ലോക സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബനാറസി പട്ടിൽ മനം കവർന്ന് ഇന്ത്യൻ സുന്ദരി
Mail This Article
സൗന്ദര്യവും വ്യക്തിപ്രഭാവവും മാറ്റുരയ്ക്കുന്ന ലോക സുന്ദരി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമായി 115 സുന്ദരിമാരുടെ പ്രകടനങ്ങൾക്കാണ് മത്സരവേദി സാക്ഷ്യം വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മത്സരാർത്ഥികൾ അവരവരുടെ ദേശീയ വസ്ത്രം അണിഞ്ഞാണ് വേദിയിലെത്തിയത്. ജന്മനാട്ടിൽവച്ച് നടക്കുന്ന സൗന്ദര്യ മാമാങ്കത്തിന്റെ മാറ്റുകൂട്ടാനായി ഇന്ത്യൻ സുന്ദരി സിനി ഷെട്ടി എത്തിയത് ചുവന്ന നിറത്തിലുള്ള ബനാറസി പട്ടുസാരിയിലാണ്.
ലോകത്തെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും മൂല്യങ്ങൾ പഠിപ്പിക്കുന്ന ഇന്ത്യ എന്ന രാജ്യത്തെ അഭിമാനപുരസരം പ്രതിനിധീകരിച്ചു കൊണ്ടാണ് ഈ വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് സിനി ഉദ്ഘാടന വേദിയിൽ സ്വയം പരിചയപ്പെടുത്തി. സാരിയിൽ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സിനി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുച്ചിട്ടുണ്ട്.
ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ലോക സൗന്ദര്യ മത്സരവേദിയിൽ ചേർത്തുപിടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനായി സാരി തിരഞ്ഞെടുത്തതിന്റെ കാരണവും താരസുന്ദരി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലുള്ള ചരിത്രം മുതലിങ്ങോട്ട് പരിശോധിച്ചാൽ ഇന്ത്യയുടെ സംസ്കാരത്തിന്റെയും ആഴത്തിൽ വേരുന്നിയ പാരമ്പര്യത്തിൻ്റെയും പ്രതീകമായി സാരി നിലനിൽക്കുന്നു എന്നതിനാൽ മറ്റൊരു ഡ്രസിങ് ഓപ്ഷനെ കുറിച്ച് ചിന്തിക്കേണ്ടി വന്നതേയില്ല.
സാരി കാലാതീതമായ വസ്ത്രമാണെന്നും അന്തസ്സും സ്ത്രീത്വത്തിൻ്റെ സത്തയും അതിൽ ഉൾക്കൊള്ളുന്നു എന്നുമാണ് മിസ് ഇന്ത്യയുടെ അഭിപ്രായം. ഡിസൈനറായ ജയന്തി റെഡിയാണ് ഉദ്ഘാടന വേദിയിൽ തിളങ്ങാൻ ബനാറസി പട്ടുസാരി സിനിക്കായി തയ്യാറാക്കിയത്. സ്വാഭാവിക നിറങ്ങളുപയോഗിച്ച് കൈകൊണ്ട് നെയ്തെടുക്കുന്ന തദ്ദേശീയ തുണിത്തരങ്ങൾ പഴമയുടെ മനോഹാരിത എടുത്തു കാട്ടുന്നുണ്ട്. ഈ പ്രൗഢി വിളിച്ചോതുന്നതാണ് സിനിയുടെ ബനാറസി പട്ടുസാരി. സങ്കീർണ്ണമായ ഹാൻഡ് എംബ്രോയ്ഡറികളും സൂക്ഷ്മമായ ഡിസൈനുകളും ഉൾക്കൊള്ളിച്ച് ക്ലാസിക് ലുക്കിൽ ഒരു പേഴ്സണൽ ഫാഷൻ സ്റ്റേറ്റ്മെൻ്റായാണ് സൗന്ദര്യവേദിയിൽ സാരി അവതരിപ്പിക്കപ്പെട്ടത്.
2, 25,900 രൂപയാണ് സാരിയുടെ വില എന്ന ഡിസൈനർ വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. ചുവന്ന സാരിക്ക് കോൺട്രാസ്റ്റിംഗായി പർപ്പിൾ നിറത്തിൽ എംബ്രോയിഡറി ചെയ്ത ബ്ലൗസാണ് തിരഞ്ഞെടുത്തത്. തദ്ദേശീയമായ വസ്ത്ര നിർമ്മാണ രീതികളുടെ ഭംഗി എടുത്തു കാണിച്ചുകൊണ്ട് ലളിതമായ രീതിയിൽ എന്ന പ്രൗഢമായി വസ്ത്രം തയ്യാറാക്കാൻ ജയന്തി റെഡിക്ക് സാധിച്ചിട്ടുണ്ട്. സ്റ്റൈലും ക്രിയാത്മകതയും സൗകര്യവും ഒരേപോലെ ഒത്തുചേരുന്ന ഡിസൈൻ എന്നാണ് സാരിയെ സിനി ഷെട്ടി വിശേഷിപ്പിക്കുന്നത്. സാരി ധരിച്ച സമയത്ത് ജന്മനാടിന്റെ പാരമ്പര്യവുമായി കൂടുതൽ ഇഴയടുപ്പം തോന്നിയതായും സിനി പറയുന്നു.
സാരിയുമായി ഏറ്റവും ചേർന്ന് പോകുന്ന വിധത്തിൽ കല്ലുകൾ പതിപ്പിച്ച ഇയർ റിങ്ങുകളും നെറ്റി ചുട്ടിയും നെക്ലൈസും മാലയും മോതിരവും വളകളും അണിഞ്ഞാണ് താരം വേദിയിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന വിധത്തിൽ ലളിതമായ മേക്കപ്പും തിരഞ്ഞെടുത്തു. രക്ഷാ സിംഗ് ആയിരുന്നു ഉദ്ഘാടന ചടങ്ങിൽ സിനിയുടെ സ്റ്റൈലിസ്റ്റ്.