മുംബൈയിൽ മാത്രമല്ല ലണ്ടനിലുമുണ്ട് ഡബ്ബാവാല; വീട്ടമ്മയുടെ പ്ലാസ്റ്റിക് രഹിത ഫുഡ് ഡെലിവറി സൂപ്പർ ഹിറ്റ്!
Mail This Article
മുബൈയിലെ ഡബ്ബാവാലകൾ ലോകപ്രശസ്തമാണ്. 1890 മുതൽ, വെള്ള വസ്ത്രവും പരമ്പരാഗത ഗാന്ധി തൊപ്പിയും ധരിച്ച, 5000 ഡബ്ബാവാലകളുള്ള ഈ മുംബൈ സൈന്യം 200,000 ലധികം വരുന്ന മുംബൈക്കാരെ വിശന്നിരിക്കാതെ കൃത്യ സമയത്ത് ഭക്ഷണം കഴിപ്പിക്കുന്നു. 100 വർഷങ്ങൾ പിന്നിട്ട ഡബ്ബാവാല പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, അങ്ങ് ലണ്ടനിലും അൻഷു അബൂജ എന്ന വനിത ഡബ്ബാവാല ബിനിനസ് ആരംഭിച്ചു. ലണ്ടനിലെ താമസക്കാർക്ക് ഡബ്ബകളിൽ (ടിഫിനുകൾ) വീട്ടിൽ പാകം ചെയ്ത ഇന്ത്യൻ, ദക്ഷിണേഷ്യൻ ഭക്ഷണം നൽകുന്ന ഒരു പരിസ്ഥിതി സൗഹൃദ ഡെലിവറി ബിസിനസ്സാണ് ഇവരുടെ സംരംഭം. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി സ്റ്റീൽ പാത്രങ്ങൾ മാത്രം ഉപയോഗിച്ചാണ് ഭക്ഷണം നല്‍കുന്നത്. അതും നമ്മുടെ നാട്ടിലെ തട്ടുതട്ടായുള്ള അതേ ടിഫിൻപാത്രം തന്നെ!
മുംബൈയിൽ വളർന്ന അൻഷു അഹൂജയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു ഭക്ഷണം. ഒരു റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചാൽ തിരികെ വീട്ടിലെത്തി അതുപോലെ പാചകം ചെയ്തുനോക്കാൻ ഏറെ ഇഷ്ടമായിരുന്നു അൻഷുവിന്. ലണ്ടനിലേയ്ക്ക് ജീവിതം പറിച്ചുനട്ടപ്പോഴും ആ അഭിനിവേശം കൈവിടാൻ ഈ വീട്ടമ്മ തയാറായില്ല. പക്ഷേ അപ്പോഴെല്ലാം അൻഷുവിനെ അലട്ടിയിരുന്ന വിഷമം പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ പ്ലാസ്റ്റിക് പാക്കിങ്ങുകളായിരുന്നു. മുൻകാലങ്ങളേക്കാൾ ഇന്ന് ആളുകൾ കൂടുതലും വീട്ടിലേക്ക് ഫുഡ് ഓർഡർ ചെയ്ത് കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഈ സാഹചര്യത്തിൽ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന് മാധ്യമപ്രവർത്തക കൂടിയായിരുന്ന അൻഷു ശ്രദ്ധിച്ചു. ഇതിനെങ്ങനൊരു പരിഹാരം കാണാനാകുമെന്ന ചിന്തയായിരുന്നു പിന്നീട് അൻഷുവിന്. ആ ആലോചനയാണ് നിന്നാണ് 2018-ൽ അയൽവാസിയായ റെനി വില്യംസിനൊപ്പം ‘ഡബ്ബ ഡ്രോപ്പ്’ എന്ന സംരംഭം ആരംഭിക്കുന്നതിലേക്ക് നയിച്ചത്.
അൻഷുവിന്റെ വീട്ടിൽ നിന്ന് തുടങ്ങിയ ആ ചെറിയ ബിനിസസ് ഒരു ചെറിയ ക്ലൗഡ് കിച്ചണിലേക്ക് മാറ്റി. വെറും വാക്കിലൂടെ വളർന്ന അവരുടെ സംരംഭം 2018 നവംബറിൽ 150 പേരിൽ നിന്ന് ഇപ്പോൾ 1500 ആയി ഉയർന്നിരിക്കുന്നു. പൂർണമായും പ്ലാസ്റ്റിക് രഹിതമായി പ്രവർത്തിക്കുന്ന ഇവരുടെ ‘ഡബ്ബാ ഡ്രോപ്പ്’ എന്ന സംരംഭം ഇന്ന് ലണ്ടൻകാരുടെ പ്രിയപ്പെട്ട ക്ലൗഡ് കിച്ചണുകളിൽ ഒന്നാണ്. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ, എത്രമാത്രം ഭക്ഷണം തയാറാക്കണമെന്നും പാചകം ചെയ്യണമെന്നും ഇരുവർക്കും കൃത്യമായി അറിയാം. രണ്ടു വീട്ടമ്മമാരും കൂടി സൈക്കിളുകളിലോ ഇ-ബൈക്കുകളിലോ മറ്റ് എമിഷൻ രഹിത വാഹനങ്ങളിലോ ആണ് ഈ ഡബ്ബകൾ ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത്.
ഇതുവരെ, തങ്ങളുടെ സംരംഭത്തിലൂടെ 2,03,370 പ്ലാസ്റ്റിക് പാത്രങ്ങൾ സംരക്ഷിക്കുകയും 2,500 കിലോ ഭക്ഷണം പാഴാക്കുന്നത് തടയുകയും ചെയ്തതായി അവർ അവകാശപ്പെടുന്നു. വീട്ടിൽ പാകം ചെയ്യുന്ന ഇന്ത്യൻ, ദക്ഷിണേഷ്യൻ വിഭവങ്ങളാണ് ഇവരുടെ മെനുവിൽ അധികവും. ആവശ്യക്കാരുടെ താൽപര്യമനുസരിച്ചുള്ള വിഭവങ്ങളും തയാറാക്കി നൽകാറുണ്ട്.