സ്റ്റൈലിഷാകാൻ വസ്ത്രം മാത്രം പോര, ഫാഷൻ ലോകത്ത് കണ്ണടകൾക്കും ഡിമാന്ഡ്
Mail This Article
കാഴ്ചശക്തി മെച്ചപ്പെടുത്തുക എന്നതിനപ്പുറം ഐ ഗ്ലാസുകൾ ഫാഷൻ സ്റ്റേറ്റ്മെന്റായി കണ്ടു തുടങ്ങിയിട്ട് കാലങ്ങളായി. മറ്റു പല ഫാഷൻ ട്രെൻഡുകളും പോലെ ഇടക്കാലത്ത് അപ്രത്യക്ഷമായെങ്കിലും ഇപ്പോൾ ഐ ഗ്ലാസുകൾ വീണ്ടും സ്റ്റെൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിന് വേണ്ടി ആർക്കും ധരിക്കാവുന്ന ഒന്നായി കണ്ണടകൾ മാറി. ഓരോ സാഹചര്യങ്ങൾക്കും അല്ലെങ്കിൽ ഓരോ തരം വസ്ത്രങ്ങൾക്കും ചേരുന്ന വ്യത്യസ്തതരം ഗ്ലാസുകൾ ഇന്ന് ലഭ്യവുമാണ്.
ആൾക്കൂട്ടത്തിൽ അല്പം വേറിട്ട് നിൽക്കുന്നതായി തോന്നിപ്പിക്കാൻ സാധിക്കുന്ന ഫാഷൻ ആക്സസറി എന്ന നിലയിലാണ് ഗ്ലാസുകളുടെ മടങ്ങിവരവ്. ബുദ്ധിജീവി ലുക്കിൽ സ്റ്റൈലിഷാകാൻ ഗ്ലാസുകൾ സഹായിക്കും. വലിപ്പം കൂടിയ ഫ്രെയിമുകൾ മുതൽ മിനിമലിസ്റ്റ് ഡിസൈനുകൾ വരെ ട്രെൻഡിൽ ഇടം പിടിച്ചിട്ടുണ്ട്. അവയിൽ തന്നെ
ക്യാറ്റ് ഐ ആകൃതിയിലുള്ള ലൈബ്രേറിയൻ ഗ്ലാസുകൾ ഏത് വസ്ത്രത്തിനൊപ്പവും വേറിട്ട ലുക്ക് നൽകുന്നുവെന്ന് ഡിസൈനർമാർ അഭിപ്രായപ്പെടുന്നു. കാഷ്വൽ വസ്ത്രങ്ങളുമായി അവ കൂട്ടിച്ചേർത്താൽ ആകർഷണീയത വർധിക്കും. എന്നാൽ ഫോർമൽ വസ്ത്രങ്ങൾക്കൊപ്പം ലൈബ്രേറിയൻ ഗ്ലാസുകൾ ഒരു ഇന്റലെക്ച്വൽ ലുക്കാണ് നൽകുന്നത്.
ഡിസൈനർമാരിൽ ഭൂരിഭാഗവും ഐ ഗ്ലാസുകളെ ഫാഷൻ ശേഖരത്തിന്റെ ഭാഗമാക്കി കഴിഞ്ഞു. സെലിബ്രിറ്റികളും വേറിട്ട ലുക്കിനായി വ്യത്യസ്തതരം ഗ്ലാസുകൾ തിരഞ്ഞെടുക്കുന്നുണ്ട്. റെഡ് കാർപെറ്റിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഈ ട്രെൻഡ് ദൃശ്യമാണ്. വ്യക്തിഗത സ്റ്റൈൽ എടുത്തു കാട്ടുന്ന തരം ഗ്ലാസുകളാണ് സെലിബ്രിറ്റികളിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്.
വലിയ കണ്ണടകൾക്ക് ഇപ്പോൾ ആരാധകർ ഏറെയുണ്ട്. എന്നാൽ ഈ ലുക്ക് നേടാൻ കണ്ണടകൾ മാത്രമല്ല വസ്ത്ര ധാരണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഗ്രാഫിക് ടീ ഷർട്ടുകളാണ് ഈ ലുക്കിനോട് ചേർന്നു പോകുന്ന ഒന്ന്. ക്ലാസിക് വിഡിയോ ഗെയിമുകളുടെയോ, ടെക്നോളജി, സയൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ ആയ ഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെട്ട ടീഷർട്ടുകൾ തിരഞ്ഞെടുക്കാം. ഇതിനൊപ്പം ജീൻസോ സ്കേർട്ടോ ധരിച്ചാൽ ലുക്ക് കംപ്ലീറ്റാകും.
സാങ്കേതികവിദ്യകളോട് താൽപര്യം കൂടുതലുള്ളവർക്ക് ഇത് എടുത്തു കാട്ടുന്ന തരത്തിൽ സ്മാർട്ട് വാച്ചുകളോ ഫ്യൂച്ചറിസ്റ്റിക് ജ്വല്ലറികളോ അങ്ങനെ നിങ്ങളുടെ പാഷൻ എടുത്തു കാണിക്കുന്ന എന്തും സ്റ്റൈലിന്റെ ഭാഗമാക്കാം. പ്രിന്റുകളുടെയും പാറ്റേണുകളുടെയും സംയോജനമാണ് മറ്റൊരു പ്രത്യേകത. പിക്സൽ ആർട്ട്, സയൻസ് ചിഹ്നങ്ങൾ, അല്ലെങ്കിൽ കോമിക് ബുക്ക് പ്രിന്റുകൾ എന്നിവ മിക്സ് ചെയ്തു പരീക്ഷിക്കാം. അസാധാരണമായ പാറ്റേണുകൾ ഉൾപ്പെടുത്താനും മടിക്കേണ്ടതില്ല. കാരണം നിങ്ങളുടെ വ്യക്തിത്വവും തനതായ ശൈലിയും പ്രകടിപ്പിക്കുക എന്നതാണ് എല്ലാത്തിലും പ്രധാനം.