നീളം തോന്നിക്കും, വയറു കുറയ്ക്കും, വണ്ണം തോന്നിക്കില്ല; ജീൻസിലും വെറൈറ്റികൾ, അറിയാം ആ കഥ
Mail This Article
ജീൻസ് ധരിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. എന്നാൽ ഏതു ജീൻസ് വാങ്ങണമെന്നറിയാതെ കടയിൽ പോയി അന്ധാളിച്ചു നിന്നിട്ടുണ്ടോ? ജീൻസ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും രൂപത്തിലെയും ആകൃതിയിലെയും സവിശേഷത മൂലം ജീൻസുകൾ പലവിധമുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന സ്കിന്നി ഫിറ്റ്, പാച്ച് വർക്ക് ചെയ്ത ജീൻസ്, പഴയ ബെൽബോട്ടം പാന്റിനെ ഓർമിപ്പിക്കുന്ന ഫ്ലെയേർഡ് ജീൻസ് എന്നിങ്ങനെ 15 ലേറെ വ്യത്യസ്ത ടൈപ്പിലുള്ള ജീൻസുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ജീൻസിന്റെ നിറത്തിലും തുണിയിലുമൊക്കെ പുത്തൻ ട്രെൻഡുകൾ കാലാകാലങ്ങളായി വന്നു പോയിട്ടുണ്ടെങ്കിലും ജീൻസുകൾക്കിടയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ ഡെനിം ജീൻസുകൾ തന്നെയാണ്.
ഡിസൈൻ മനസ്സിലാക്കാൻ
ഡിസൈനിന് അനുസരിച്ചാണ് ജീൻസുകളുടെ പേരുകൾ മാറുന്നത്. കട്ട്, റൈസ് (rise) എന്നിങ്ങനെ ജീൻസിന് പ്രധാനമായി രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ജീൻസിൽ കട്ട് എന്നാൽ കാലിന്റെ ഷേപ്പിനെയാണ് സൂചിപ്പിക്കുന്നത്. അതായത് ഇറുകി കിടക്കുന്നത്, വിടർന്നത്, അയഞ്ഞത് എന്നിങ്ങനെ. റൈസ് എന്നത് ഹൈവേസ്റ്റ്, ലോവേസ്റ്റ്, മിഡ് വേസ്റ്റ് എന്നിങ്ങനെ അരക്കെട്ടിന്റെ ഭാഗമാണ്. അതായത് ജീൻസ് എവിടെ ഇടുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. ബെല്ലി ബട്ടന്റെ മുകളിൽ വയറിനോട് ചേർന്ന് ഇടുന്നതാണ് ഹൈ വേസ്റ്റ് ജീൻസുകൾ. ശരീരത്തിന് ഉയരം തോന്നിക്കാനും വയറു കുറവ് തോന്നാനും ഹൈ വേസ്റ്റ് ജീൻസുകൾ സഹായിക്കും. ടക്ക്-ഇൻ ചെയ്ത ടീ ഷർട്ടുകൾക്കൊപ്പവും ക്രോപ് ടോപ്പുകൾക്കൊപ്പവും ഇത് നന്നായി ഇണങ്ങും. അരക്കെട്ടിനും ഇടുപ്പിനും ഇടയിലായി ബെല്ലി ബട്ടനോട് ചേർന്ന് ഇടാവുന്നവയെ മിഡ് വേസ്റ്റ് ജീൻസെന്നും അരക്കെട്ടിനോട് ചേർത്ത് ഇടുന്നവയെ ലോവേസ്റ്റ് എന്നും വിളിക്കാം. ലോ വേസ്റ്റ് ജീൻസ് എന്നും ഫാഷൻ ലോകത്ത് സ്റ്റാറാണ്. ചില ജീൻസുകളെ പരിചയപ്പെട്ടാലോ?
സ്‌കിന്നി ഫിറ്റ്
തുട മുതൽ കണങ്കാൽ വരെ ഒട്ടി കിടക്കുന്നവയാണ് സ്‌കിന്നി ജീൻസ്. ഇറുകിയിരിക്കുന്നതിനാൽ ശരീരത്തിന്റെ ആകൃതി മനസ്സിലാക്കാൻ ഏറ്റവും നല്ലത് സ്‌കിന്നി ഫിറ്റ് ജീൻസുകളാണ്. കുർത്ത, ടീഷർട്ട്, ടോപ്പുകൾ എന്നിങ്ങനെ ഏതു തരം വസ്ത്രങ്ങൾക്കൊപ്പവും അനുയോജ്യമാണിവ. ഇടുന്നതിനും ഊരുന്നതിനുമുള്ള എളുപ്പത്തിന് സാധാരണയായി സ്‌ട്രെച്ച് ചെയ്യാൻ സാധിക്കുന്ന ഡെനിമുകളാണ് സ്‌കിന്നി ജീൻസുകൾക്കായി ഉപയോഗിക്കാറുള്ളത്. താരതമ്യേന ഇതിന് ഭാരവും കുറവായിരിക്കും.
നോർമൽ /റെഗുലർ /സ്‌ട്രെയിറ്റ് ലെഗ് ജീൻസ്
ജീൻസിന്റെ റൈസിലും കട്ടിലും ഒരുപോലെ ഒരേ വലുപ്പത്തിൽ വിടർന്ന് കിടക്കുന്നതാണ് സ്‌ട്രെയിറ്റ്-ലെഗ് മോഡലുകൾ. ഇവ ശരീരത്തിൽ ഒഴുകി കിടക്കുന്നതാണ്. പരമ്പരാഗതമായി കണ്ടുവരുന്ന ഈ ജീൻസ് കോളജിലും ഓഫിസിലും ഉപയോഗിക്കാൻ അനുയോജ്യമാണ്. ഹിപ്സ് വലുപ്പം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് ഇണങ്ങും.
ബോയ്ഫ്രണ്ട് ജീൻസ്
മുകൾ ഭാഗം അതായത് അരയുടെ ഭാഗം ടൈറ്റ് ആയും താഴേക്ക് ലൂസ് ആയും കിടക്കുന്ന ജീൻസുകൾ ആണിത്. ജീൻസ് അടിമുടി ലൂസ് ആണെങ്കിലും ഹിപ് അത്യാവശ്യം മുറുക്കം ഉണ്ടായിരിക്കും. ട്രെൻഡി ലുക്ക് നൽകുന്നതിനൊപ്പം സുഖകരമായി ധരിക്കാനും കഴിയും എന്നതാണ് പ്രത്യേകത. ശരീരത്തിന്റെ ഷേപ്പ് എടുത്തറിയില്ലാത്തതിനാൽ കൂൾ ആയി അണിയാം. യാത്ര ചെയ്യുമ്പോഴും കോളജിൽ പോകുമ്പോഴും ഉപയോഗിക്കാവുന്ന മികച്ച കാഷ്വൽ വെയർ ജീൻസ് ആണിത്. ഉയരം കൂടുതലുള്ളവർക്ക് ഇത് കൂടുതൽ നല്ലതാണ്.
മോംസ് ജീൻസ്
പ്രധാനമായും വയറുള്ളവർക്ക് കംഫർട്ടബിൾ ആയി ധരിക്കാൻ കഴിയും എന്നതാണ് മോംസ് ഫിറ്റ് ജീൻസിന്റെ പ്രത്യേകത. അതായത് വയറിന്റെ ഭാഗം ഒരിക്കലും ഇറുകിപ്പിടിച്ച് ഇരിക്കില്ല. ഒപ്പം താഴേക്കു കാലുകൾക്ക് നീളമുള്ളതായി തോന്നാനും ഒതുക്കം തോന്നാനും സഹായിക്കും. മൊത്തത്തിൽ സുഖകരമായി ധരിക്കാൻ കഴിയുമെന്നതിനൊപ്പം കാലുകൾക്ക് വണ്ണം കുറച്ച് ഒതുക്കം തോന്നുമെന്നതും ഈ ജീൻസിനെ എല്ലാ പ്രായക്കാർക്കും പ്രിയപ്പെട്ട ചോയ്സ് ആക്കിമാറ്റി. എല്ലാ വസ്ത്രങ്ങളുടെയും കൂടെ ഇണങ്ങും എന്നതും പ്രത്യേകത ആണ്.
സിഗരറ്റ് ജീൻസ്
മുകൾ മുതൽ താഴെ വരെ ഒരുപോലെ സ്ട്രെയ്റ്റ് ആയിരിക്കുന്നവയാണ് സിഗരറ്റ് ജീൻസ്. ആംഗിൾ വരെ മാത്രമായിരിക്കും ഇവയുടെ വലുപ്പം. സ്കിന്നി ജീൻസ് ആംഗിൾ ഭാഗവും മറയ്ക്കുമെന്നതിനാൽ ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
ബെൽ ബോട്ടം ജീൻസ്
കാലിന്റെ തുട ഭാഗത്തായി ഒട്ടിക്കിടക്കുന്നതും താഴേക്കു വിടർന്ന് കിടക്കുന്നതുമാണ് ബെൽ ബോട്ടം ജീൻസുകൾ. 80-കളിലെ ഫാഷൻ തരംഗമായിരുന്ന ബെൽ ബോട്ടം പാന്റ്സ് ഇപ്പോൾ ഫാഷൻ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി അണിയാവുന്ന ഈ ജീൻസ് പെട്ടെന്നു തന്നെ വിന്റേജ് ലുക്ക് സമ്മാനിക്കും.
ബൂട്ട് കട്ട് ജീൻസ്
60-70 കാലങ്ങളിൽ വളരെ ട്രെൻഡിങ് ആയി നിന്നവയാണ് ബൂട്ട് കട്ട് ജീൻസ്. ഇറുകി കിടക്കാത്തത്തും അടിഭാഗത്തായി അൽപം വിടർന്ന് കിടക്കുന്നതുമായ ജീൻസാണിവ. എല്ലാ ബോഡി ടൈപ്പ് ഉള്ളവർക്കും നന്നായി ഇണങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത. പൊക്കം കുറവുള്ളവർക്ക് ഉയരം കൂടിയതുപോലെ തോന്നിക്കാനും ശരീരത്തിന് ഒതുക്കം തോന്നാനും ഇവ സഹായിക്കും.
വൈഡ് ലെഗ് ജീൻസ്
കാലിന്റെ മുകളിൽനിന്നു താഴേക്ക് തുറന്നു വിടർന്ന് കിടക്കുന്നതാണ് വൈഡ് ലെഗ് ജീൻസുകൾ. അതായത് ഈ ജീൻസ് എവിടെയും ടൈറ്റ് ആയിരിക്കില്ല. ഏറെക്കുറെ പലാസോ പാന്റ് ഇട്ടതു പോലെ കിടക്കും. ചിക്കൻകാരി കുർത്തകൾക്കൊപ്പം സ്റ്റൈലിഷ് ലുക്ക് തോന്നിക്കാൻ വൈഡ് ലെഗ് ജീൻസുകൾ ബെസ്റ്റ് ആണ്.
ഫ്ലയർ ജീൻസ്
ഫ്ലയർ ജീൻസുകൾ കാഴ്ചയിൽ ബൂട്ട് കട്ട് പോലെ ഇരിക്കുമെങ്കിലും അവയെ അപേക്ഷിച്ച് ഇവയുടെ അടിഭാഗം കൂടുതൽ വിടർന്നതായിരിക്കും. മുകളിലേക്ക് ഇറുകിയും താഴേക്ക് ഫ്ലയർ ആയും കിടക്കുന്ന ഇവ കാഴ്ചയിൽ വിന്റേജ് ലുക്ക് സമ്മാനിക്കും.
റിബ്ഡ് ജീൻസ് (Ripped)
ഒരു തരത്തിൽ പറഞ്ഞാൽ കീറിയ ജീൻസുകൾ ആണിവ. ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി യുവ തലമുറ അണിയുന്ന ഇവ പലപ്പോഴും മുതിർന്നവർ അംഗീകരിക്കാറില്ല. ജീൻസിന്റെ നൂലിഴകൾ പൊട്ടിച്ചു ഗ്യാപ് ഉണ്ടാക്കിയാണ് ഇവ നിർമിക്കുന്നത്.
പാച്ച് വർക്ക് ജീൻസ് (patchwork)
തുണികൊണ്ടോ മറ്റു ജീൻസ് മെറ്റീരിയൽ കൊണ്ടോ തയ്ച്ചു ചേർത്ത ജീൻസ് ആണിവ. ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി അണിയുന്ന ഇവ ന്യൂ ജനററേഷൻ ലുക്ക് സമ്മാനിക്കും.
ഷൈനി ജീൻസ് (shiny)
പാർട്ടി നൈറ്റുകളിൽ അണിയാവുന്ന, ബോളിവുഡ് പാട്ടുകളിൽ സ്ഥിരമായി കാണുന്ന ഒരുതരം ജീൻസ് ആണിത്. നോർമൽ ജീൻസ് പോലെയല്ലാതെ ഷൈനിങ് മെറ്റീരിയൽ ഇപയോഗിച്ച് നിർമിക്കുന്ന ഇവ പാർട്ടികളിൽ തിളങ്ങാൻ സഹായിക്കും.
ക്രോഷേ ജീൻസ് (crochet)
മനോഹരമായ ലേയ്സുകളും ക്രോഷേ മെറ്റീരിയലും തുന്നിച്ചേർത്ത ക്രോഷേ ജീൻസ് ജീൻസുകളിലെ നിത്യഹരിത താരമാണ്. ഇഷ്ടപ്പെട്ട രീതിയിൽ കസ്റ്റം ചെയ്യാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
ജോഗർ ജീൻസ് (Jogger)
മുകൾ ഭാഗം ടൈ ചെയ്യാവുന്ന, അടിഭാഗത്ത് ഇലാസ്റ്റിക് ഉള്ള ട്രെൻഡിങ് ക്യാഷ്വൽ ജീൻസ് ആണിത്. സാധാരണ ജീൻസ് ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഓടാനും ചാടാനും ഡാൻസ് ചെയ്യാനുമെല്ലാം സാധിക്കുമെന്നതാണ് ജോഗർ ജീൻസിന്റെ പ്രത്യേകത.
ജെഗ്ഗിൻസ്
ജീൻസിന്റെയും ലെഗ്ഗിൻസിന്റെയും ഇടയിലുള്ള, വളരെ കംഫർട്ടബിൾ ആയ ഒന്നാണ് ജെഗ്ഗിൻസ്. പ്രത്യേകിച്ച് ബട്ടൻസോ ഹുക്കോ സിബ്ബോ ഇല്ലാത്തതിനാൽ വളരെ പെട്ടെന്ന് ധരിക്കാം. ജീൻസിന്റെ ലൂക്കും ലെഗ്ഗിൻസിന്റെ സുഖവും തരുന്നതിനാൽ യുവാക്കളുടെ ഇഷ്ട ചോയ്സ് ആണിത്.