ഗുരുവായൂർ നടയിൽ മോഹൻലാൽ; പ്രണവിന്റെ ജീവിതം മനോഹരമാക്കിയ ആ ‘ക്ലിക്’
Mail This Article
ചെറുപ്പം മുതലേ ഗുരുവായൂരപ്പ ഭക്തനാണ് പ്രണവ്. ആ സാമീപ്യം അറിഞ്ഞു വളരാനും പിന്നീട് അവിടെ ജോലി ചെയ്യാനുമായ പ്രണവിന്റെ ചെറുപ്രായത്തിൽ കൂടെക്കൂടിയ മറ്റൊന്ന് മോഹൻലാലിനോടുള്ള ആരാധനയാണ്. കൗമാരത്തിലെത്തിയപ്പോൾ ഫൊട്ടോഗ്രഫിയോടുള്ള പ്രണയം അസ്ഥിക്കു പിടിച്ചു. ഒടുവിൽ, ഒരു അസുലഭ മുഹൂർത്തത്തിൽ ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നു. അങ്ങനെ ഗുരുവായൂർ നടയിൽ നിൽക്കുന്ന മോഹൻലാല്‍ പ്രണവിന്റെ ക്യാമറയിൽ പതിഞ്ഞു. അന്ന് പ്രണവ് ടി.സുഭാഷ് എന്ന പേര് നിരവധിപ്പേരുടെ ഹൃദയത്തിൽ തൊട്ടു. പിന്നെ പതിയെ ഗുരുവായൂർ അമ്പലത്തിലെ ആ യുഡി ക്ലാർക്ക്, സിനിമാതാരങ്ങളുടെയും അവരുടെ ആരാധകരുടെയും പ്രിയങ്കരനായി. അക്കഥ പ്രണവ് മനോരമ ഓൺലൈനോടു പറഞ്ഞു.
കുന്നംകുളം ആനായ്ക്കല്‍ സ്വദേശിയാണ് പ്രണവ്. അച്ഛൻ ഗുരുവായൂർ അമ്പലത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അങ്ങനെ ചെറുപ്പം മുതല്‍ ഗുരുവായൂരപ്പ സാന്നിധ്യം ജീവിതത്തിലുണ്ടായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് ആ ജോലി പ്രണവിനു കിട്ടി. ഉദ്യോഗക്കയറ്റം കിട്ടി ഇപ്പോൾ യുഡി ക്ലാർക്ക് ആണ്.
ചെറുപ്പത്തിൽ ഫൊട്ടോഗ്രഫിയോട് പ്രത്യേക താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല. ആനകളോടുള്ള ഇഷ്ടം കാരണം മൊബൈലിൽ അവയുടെ ചിത്രമെടുക്കും എന്നു മാത്രം. എന്നാൽ മുതിരുംതോറും ഫൊട്ടോഗ്രഫിയിൽ താൽപര്യം കൂടി. ഗുരുവായൂരിൽ വെഡ്ഡിങ് ഫൊട്ടോഗ്രഫർമാരായ സുഹൃത്തുക്കളുണ്ട്. അവരുടെ പിന്നാലെ നടന്ന് ഫൊട്ടോഗ്രഫി പഠിക്കാനും ക്യാമറയിൽ ഫോട്ടോ എടുക്കാനും തുടങ്ങി. പതിയെ ഫൊട്ടോഗ്രഫി ആവേശമായി. അതോടെ ഒരു ക്യാമറ വാങ്ങണം എന്നായി ആഗ്രഹം. 2020 ലാണ് അതു സഫലമായത്.
ഗുരുവായൂർ അമ്പലത്തിലെ ജോലി തന്നിലെ ഫൊട്ടോഗ്രഫറുടെ വളർച്ചയ്ക്കും കാരണമായി എന്നു പ്രണവ് പറയും. ഉത്സവങ്ങൾ, കലാപരിപാടികൾ, ആചാരാനുഷ്ഠാനങ്ങൾ, ആനകള്‍, ആൾക്കൂട്ടങ്ങള്‍... ക്യാമറ എവിടേക്കു തിരിച്ചാലും നിറപ്പകിട്ടാർന്ന കാഴ്ചകൾ. അവ ഒപ്പിയെടുത്ത് പ്രണവ് ഫൊട്ടോഗ്രഫി വിദഗ്ധനായി. കൂടാതെ യുട്യൂബ് നോക്കിയും പഠിച്ചു. വിഡിയോകളും ചെയ്യാൻ തുടങ്ങി. പ്രണവ് പകർത്തിയ ഗുരുവായൂരിലെ താലപ്പൊലിയുടെ ദൃശ്യങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. അതെല്ലാം മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു. ഗുരുവായൂരപ്പന് നന്ദി പറഞ്ഞു. പക്ഷേ കൂടുതൽ അനുഗ്രഹങ്ങൾ ഭഗവാൻ അയാള്‍ക്കായി കാത്തുവച്ചിരുന്നു.
2021 സെപ്റ്റംബർ 8. പ്രണവ് അന്ന് കൂട്ടുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്താണ്. ഗുരുവായൂരിൽനിന്ന് അപ്രതീക്ഷിതമായി സഹപ്രവർത്തകന്റെ വിളിയെത്തി. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാൽ നാളെ ഗുരുവായൂരിൽ വരുന്നു. വാർത്ത അറിഞ്ഞതോടെ പ്രണവിന് ആവേശം. ഗുരുവായൂരപ്പന്റെ നടയിൽ ലാലേട്ടൻ. അതു ക്യാമറയിൽ പകർത്താൻ സാധിച്ചില്ലെങ്കിൽ ഇനിയെപ്പോൾ? കാത്തിരിക്കുന്നതിൽ അർഥമില്ല. രാത്രിയോടെ ഗുരുവായൂർ എക്സ്പ്രസ്സിൽ നാട്ടിലേക്ക്. പുലർച്ചയോടെ ഗുരുവായൂരിലെത്തി. കുളിച്ച് തയാറായി ക്യാമറയുമെടുത്ത് അമ്പലത്തിലേക്ക്. ‘‘കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയം ആണ്. വിവാഹം ഷൂട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള പ്രഫഷനൽ ഫൊട്ടോഗ്രഫി സംഘത്തിനു മാത്രമേ പ്രവേശനമുള്ളൂ. എന്നാൽ ദേവസ്വം ജീവനക്കാരനായതു കൊണ്ട് എന്നെ ആരും തടഞ്ഞില്ല. അങ്ങനെ ക്യാമറയുമായി ഞാനും അവിടെ നിന്നു. ഗുരുവായൂർ നടയിൽ നിൽക്കുന്ന ലാലേട്ടനെ മതിയാവോളം ഒപ്പിയെടുത്തു. അന്ന് ക്യാമറയ്ക്കൊപ്പം എന്റെ ഹൃദയവും നിറഞ്ഞു’’– പ്രണവ് ആ ദിവസം ഓർത്തെടുത്തു.
പകർത്തിയ ദൃശ്യങ്ങൾ പ്രണവ് സുഹൃത്തിന് അയച്ചു കൊടുത്തു. ‘രാവണപ്രഭു’വിലെ ‘അറിയാതെ അറിയാതെ’ എന്ന പാട്ടു ചേർത്ത് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നീട് നടന്നത് ഒരു സ്വപ്നമാണോ എന്നു പ്രണവിന് ഇപ്പോഴും സംശയം. ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി, വാട്സാപ് സ്റ്റാറ്റസുകളിൽ നിറഞ്ഞു. അഭിനന്ദനങ്ങൾ അറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സന്ദേശങ്ങളെത്തി. മുൻ പരിചയമില്ലാത്ത നിരവധിപ്പേർ വിളിച്ച് അഭിനന്ദിച്ചു. ലാലേട്ടനെ ക്യാമറയിലാക്കുമ്പോൾ താൻ അനുഭവിച്ച സന്തോഷം ആ വിഡിയോ കണ്ടവർക്കും ലഭിച്ചെന്ന് പ്രണവ് മനസ്സിലാക്കി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നായി അത്.
അതൊരു തുടക്കമായിരുന്നു. താരലോകത്തിന്റെ വെള്ളിവെളിച്ചം പ്രണവിനെ തേടി വരാൻ തുടങ്ങിയ നാളുകൾ. സിനിമകളുടെ പ്രമോഷന്‍ പരിപാടികൾ പകർത്താൻ പ്രണവിനെ കൊണ്ടു പോകാൻ ഓൺലൈൻ മീഡിയകൾ താൽപര്യം പ്രകടിപ്പിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരും ക്ഷണിച്ചു തുടങ്ങി. അവർക്കു വിഡിയോ കിട്ടുന്നു. അതിനു പകരം സ്ക്രീനിൽ കൺനിറയെക്കണ്ട താരങ്ങളെ നേരിട്ട് കാണാനും ക്യാമറയിലാക്കാനുമുള്ള അവസരം പ്രണവിനും. ‘‘ഭഗവാനു വേണ്ടി ചെയ്യുന്ന ജോലിയിൽനിന്നു ജീവിക്കാനുള്ളത് ലഭിക്കുന്നുണ്ട്. ഫൊട്ടോഗ്രഫിയിൽനിന്നു പണം ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇഷ്ടമുള്ള കാര്യം ചെയ്യുക എന്നതിന്റെ ഭാഗമാണത്. മനസ്സു നിറഞ്ഞാണ് ഓരോ വിഡിയോയും ചിത്രവും പകർത്തുന്നത്. അതിന്റെ പ്രതിഫലം അഭിനന്ദനങ്ങളും സ്നേഹവുമായി എന്നും തേടിയെത്തുന്നുണ്ട്’’– പ്രണവ് പറഞ്ഞു.
ഒരിക്കൽ ഷൂട്ടിന്റെ ഭാഗമായി വിജയ് സേതുപതിക്കൊപ്പം ഒരു ദിവസം മുഴുവൻ ചെലവിടാനായി. കമൽഹാസനെ അടുത്തു കണ്ടപ്പോൾ അനുഭവിച്ച സന്തോഷം എങ്ങനെ വിവരിക്കണമെന്ന് പ്രണവിന് ഇപ്പോഴും അറിയില്ല. മിക്ക പ്രമുഖ താരങ്ങളുടെയും മുഖം ക്യാമറയില്‍ പതിഞ്ഞു. ദളപതി വിജയ് മാത്രമാണു ബാക്കിയുള്ളത്. അതും ഒരിക്കല്‍ പതിയുമെന്ന് പ്രണവ് വിശ്വസിക്കുന്നു. ‘‘ഷൂട്ടിന് പോകുമ്പോൾ തിരിച്ചറിയുന്നവരുണ്ട്. ‘വിഡിയോ എടുക്കുന്ന ചേട്ടനല്ലേ’, ‘എവിടെയോ ഈ പേര് കേട്ടിട്ടുണ്ടല്ലോ’, ‘വിഡിയോ എല്ലാം സൂപ്പറാട്ടാ’, എന്നിങ്ങനെ പറയുന്നവരുണ്ട്. വിഡിയോയിലെ വാട്ടർമാർക്കിലൂടെയും സമൂഹമാധ്യമത്തിലെ എന്റെ ചിത്രങ്ങളിലൂടെയുമാണ് ആളുകൾ തിരിച്ചറിയുന്നത്. ഇതെല്ലാം മനസ്സ് നിറയ്ക്കും. ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു കാര്യം മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടാൻ കാരണമാകുന്നുവെങ്കിൽ അതിൽ കൂടുതൽ എന്താണു വേണ്ടത്’’– പ്രണവ് സന്തോഷം പങ്കുവച്ചു.
സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും വിഡിയോ ആണ് അടുത്തിടെ ശ്രദ്ധ നേടിയത്. ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന പാട്ടുചേര്‍ത്തൊരുക്കിയ വിഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. താരങ്ങളുടേതുള്‍പ്പടെ നിരവധി വിഡിയോകൾ വൈറലായിട്ടുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ടത് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് പകർത്തിയ വിഡിയോ ആണ്. ഭഗവാന്റെ വിഗ്രഹം പ്രദക്ഷിണത്തിനായി പുറത്തേക്കു കൊണ്ടു വരുന്നതുൾപ്പെടെയുള്ള ചടങ്ങുകൾ അന്ന് പകർത്തിയിരുന്നു. പ്രണവിനെ എപ്പോൾ കണ്ടാലും കീഴ്ശാന്തി ആ വിഡിയോയുടെ കാര്യം പറഞ്ഞ് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യാറുണ്ട്. പലരും ചടങ്ങുകൾ പകർത്താറുണ്ടെങ്കിലും ഇത്ര മനോഹരമായി ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം.
അമ്മ ബിന്ദുവാണ് പ്രണവിന്റെ കരുത്ത്. ഇൻസ്റ്റഗ്രാം നോക്കി എത്ര ലൈക്കും വ്യൂസും ആയി എന്നെല്ലാം അമ്മ പറയും. വിഡിയോ ചെയ്യാൻ പ്രോത്സാഹിപ്പിക്കും. വിഡിയോ എഡിറ്റ് ചെയ്യുന്ന ഹരി, അഭിഷേക്, കിച്ചു എന്നീ സുഹൃത്തുക്കള്‍ എല്ലാത്തിനും ഒപ്പമുണ്ട്. സഹപ്രവർത്തകരും ദേവസ്വം അധികൃതരും നല്‍കുന്ന പൂർണ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയുമെന്ന് പ്രണവിന് അറിയില്ല. സിനിമറ്റോഗ്രഫി പഠിക്കണമെന്നും ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. അല്ലെങ്കിൽ മോഹൻലാലിന്റെയോ നയൻതാരയുടെയോ പഴ്സനല്‍ ഫൊട്ടോഗ്രഫർ ആകണം. എന്നാൽ ഇതൊന്നും നടന്നില്ലെങ്കിലും വിഷമമില്ല. കാരണം ഗുരുവായൂരിലെ ജോലി പ്രണവിന് അത്രമാത്രം സംതൃപ്തി നൽകുന്നു. ‘‘ഗുരുവായൂരപ്പനാണ് എന്നെ വളർത്തിയത്. ഭഗവാന്റെ അനുഗ്രഹങ്ങളാണ് ഇതുവരെ എത്തിച്ചത്. ആ തിരുനടയിലെ ജോലിയാണ് ആരെങ്കിലുമൊക്കെ അറിയുന്ന ആളായി എന്നെ മാറ്റിയതിനു പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുതന്നെ ധാരാളം. ഇനി വല്ലതും നല്‍കാൻ ഭഗവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് എന്നെ തേടിയെത്തും. അതു മതി. അതു മാത്രം മതി’’– പ്രണവ് പറഞ്ഞു നിർത്തി.
English Summary: Photographer Pranav C Subash on life changing moment in his life