ആരെയും വശീകരിക്കുന്ന കണ്ണുകൾ, ചുവന്നു തുടുത്ത ചുണ്ട്, സ്റ്റൈലിന്റെ നിറമായി പിങ്ക്; 2023ലെ മേക്കപ്പ് ട്രെൻഡുകൾ
Mail This Article
സൗന്ദര്യലോകത്തെ ട്രെൻഡുകൾ പ്രവചനാതീതമാണ്. പഴയ സ്റ്റൈൽ എന്ന് കരുതി വിട്ടു കളയുന്ന പലതും പെട്ടെന്നൊരു ദിവസം ഏറ്റവും പുതിയ ട്രെൻഡുകളിൽ മുൻനിരയിൽ കണ്ടെന്ന് വരാം. ചില ട്രെൻഡുകൾ ദീർഘകാലത്തേക്ക് ലോകമെമ്പാടും പിന്തുടരുമെങ്കിൽ ചിലത് വളരെ പെട്ടെന്ന് മടുത്തു തുടങ്ങും. 2023 ഉം മേക്കപ്പ് ട്രെൻഡുകളുടെ കാര്യത്തിൽ പിന്നിലായിരുന്നില്ല. ഈ വർഷം ഏറ്റവും ശ്രദ്ധ ആകർഷിച്ച ചില മേക്കപ്പ് ട്രെൻഡുകൾ ഏതെല്ലാമാണെന്ന് നോക്കാം.
സൈറൻ ഐ
ഗ്രീക്ക് പുരാണങ്ങളിൽ നാവികരെ വശീകരിക്കുന്ന, ചിറകുള്ള സുന്ദരികളാണ് സൈറനുകൾ. അതുപോലെ ആരെയും ആകർഷിക്കുന്ന തരത്തിൽ കണ്ണുകളുടെ അഴക് എടുത്തറിയിക്കുന്ന സൈറൻ ഐ ലുക്ക് 2023 ലെ മേക്കപ്പ് ട്രെൻഡിൽ ഏറ്റവും മുന്നിൽ തന്നെയുണ്ട്. എല്ലാ ആകൃതിയിലുമുള്ള കണ്ണുകൾക്കു ചേരും എന്നതാണ് സൈറൻ ഐ സ്റ്റൈലിന്റെ പ്രത്യേകത. കണ്ണിന്റെ പുറത്തെ കോണിന് മുകൾ ഭാഗത്ത് ഐ ഷാഡോ അൽപം ഇരുണ്ടതാക്കി ഈ ലുക്ക് എളുപ്പത്തിൽ നേടാം. നീണ്ട കണ്ണുള്ള ലുക്ക് ലഭിക്കാനും കൂടുതൽ ആകർഷണീയത തോന്നിപ്പിക്കാനും സൈറൻ ഐ സഹായിക്കും.
ബാർബി കോർ
ഒരു സിനിമ ഫാഷൻ ലോകത്തെ മുഴുവൻ മാറ്റിമറിച്ച കാഴ്ചയും 2023 ലുണ്ടായി. വസ്ത്രത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ലുക്കിൽ പോലും ബാർബി എന്ന സിനിമയും പിങ്ക് നിറവും സ്റ്റൈലിന്റെ ഭാഗമായി. അതുതന്നെയാണ് ബാർബി കോർ എന്ന സ്റ്റൈലിനു പിന്നിലും. പിങ്കിന്റെ വിവിധ ഷേഡുകളിൽ വസ്ത്രവും നെയിൽ പോളിഷും ആക്സസറീസും അണിഞ്ഞ് ബാർബി ലുക്ക് വരുത്തുന്നതാണ് ഈ ട്രെൻഡ്. ബാർബി എന്ന ചിത്രത്തിലെ മാര്‍ഗറ്റ് റോബിയുടെ ലുക്കാണ് ഈ ട്രെൻഡിന് ആധാരം. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്, നെയിൽ പോളിഷ് എന്നിവയെല്ലാം ഈ സ്റ്റൈലിൽ പെടും. ഫാഷൻ ഷോകളിലും മ്യൂസിക് ഷോകളിലും ഫോട്ടോഷൂട്ടിലുമൊക്കെ സെലിബ്രിറ്റികളും ബാർബികോർ പിന്തുടർന്നതോടെ ഈ ട്രെൻഡ് ആഗോളതവത്തിൽത്തന്നെ ശ്രദ്ധ നേടി.
ചെറി ലിപ്സ്
ചെറി പോലെ തുടുത്ത ചുണ്ടുകൾ നിങ്ങളെ ഏതാൾക്കൂട്ടത്തിലും വേറിട്ടു നിർത്തും. ചുണ്ടുകളുടെ മധ്യഭാഗം അൽപം തുടുത്തു നിൽക്കുന്നതുപോലെ തോന്നിപ്പിക്കുന്ന പ്രതീതിയാണ് ചെറി ലിപ്. ചുണ്ടുകൾക്ക് ഈ ആകൃതി നൽകാൻ ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. മറ്റു ട്രീറ്റ്മെന്റുകളെ അപേക്ഷിച്ച് സ്വാഭാവികമായി തോന്നുന്ന മാറ്റമാണ് ചെറി ലിപ് ട്രീറ്റ്മെന്റിന്റെ പ്രത്യേകത. യുവത്വം നിറഞ്ഞ ബോൾഡ് ലുക്ക് നൽകാൻ ചെറി ലിപ് സഹായിക്കും. 2023 ൽ ചെറി ലിപ്പിന് സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം ലഭിച്ചിരുന്നു.
ബ്ലഷ് ഡ്രേപ്പിങ്
മുഖത്തിന് കൂടുതൽ യുവത്വവും ഊർജസ്വലതയും തോന്നിപ്പിക്കാനും കവിൾത്തടങ്ങളെ ഹൈലൈറ്റ് ചെയ്യാനും ബ്ലഷ് സഹായിക്കും. മേക്കപ്പിൽ ഇത് പുതുമയുള്ള കാര്യവുമല്ല. എന്നാൽ 70 കളിൽനിന്നു കടമെടുത്ത ബ്ലഷ് ഡ്രേപ്പിങ് ആയിരുന്നു 2023 ലെ ട്രെൻഡ്. കവിളെല്ലുകൾ മുതൽ നെറ്റിയുടെ വശങ്ങൾ വരെ കൃത്യമായി എടുത്തറിയത്തക്കവിധം സി ആകൃതിയിൽ നിറം നൽകുന്നതാണ് ഈ രീതി. ഈ വർഷം വിവാഹ മേക്കപ്പുകളിൽ ബ്ലഷ് ഡ്രേപ്പിങ് ഏറെ പ്രചാരം നേടിയിരുന്നു.
വെറ്റ് ലുക്ക്
മുടിയിഴകളിൽ നനവു തോന്നിപ്പിക്കുന്നത് ഫാഷനായിട്ട് അധികകാലമായിട്ടില്ല. മേക്കപ്പിന്റെ കാര്യത്തിലും ഇതേ ലുക്കിന് ധാരാളം ആരാധകരുണ്ടായ വർഷമാണ് 2023. മാറ്റ് ഫിനിഷ് നൽകുന്ന ഉൽപന്നങ്ങളെ മാറ്റിനിർത്തി ത്വക്കിന് അൽപം ഈർപ്പമയമുള്ള ഫിനിഷ് നൽകുന്നതിനായി സെറം ഫൗണ്ടേഷനുകളും ലിക്വിഡ് ഹൈലൈറ്ററുകളുമാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ചർമം തിളക്കത്തോടെ നിലനിർത്താൻ ഇവ സഹായിക്കുന്നുമുണ്ട്.
നിയോൺ നിറങ്ങൾ
ബോൾഡ് നിറങ്ങൾ കൊണ്ട് എവിടെയും ശ്രദ്ധാകേന്ദ്രമാക്കുന്ന നിയോൺ ഐ ഷാഡോ മേക്കപ്പ് കിറ്റിൽ സ്ഥിരമായി ഇടംപിടിച്ച വർഷമായിരുന്നു ഇത്. ഐ ലൈനറിനൊപ്പം ഇളം പച്ചയും ഫ്ലൂറസെന്റ് പിങ്കും നീലയും ഒക്കെ ചേർന്ന ലുക്ക് കണ്ണുകളുടെ ആകർഷണീയത വർധിപ്പിക്കുമെന്നതിൽ സംശയമില്ല. കണ്ണുകളുടെ രണ്ടു വശങ്ങളിലെയും കോണുകളിൽ നേർത്ത വര പോലെ നിയോൺ ഐഷാഡോ ഉപയോഗിക്കുന്നവരും ഉണ്ട്. കണ്ണുകളിൽ മാത്രമല്ല നെയിൽ പോളിഷിലും ലിപ്സ്റ്റിക്കുകളിലും നിയോൺ നിറങ്ങൾക്ക് പ്രാധാന്യം ഏറി.
ബ്ലീച്ച് ചെയ്ത പുരികങ്ങൾ
പുരികക്കൊടികളുടെ കറുപ്പ് സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കപ്പെട്ടിരുന്ന കാലത്തിനു മാറ്റം വന്നു. എന്നു മാത്രമല്ല ബ്ലീച്ച് ചെയ്ത, നിറം മങ്ങിയ പുരികങ്ങൾക്ക് കഴിഞ്ഞവർഷം ആരാധകർ ഏറെ ആയിരുന്നു. ജൂലിയ ഫോക്സ്, ലേഡി ഗാഗ തുടങ്ങിയ ഹോളിവുഡ് താരങ്ങളും ബ്ലീച്ച് ചെയ്ത പുരികങ്ങൾ സ്റ്റൈലിന്റെ ഭാഗമാക്കിയതോടെ ലോകമെമ്പാടും ഇത് ട്രെൻഡിങ്ങായി. ഇതിനൊപ്പം തന്നെ പരമാവധി വീതി കുറച്ച നേർത്ത പുരികങ്ങളും 2023 ൽ ധാരാളം പേർ പരീക്ഷിച്ചു.
ഉയർന്ന സ്വാഭാവിക പുരികങ്ങൾ
പുരികങ്ങൾ പല ആകൃതിയിൽ ത്രെഡ് ചെയ്യുന്നത് പുതുമയല്ലെങ്കിലും സ്വാഭാവിക ആകൃതിക്ക് വലിയ മാറ്റം വരുത്താത്ത പുരികങ്ങൾ ഇപ്പോഴും സ്റ്റൈൽ ലിസ്റ്റിൽനിന്നു പുറത്തു പോയിട്ടില്ല. എങ്കിലും സ്വാഭാവികത നിലനിർത്തിക്കൊണ്ടുതന്നെ, അൽപം ഉയർന്നുനിൽക്കുന്ന ആകൃതിയിലേക്ക് പുരികം മാറ്റുന്നതാണ് മറ്റൊരു ട്രെൻഡ്. പുരികങ്ങളുടെ കനത്തിൽ കാര്യമായ മാറ്റം വരുത്തുന്നില്ല. എന്നാൽ കാഴ്ചയിൽ അൽപം കൂടി മൃദുത്വം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. സ്വാഭാവികത നിലനിർത്താൻ ഐ ബ്രോ ജെല്ലുകൾ, പെൻസിലുകൾ, പൗഡറുകൾ എന്നിവ ഉപയോഗിക്കാം.
എംബലിഷ്ഡ് മേക്കപ്പ്
മുഖത്ത് പുരട്ടുന്ന മേക്കപ്പ് ഉൽപന്നങ്ങൾക്കു പുറമേ കൺപോളകളിലും പുരികങ്ങളിലുമൊക്കെയായി ഒട്ടിച്ചു വയ്ക്കുന്ന തിളക്കമുള്ള അലങ്കാരങ്ങൾ സൗന്ദര്യ ലോകത്ത് കാലങ്ങളായി കണ്ടുവരുന്ന ഒന്നാണ്. ഈ ട്രെൻഡിന് 2023ലും മാറ്റം വന്നിരുന്നില്ല. റൈൻസ്റ്റോണുകളും രത്നക്കല്ലുകളും ഒക്കെ ഇത്തരത്തിൽ അലങ്കാരത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലളിതമായ മേക്കപ്പിനൊപ്പവും ചേർന്നുപോകും എന്നതാണ് ഇവയുടെ പ്രത്യേകത.
ഇൻവിസിബിൾ ഐലൈനർ
ലളിതമായ രീതിയിൽ മേക്കപ്പ് ചെയ്യാനും എന്നാൽ ലുക്കിൽ ഒട്ടും കുറവു വരാതിരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രത്യക്ഷത്തിൽ കാണാനാവാത്ത ഇൻവിസിബിൾ ഐ ലൈനർ ലുക്ക്. സമൂഹമാധ്യമങ്ങളിലെ ബ്യൂട്ടി ഹാക്കുകളിലൂടെയാണ് ഇത് ലോകമെമ്പാടും ശ്രദ്ധ നേടിയത്. കണ്ണെഴുത്തിൽ കറുത്ത ചാർക്കോൾ പെൻസിലിനും ലിക്വിഡ് ലൈനറിനും പകരം കൺസീലർ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. ഇരുണ്ട ലൈനറിന് പകരം ഒരു ലൈറ്റ് ഷേഡ് കൺസീലർ ഉപയോഗിച്ച് കൺപോളയിലെ നെഗറ്റീവ് സ്‌പെയ്‌സിന്റെ പ്രാധാന്യം എടുത്തറിയിക്കുകയാണ് ചെയ്യുന്നത്.
ലിപ് ഓയിൽ
ലിപ് ബാമുകൾക്കും ഗ്ലോസുകൾക്കും ഇടയിൽ നിൽക്കുന്നതാണ് ലിപ് ഓയിലുകൾ. ചുണ്ടിൽ പുരട്ടുന്ന, ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങളും ലിപ് കളറുകളും ഇഷ്ടപ്പെടാത്തവർക്ക് അനുയോജ്യമാണ് ഇതെന്ന് സൗന്ദര്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലളിതമായ രീതിയിൽ ചുണ്ടുകളുടെ ഭംഗി എടുത്തറിയിക്കാൻ ലിപ് ഓയിലുകൾ സഹായിക്കും. ന്യൂഡ് മേക്കപ്പ് ഇഷ്ടപ്പെടുന്നവർക്ക് ചുണ്ടുകൾ സ്വാഭാവിക നിറത്തിൽ മനോഹരമായി തോന്നിപ്പിക്കാനും അതേസമയം ചുണ്ടുകൾക്ക് പോഷണം നൽകാനും ലിപ് ഓയിലുകൾക്ക് കഴിവുണ്ട്.
ലിപ് ഗ്ലോസ് നെയിൽസ്
പേരു കേൾക്കുമ്പോൾ പരസ്പരവിരുദ്ധമായി തോന്നുമെങ്കിലും ധാരാളം ആളുകളെ ഈ വർഷം ആകർഷിച്ച ഒരു സൗന്ദര്യ ട്രെൻഡാണ് ഇത്. ലിപ് ഗ്ലോസ് പോലെ പേസ്റ്റൽ പിങ്ക് നിറങ്ങളിൽ നഖങ്ങൾക്ക് തിളക്കമുള്ള ടെക്സ്ചർ നൽകുകയാണ് ചെയ്യുന്നത്. നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നതിന് പകരം നഖങ്ങളുടെ സ്വാഭാവിക നിറത്തിൽനിന്നു വ്യത്യാസം തോന്നാതെ കൂടുതൽ ആരോഗ്യവും ഭംഗിയും തോന്നിപ്പിക്കാൻ ഇത് സഹായിക്കും. പൂർണമായും സുതാര്യമായ ഗ്ലോസാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നഖത്തിന്റെ അറ്റത്ത് അൽപം തിളക്കം നൽകി മനോഹരമാക്കാം. ഇത് താൽപര്യമില്ലാത്തവർക്ക് അർധസുതാര്യമായ ഫിനിഷും ലഭ്യമാണ്.