്തിലും ഓരോരുത്തരും അനുഭവിക്കുന്നത് പല പല അവസ്ഥകളാണ്. അതുകൊണ്ടുതന്നെ, ആവശ്യമുള്ളവർ അവധി എടുക്കട്ടെ എന്നതു തന്നെയാണ് ഇതിനുള്ള ഉത്തരം.
ഒരു ജോലി ചെയ്യണമെങ്കിൽ, പ്രൊഡക്ടീവ് ആവണമെങ്കിൽ, പഠിക്കണമെങ്കിൽ എല്ലാത്തിനും ശരീരവും മനസ്സും ഒരേ താളത്തോടെ ഒന്നിച്ചു ചേരേണ്ടതുണ്ട്. ശാരീരികമായ വയ്യായ്ക മനസ്സിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ, ജോലി ചെയ്യുന്നവരിൽനിന്ന് പ്രൊഡക്ടീവ് ആയ ഒരു സാധ്യതയാണ് ആവശ്യമെങ്കിൽ ഉറപ്പായും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ജോലി ചെയ്യിപ്പിക്കുന്നവർ ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാൽ എല്ലാവർക്കും അതു ബാധകമല്ല താനും. അതുകൊണ്ടു പരിപൂർണമായ ഒരു അടിച്ചേൽപ്പിക്കൽ ഉത്തരം ഇതിൽ പ്രാവർത്തികമല്ല. ഉറപ്പായും ആർത്തവം എന്നത് ഒരു വൈകല്യമോ ഉദാത്തതയോ ഒന്നുമല്ല. വെറുമൊരു ശാരീരിക പ്രതിഭാസം മാത്രമാണ്. ഒരു സ്ത്രീയെയും ഇത് പൂർണരാക്കുന്നതുമില്ല. പക്ഷേ പ്രൊഡക്ടിവിറ്റി എന്ന, ഉപഭോക്തൃ സംസ്കാരത്തിലെ പ്രധാന വിഷയത്തിന്, ആവശ്യമുള്ളവർക്ക് ആർത്തവ അവധി നൽകുന്നതിൽ തെറ്റില്ല. അതൊരു പെയ്ഡ് അവധി ആകുന്നതിൽ ശരികേടുമില്ല. പൂർണ ആരോഗ്യത്തോടെ മാനസികമായും ശാരീരികമായുമുള്ള ഊർജത്തോടെ സ്ത്രീകൾക്ക് പണിയിടങ്ങളിൽ സ്വയം പ്രതിഫലിപ്പിക്കാൻ അതൊരു കാരണമാകുമെങ്കിൽ നല്ലത് തന്നെ.
(ലേഖികയുടെ അഭിപ്രായം വ്യക്തിപരം)