വിവാഹത്തെ പറ്റി ചിന്തിച്ചിട്ടേയില്ല, എന്റെ ഭാഗത്ത് നിന്നത് പ്രതീക്ഷിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: വിൻസി
Mail This Article
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും വിൻസിയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും തന്റെ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞിരിക്കുകയാണ് വിൻസി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിൻസി വിവാഹത്തെ പറ്റി പറഞ്ഞത്.
‘അച്ഛന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. പിന്നെ അവർ പറയുന്നത് കല്യാണക്കാര്യത്തെ പറ്റിയാണ്. സിനിമയ്ക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യുന്നതുപോലെ വേറെ ആർക്കു വേണ്ടിയും കോമ്പ്രമൈസ് ചെയ്യാൻ തീരുമാനിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചൊന്നും ഇതുവരെയും ചിന്തിച്ചിട്ടില്ല. വിവാഹം കഴിക്കണോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്’.
'പ്രണയങ്ങളൊക്കെ ഉണ്ടായേക്കാം. പക്ഷെ അത് എവിടെ വരെ എത്തും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ കല്യാണം എന്നത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അമ്മയ്ക്ക് പിന്നെയൊരു ആഗ്രഹം ഉള്ളത് യാത്ര പോകണം എന്നതാണ്. അത് നടത്തി കൊടുക്കണം. ചേട്ടന് ആഗ്രഹങ്ങളൊക്കെ സ്വയം നടത്താൻ അറിയാം. ചേട്ടന്റെ കല്യാണം ആകാൻ പോവുകയാണ്’. വിൻസി പറഞ്ഞു.
പണ്ടുമുതലേ ആർഭാട ജീവിതം വേണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു താനെന്നും വിൻസി പറഞ്ഞു. നല്ല രീതിയിൽ സെറ്റിൽഡ് ആവണമെന്ന് പണ്ടേ ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരൊന്നും സപ്പോർട്ട് അല്ലാത്തതിനാൽ സിനിമയിലേക്കുള്ള പോക്കൊന്നും നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. അതുകൂടാതെ സിനിമയിലേക്ക് എങ്ങനെ കയറാം എന്നതിനെ കുറിച്ചും ഐഡിയ ഉണ്ടായിരുന്നില്ല. സിനിമ നടന്നില്ലെങ്കിൽ നല്ലൊരു കുടുംബമുണ്ടാക്കണം. നല്ലൊരു ചെക്കനെ വിവാഹം കഴിക്കണം. കുട്ടികളൊക്കെ ആയി. നല്ലൊരു ജോലിയും ഒക്കെ വേണം എന്നായിരുന്നു. ഒരു ഹൈ ഫൈ ജീവിതം. അതാണ് ആഗ്രഹിച്ചത്. എന്നാൽ അതിലേക്ക് കേറിയപ്പോഴാണ് ലക്ഷ്വറിയല്ല, അതല്ലാത്ത വേറെ കുറെ കാര്യങ്ങൾ ഇതിലുണ്ടെന്ന് മനസിലാകുന്നത്’. വിൻസി അലോഷ്യസ് പറഞ്ഞു.