സിനിമയിൽ മാത്രമല്ല, ഫാഷനിലും ഇവർ പുലികളാണ്; ഇത് ‘സ്റ്റൈൽ യുഗം’
Mail This Article
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പ്രമോഷന് ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കില്‍ വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് സ്റ്റൈലിഷായി വാർത്താസമ്മേളനത്തിനെത്തിയ മമ്മൂട്ടിയാണ് ഫാഷൻ ലോകത്തെ പുതിയ ചർച്ച. സാറ (Zara) എന്ന ബ്രാൻഡിന്റെ സ്റ്റൈലൻ ഷർട്ടാണ് മെഗാസ്റ്റാർ ധരിച്ചത്. 3,999 രൂപയാണ് വില. അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനെത്തിയപ്പോൾ ഇട്ടിരുന്ന കാപ്രി ഇറ്റലി ഷർട്ട്, കാതൽ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഉപയോഗിച്ച കോമിക് സീരിസ് ഷർട്ട് തുടങ്ങിയവയെല്ലാം തരംഗമായിരുന്നു. പൊതുവേദികളിൽ പക്ഷേ ലളിതമായി വേഷം ധരിച്ചാണ് മമ്മൂട്ടിയെത്താറുള്ളത്. മിക്കപ്പോഴും മുണ്ടും ഷർട്ടുമാണ് വേഷം. അലസമെന്നു തോന്നിക്കുമ്പോഴും ഗംഭീരമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറാറുണ്ട് അവ.
കാഷ്വൽ വസ്ത്രങ്ങളാണെങ്കിൽ അതിൽ എങ്ങനെ സ്റ്റൈലിഷ് ലുക്ക് കൊണ്ടുവരണമെന്ന് ചിന്തിക്കുന്ന താരങ്ങളുമുണ്ട്. സ്റ്റൈലിന്റെ കാര്യത്തിൽ ദുൽഖർ സൽമാനും പൃഥിരാജുമെല്ലാം മാതൃകകളാണ്. പ്ലെയിൻ നിറത്തിലുള്ള വസ്ത്രമാണ് പൃഥിരാജിന്റെ ഇഷ്ടമെങ്കിൽ ചില പ്രിന്റുകളും ഫ്ലോറല്‍ ഡിസൈനുമെല്ലാമുള്ള വസ്ത്രങ്ങളിലാണ് ദുൽഖർ സൽമാൻ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർക്കുന്നത്. കനിക ഗോയല്‍, പോൾ സ്മിത്ത് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഔട്ട്ഫിറ്റാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.
കുർത്തയിൽ പരീക്ഷണം നടത്തിയാണ് ജയസൂര്യ ഫാഷൻ ലോകത്ത് സ്റ്റാറാകുന്നത്. ഭാര്യ സരിത ജയസൂര്യയാണ് വ്യത്യസ്തമായ ലുക്കുകൾക്ക് പിന്നില്‍. വേറിട്ട കളർ പാറ്റേണും കലങ്കാരി, ഡിസൈൻഡ് കുർത്തകളുമെല്ലാം ജയസൂര്യയുടെ ഫേവറിറ്റാണ്. കത്തനാർ ലുക്കു കൂടി വന്നതോടെ സ്റ്റൈലിൽ വേറെ ലെവലാണ് ജയസൂര്യ.
ബോളിവുഡ് താരങ്ങളുടെ ഫാഷൻ സെൻസിനും കേരളത്തിൽ ഡിമാന്റുണ്ട്. എത്‌നിക് വെയറുകളുടെ തിരഞ്ഞെടുപ്പിൽ എന്നും കയ്യടി നേടുന്നത് രൺബീർ കപൂറാണ്. വേദികൾക്കനുസരിച്ചാണ് ബോളിവുഡ് താരങ്ങളുടെ വസ്ത്ര പരീക്ഷണങ്ങൾ. പലരുടെയും പഴ്സനൽ സ്റ്റൈലിസ്റ്റുകൾ തന്നെയാണ് ലുക്കുകൾക്ക് പിന്നിൽ. രൺവീർ സിങ്, വരുൺ ധവാൻ, അനിൽ കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരുടെയെല്ലാം പല സ്റ്റൈലിനും പിന്നിൽ സ്ത്രീകളാണ്.
ആക്സസറീസ് പവർഫുള്ളാണ്
‘സിംപിൾ ബട്ട് എലഗന്റ്’ – ആക്സസറീസിന്റെ തിരഞ്ഞെടുപ്പിൽ പലരും ശ്രദ്ധിക്കാറുള്ള കാര്യമിതാണ്. മലയാളത്തിൽ ആക്സസറീസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നൊരാളാണ് ദുൽഖർ സൽമാൻ. അക്കാര്യത്തിൽ അപ്റ്റുഡേറ്റാണ് ഡിക്യു. ബാരി ജോൺസൺസിന്റെ ആക്സസറീസ് ഏറെ പ്രിയം. വിജയ് ദേവരകൊണ്ടയും സംവിധായകൻ കരൺ ജോഹറുമെല്ലാം ഈ ബ്രാൻഡിന്റെ ആരാധകരാണ്. സിൽവർ ആക്സസറീസാണ് ഫേവറിറ്റ്.
വാച്ചുകളുടെ കലക്‌ഷൻ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് മോഹൻലാൽ. റിച്ചാര്‍ഡ് മില്ലെ ആർഎം 030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷന്‍ തുടങ്ങിയ ആഡംബര വാച്ചുകളും മോഹൻലാൽ ധരിച്ചിട്ടുണ്ട്. സൺഗ്ലാസുകള്‍ക്കും സ്റ്റൈലിൽ ഏറെ പ്രാധാന്യമുണ്ട്. ഫ്രാങ്ക് മുള്ളർ (Frank Muller), ഫിലിപ്പ് പ്ലെയിൻ എന്നീ ബ്രാൻഡുകളുടെ വാച്ചിൽ ടൊവിനോയും പലപ്പോഴും എത്തിയിട്ടുണ്ട്.
സിംപിൾ മേക്കപ്പ് ലുക്ക്
സിംപിൾ മേക്കപ്പ്; കണ്ണിനും ലിപ് ഷെയിഡിനും അൽപം ബ്രൈറ്റ്നെസ്– ഇന്ന് പല നടിമാരും ഫോളോ ചെയ്യുന്ന പാറ്റേണിതാണ്. ബോളിവുഡ് താരങ്ങളുടെ സ്റ്റൈലിന് തന്നെയാണ് ഇന്നും ആരാധകർ ഏറെ. ഹെവി ഡിസൈൻ വസ്ത്രത്തിലും സിംപിൾ ലുക്ക് ക്രിയേറ്റ് ചെയ്യാനാണ് പലരും ശ്രമിക്കാറുള്ളത്. നേക്കഡ് ഡ്രസുകളും കട്ടൗട്ട് പാറ്റേണുമെല്ലാമാണ് ഫാഷൻ ലോകം കീഴടക്കുന്നത്. ജാൻവി കപൂറിന്റെ കട്ടൗട്ട് ഫാഷനുകൾക്ക് ആരാധകരേറെയാണ്. ബാക്‌ലെസ് വസ്ത്രത്തിനും ഹൈസ്ലിറ്റ് ഡിസൈനിനുമെല്ലാമാണ് ആരാധകർ.
ബോളിവുഡിലേതു പോലെ വസ്ത്രത്തിൽ പരീക്ഷണങ്ങൾ കൊണ്ടുവരാൻ കേരളത്തിലെ നായികമാർക്കായിട്ടില്ല. എങ്കിലും അനശ്വരയും എസ്തറും സാനിയ ഇയ്യപ്പനുമെല്ലാം പലപ്പോഴും സ്റ്റൈലിഷ് ലുക്കിലെത്താറുണ്ട്. ഒപ്പം സ്വന്തമായി മേക്കപ്പ് ചെയ്ത് പൊതുവേദിയിലെത്തുന്ന ഹണിറോസും ലുക്കിൽ വ്യത്യസ്തത പരീക്ഷിക്കുന്ന പ്രയാഗ മാർട്ടിനുമെല്ലാം പലപ്പോഴും സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർക്കാറുണ്ട്. വസ്ത്രമല്ല, മേക്കപ്പിനും ലുക്കിനുമാണ് പലരും ശ്രദ്ധ കൊടുക്കുന്നത്. മാറ്റ് ലിപ്സ്റ്റിക്, നീളമുള്ള കൺപീലികൾ, വെറ്റ് ലുക്ക്, ഗ്ലാം മേക്കപ്പ്, എന്നിവയെല്ലാമാണ് പലരും ഫോളോ ചെയ്യുന്നത്.