പെരുമാറ്റം കുട്ടികളെ പോലെ, 3 മണിക്കൂർ, കാൻഡിഡ് ചിത്രങ്ങൾ; ആ സന്തോഷച്ചിരി ചിത്രത്തിനു പിന്നിൽ
Mail This Article
നിറവയറുമായി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന വയനാട് ആദിവാസി ഊരിലെ ശരണ്യയുടെ ചിത്രം മലയാളിയുടെ മനംകവർന്നു. കുങ്കുമവും ചുവപ്പും ഫ്രോക്കുകളണിഞ്ഞ് മുടിയിൽ പൂവുചൂടി കാടിന്റെ പച്ചപ്പിൽ ശരണ്യ ചിരിച്ചു നിൽക്കുന്നതായിരുന്നു ചിത്രം. മാനന്തവാടി സ്വദേശി ആതിര ജോയി എന്ന ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് മുട്ടിൽ പഴശ്ശി പണിയ കോളനിയിൽ നിന്ന് ശരണ്യയുടെ ഹൃദ്യമായ ചിത്രം പകർത്തിയത്. ചിത്രങ്ങൾ പകർത്തിയതിൽ സംതൃപ്തിയുണ്ടെന്ന് ആതിര പറയുന്നു. കേരളം ഏറ്റെടുത്ത ചിത്രങ്ങള്‍ പിറന്നതിനെ കുറിച്ച് മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ഫൊട്ടോഗ്രാഫർ ആതിര ജോയി.
ഫൊട്ടോഗ്രഫിയോടുള്ള അഭിനിവേശം ശരണ്യയിലെത്തിച്ചു
രണ്ടുവർഷത്തോളമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ഇത്തരത്തിൽ പാഷനേറ്റായുള്ള ഒരു കാര്യവും ചെയ്തിരുന്നില്ല. ബ്രേക്കിനു ശേഷം തിരിച്ചു വരുമ്പോൾ തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്തുകൊണ്ടായിരിക്കണമെന്ന ചിന്തയുണ്ടായിരുന്നു. അങ്ങനെയാണ് ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന ആരെയെങ്കിലും വച്ച് ചെയ്യാമെന്നു കരുതുന്നത്. പ്രിവെഡ്ഡിങ് പോസ്റ്റ്, വെഡ്ഡിങ്, മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളെല്ലാം നടത്തുന്നത് കാശുകാരും മിഡിൽ ക്ലാസിലുള്ളവരുമാണ്. ഈ വിഭാഗത്തിൽപ്പെട്ടവർ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളൊന്നും ചെയ്യാറില്ല. ചിലപ്പോൾ അവർക്ക് ആഗ്രഹമില്ലാത്തതു കൊണ്ടല്ല. പണം ഇല്ലാത്തതു കൊണ്ടായിരിക്കും. എന്തുകൊണ്ട് അങ്ങനെ ആഗ്രഹമുണ്ടായിട്ടും സാധിക്കാതെ പോയവർക്ക് ഒരുദിവസമെങ്കിലും ഇത്തരത്തിൽ ഒരു സന്തോഷം നൽകിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെയാണ് ആദിവാസി ഊരിൽ എത്തുന്നത്.
ഗോത്രവർഗ വിഭാഗത്തിൽ നിന്ന് നഴ്സുമാരും എൻജിനീയർമാറും എയർഹോസ്റ്റസുമാരും എല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ അതെല്ലാം വളരെ വിരളമാണ്. ഇവർ സാധാരണയാളുകളുമായി ഇടപഴകി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും പലർക്കും വീട് വച്ചു നൽകാമെന്നു പറഞ്ഞാൽ അവർക്ക് വീട് വേണ്ട. കാട്ടിൽ ജീവിക്കുന്നതാണ് അവർക്കിഷ്ടം. സാധാരണ ആളുകളിലേക്ക് ഇറങ്ങി വന്ന് ജീവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഫോട്ടോഷൂട്ട് നടത്തുന്ന കാര്യം ഇവരെ പറഞ്ഞുമനസ്സിലാക്കുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു. ആദിവാസി കോളനിയിൽ പോകണമെങ്കിൽ അവിടെയുള്ള പ്രൊമോട്ടറുടെ അനുവാദം ലഭിക്കണം. സഹോദരിയോട് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ ആളാണ് ഇങ്ങനെ ഒരു ദമ്പതികളെ കണ്ടെത്തി തന്നത്. ട്രൈബൽ പ്രൊമോട്ടര്‍മാർ വഴി രണ്ടുമൂന്ന് ദമ്പതികളെ കാണിച്ചു തന്നു. അതിൽ നിന്ന് എന്റെ മനസ്സിൽ ഞാൻ സങ്കല്‍പിച്ച രീതിയിലുള്ളത് ഇവരായിരുന്നു.
മൂന്നു മണിക്കൂറിനുള്ളിൽ പിറന്ന കാൻഡിഡ് ചിത്രങ്ങള്‍
ഇരുപത്തിയൊന്നു വയസാണ് ശരണ്യയുടെ പ്രായം. ചെറിയ കുട്ടിയാണ്. ഞാൻ പലപ്പോഴായി എടുത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളെല്ലാം ശരണ്യയെ കാണിച്ചു. നമ്മൾ ചെറിയ കുട്ടികളോട് പറയുന്ന പോലെയാണ് പറഞ്ഞത്. മോളെ, ചേച്ചി ഇങ്ങനെ ഭംഗിയുള്ള ഉടുപ്പൊക്കെയിട്ട് സുന്ദരിയാക്കി ഫോട്ടോ എടുത്തു തരാം. നമുക്ക് ചെയ്താലോ എന്നൊക്കെ ചോദിച്ചു. ശരണ്യയുടെ ഭർത്താവിനും പ്രായം കുറവാണ്. കൂലിപ്പണിക്കൊക്കെ പോകുന്ന ആളായതിനാൽ കുറച്ചുകൂടി ആളുകളുമായി സംസാരിക്കും. അവനും ഓകെ പറഞ്ഞപ്പോൾ കൽപ്പറ്റ ട്രൈബൽ ഓഫിസിൽ പോയി അപേക്ഷ കൊടുത്തു.
മൂന്നു മണിക്കൂർ സമയമാണ് ഈ ഫോട്ടോഷൂട്ടിന് ട്രൈബൽ വകുപ്പ് അനുവദിച്ചത്. കോളനിയിലെത്തി മേക്കപ്പ് ചെയ്ത് മൂന്നു മണിക്കൂറിനകം ഷൂട്ട് കഴിഞ്ഞ് ഇറങ്ങണം. അത് അൽപം ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആ പെണ്‍കുട്ടി ഇങ്ങനെയൊരു കാര്യമൊക്കെ കാണുന്നത്. ഫെയ്സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ എന്താണെന്നു പോലും അവൾക്കറിയില്ല. അപ്പോഴൊന്നും മുഖത്തു നോക്കുകയോ ചിരിക്കുകയോ ശരണ്യ ചെയ്തിരുന്നില്ല. താഴേക്കു നോക്കി മാത്രമേ നിൽക്കുകയുള്ളൂ. ആളുകളെ അഭിമുഖീകരിക്കില്ല. ഞങ്ങൾ നാലഞ്ചുപേർ വട്ടത്തിൽ നിന്ന് പുള്ളിക്കാരിയുടെ അടുത്ത് കോമഡി പറയും. അപ്പോൾ ചിരിക്കുമ്പോഴാണ് ഫോട്ടോ എടുത്തത്. ശരണ്യ ചിരിക്കുന്ന ചിത്രങ്ങളെല്ലാം ക്യാൻഡിഡാണ്. അതെല്ലാം ശരണ്യയുടെ ഉള്ളിൽ നിന്നു വരുന്ന ചിരിയാണ്. പോസ് ചെയ്ത് ചിരിച്ചതല്ല.
ശരണ്യയെ വെളുപ്പിച്ചില്ല, ഉപയോഗിച്ചത് രണ്ട് കോസ്റ്റ്യൂമാത്രം
സീവ മെറ്റേണിറ്റി വെയറായിരുന്നു കോസ്റ്റ്യൂം. രണ്ട് കോസ്റ്റ്യൂം മാത്രമാണ് ഉപയോഗിച്ചത്. കോഴിക്കോടുള്ള രാഖിലയാണ് മേക്കപ്പ് ചെയ്തത്. വെളുപ്പിക്കേണ്ടതില്ലെന്നും ഇപ്പോഴുള്ള സ്കിൻ ടോണിനെ ഗ്ലോ ചെയ്താൽ മാത്രം മതി എന്ന് ഞങ്ങൾ തീരുമാനിച്ചു. സ്കിൻ ടോൺ അൽപം പോലും മാറ്റാതെ വളരെ ഭംഗിയായാണ് രാഖി അത് ചെയ്തത്.