ADVERTISEMENT

മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുകയാണ്. ഇതേ ഘട്ടത്തിൽ മിസ് അമേരിക്ക എന്ന സ്വപ്നതുല്യമായ നേട്ടത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരു മലയാളി പെണ്‍കുട്ടി. 2022ൽ യുഎസിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ഈ മലയാളി. 

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ് മീര. ന്യൂയോർക്ക് പൊലീസിലെ ട്രാഫിക് ഡിവിഷൻ ഉദ്യോഗസ്ഥനാണ് ജോൺ മാത്യു. ഇളയ സഹോദരി താര മാത്യു സ്‌കൂൾ വിദ്യാർഥിനിയാണ്. ഇപ്പോൾ യുഎസിലാണെങ്കിലും കൈപ്പട്ടൂരിലാണ് മീര മാത്യു ജനിച്ചത്. മൂന്നാം വയസ്സിലാണ് യുഎസിലേക്കു പോയത്.

മീര തങ്കം മാത്യു
മീര തങ്കം മാത്യു

മിസ് ന്യൂയോർക്ക് കിരീടം നേടിയശേഷം മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന മത്സരത്തിൽ പങ്കെടുക്കുകയും ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ എത്തുകയും ചെയ്തു (ഇന്ത്യയ്ക്കു വെളിയിൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്കായി നടത്തുന്ന മത്സരമാണ് മിസ് ഇന്ത്യ വേൾഡ്‌വൈഡ്). വിഖ്യാതമായ മിസ് അമേരിക്ക മത്സരത്തിനു തയാറെടുക്കുകയാണ് ഇപ്പോൾ. ഈ വർഷം അവസാനത്തിലാണ് ആദ്യഘട്ട മത്സരം. ഇതു നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാകുക എന്നതാണ് ലക്ഷ്യം.

pageant-girl
മീര തങ്കം മാത്യു

ഇതിനിടെ മിസ് സ്റ്റേറ്റൻ ഐലൻഡ് എന്ന പട്ടവും മീര നേടിയിരുന്നു. 1939നുശേഷം ആദ്യമായാണ് ഒരു തെക്കൻ ഏഷ്യൻ വംശജ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. ജോലിത്തിരക്കുകള്‍ക്കും കർശനമേറിയ ഷെഡ്യൂളുകൾക്കുമിടയിൽ മോഡലിങ്, സൗന്ദര്യമൽസരത്തിൽ പങ്കെടുക്കൽ, ഡാൻസിങ് തുടങ്ങിയ തന്‌റെ ഹോബികൾക്കും സമയം കണ്ടെത്തുന്നു. 

മിസ് ഇന്ത്യ ന്യൂയോർക്ക് സൗന്ദര്യ മൽസരത്തിനായി മീര തയാറെടുത്തത് സ്വയമാണ്. സൗന്ദര്യമൽസരങ്ങളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിഡിയോകൾ കാണുക എന്നതായിരുന്നു പ്രധാന തയാറെടുപ്പ്. ഐശ്വര്യറായി, സുഷ്മിത സെൻ തുടങ്ങിയ സൗന്ദര്യറാണിമാരുടെ ലോകസൗന്ദര്യവേദിയിലേക്കുള്ള കടന്നുവരവിനു കാരണമായ 1994ലെ മിസ് ഇന്ത്യ മൽസരം മുതൽ വിവിധ കാലയളവിലെ മിസ് യൂണിവേഴ്‌സ്, മിസ് വേൾഡ്, മിസ് ഇന്ത്യ യുഎസ്എ, മിസ് ഇന്ത്യ ന്യൂയോർക്ക് മൽസരങ്ങളുടെ വിഡിയോ മീര മുടങ്ങാതെ കാണുകയും അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. മിസ് ഇന്ത്യ ന്യൂയോർക്ക് മൽസരം ഇതിനു മുൻപ് ഒരേയൊരു മലയാളിയാണ് നേടിയിട്ടുള്ളത്. 2018ൽ ജേതാവായ രേണുക ജോസഫാണ് അത്. മിസ് ഇന്ത്യ യുഎസ് കിരീടവും ഒരു മലയാളി നേടിയിട്ടുണ്ട്. 2001ൽ ജേതാവായ സ്റ്റേസി ഐസക് ഫ്‌ളോറിഡ സംസ്ഥാനത്തെയാണു പ്രതിനിധീകരിച്ചത്. 

മീര തങ്കം മാത്യു
മീര തങ്കം മാത്യു

പൊലീസ് ഓഫിസറാകണം എന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ച മീര, ഹൈസ്‌കൂൾ പഠനത്തിനുശേഷം ആ ജോലിയുടെ പടിവാതിൽക്കൽവരെ എത്തുകയും ചെയ്തു. എന്നാൽ പൊലീസ് ജോലിയെക്കാൾ മികച്ച കരിയറും തന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള സാവകാശവും ഐടി മേഖലയിലെ ജോലിക്കു നൽകാൻ സാധിക്കുമെന്നു തിരിച്ചറിഞ്ഞ് അങ്ങോട്ടേക്കു കൂടുമാറുകയായിരുന്നു. എങ്കിലും അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയിൽ ചേർന്നു. യുഎസിൽ വിവിധ നിയമപരിപാലന സംഘടനകളിൽ അംഗങ്ങളായുള്ള മലയാളികളുടെ അസോസിയേഷനാണ് ഇത്. 

ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുക എന്നത് മീരയുടെ  വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് തെന്നിന്ത്യൻ സിനിമകളിൽ. മലയാളം സിനിമകളെ ഏറെ സ്‌നേഹിക്കുന്ന മീര പഞ്ചാബി ഹൗസ് പോലുള്ള കോമഡി ചിത്രങ്ങളുടെ ആരാധികയാണ്. ദൃശ്യം, കുരുക്ഷേത്ര തുടങ്ങിയ സിനിമകളും വളരെയിഷ്ടം. കേരളത്തിൽ മോഡലിങ് ചെയ്യാനും താൽപര്യമുണ്ട്.

English Summary:

Keralalite aims for Miss America Beauty Pageant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com