മരിച്ച ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന് ഭാര്യ, 62കാരിക്ക് അനുമതി നല്കി കോടതി ഉത്തരവ്
Mail This Article
മരിച്ചുപോയ ഭർത്താവിൽ നിന്ന് ബീജം സ്വീകരിക്കാൻ 62 കാരിയായ ഭാര്യക്ക് അനുമതി നൽകി കോടതി വിധി. ഓസ്ട്രേലിയൻ സുപ്രീംകോടതിയാണ് ഡിസംബറില്‍ മരണപ്പെട്ട ഭർത്താവിന്റെ ബീജം സ്വീകരിക്കാനായി യുവതിക്ക് അനുമതി നൽകിയത്. ഭർത്താവിന്റെ മരണശേഷം ഭാര്യ തന്നെയാണ് കോടതിയെ സമീപിച്ചത്.
മരണശേഷം സർ ചാൾസ് ഗെയ്‌ർഡ്‌നർ ഹോസ്പിറ്റലിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചത്. ഭർത്താവിന്റെ ശരീരത്തിൽ നിന്ന് ബീജം ശേഖരിക്കാൻ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറാകാതിരുന്നതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്. ഉത്തരവ് വരുന്നതു വരെ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
രണ്ടു കുട്ടികളുണ്ടായിരുന്ന ദമ്പതികൾക്ക് വിവിധ അപകടങ്ങളിലായി രണ്ടുപേരെയും നഷ്ടപ്പെട്ടിരുന്നു. കുട്ടികളുടെ മരണശേഷം മറ്റൊരു കുഞ്ഞിനായി ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ ഭാര്യയുടെ പ്രായം കാരണം ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ ഉപദേശിച്ചു. ഭർത്താവിന് യാതൊരു പ്രശ്നമില്ലെന്നും ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ വാടക ഗർഭധാരണത്തിന് വേണ്ടി ശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിലവിൽ മരണാനന്തര ബീജ ശേഖരണം അനുവദനീയമല്ല. മരണശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രത്യുൽപാദന കോശങ്ങൾ ശേഖരിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ബീജം ശേഖരിച്ച് സൂക്ഷിക്കാമെന്ന് ഉത്തരവ് വന്നെങ്കിലും ഇത് പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് പ്രത്യേക കോടതി ഉത്തരവ് ആവശ്യമാണ്.