10 രൂപയുടെ സാരി വാങ്ങാനെത്തി; സ്വര്‍ണമാലയും 6000 രൂപയും മോഷണം പോയി
Mail This Article
10 രൂപയ്ക്ക് സാരി വാങ്ങാന്‍ ഷോപ്പിങ് മാളിൽ ആളുകൾ തടിച്ചു കൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 സ്ത്രീകൾക്കു പരുക്കേറ്റു. ഒരു സ്ത്രീയുടെ സ്വർണമാല മോഷ്ണം പോയി. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലുള്ള സിഎംആർ ഷോപ്പിങ് മാളിലാണ് സാരി വിൽപ്പന പൊലീസ് കേസിൽ അവസാനിച്ചത്.
10 രൂപയ്ക്കു സാരി വിൽക്കുന്നുണ്ട് എന്നറിഞ്ഞു നിരവധിപ്പേർ മാളിലെത്തി. എന്നാൽ ഇത്രയുമധികം ആളുകളെ അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഇവർക്ക് ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഒരുക്കാനായില്ല. ആളുകൾ അകത്തേക്കു തള്ളി കയറുകയും തിക്കി തിരക്കുകയും ചെയ്തു. ഇതിനിടയിൽ പലരും മറിഞ്ഞു വീണു.
ഷട്ടർ തുറക്കുമ്പോൾ ആളുകൾ തള്ളികയറുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പരുക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിരക്കിനിടയിൽ സ്വർണമാലയും 6000 രൂപയും ഡെബിറ്റ് കാർഡും മോഷ്ണം പോയതായി ഒരു സ്ത്രീ പരാതിപ്പെട്ടതോടെയാണു പൊലീസ് സംഭവത്തിൽ ഇടപ്പെട്ടത്. തുടർന്നു കൂടുതൽ പേർ പണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മാളിലെത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.