ADVERTISEMENT

യുക്രെയ്ന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ ഉപരോധങ്ങളുമെല്ലാം റഷ്യന്‍ ആയുധ വിപണിയെ തളര്‍ത്തിയപ്പോള്‍ ഉണര്‍വായ മറ്റൊരു രാജ്യമുണ്ട്, ഫ്രാന്‍സ്. ഇന്ത്യയും ഖത്തറുമായുള്ള ഏറ്റവും പുതിയ ആയുധ കരാറുകള്‍ ഫ്രാന്‍സിന്റെ പ്രതിരോധ വിപണി കൂടുതല്‍ വിപുലപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ്. ഏറെ വൈകാതെ റഷ്യയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ കയറ്റുമതി രാഷ്ട്രമായി മാറാനൊരുങ്ങുകയാണ് ഫ്രാന്‍സ്. 

 

ജൂലൈ 14നു നടന്ന ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അതിഥിയായി പങ്കെടുത്തിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധ സേനകളുടേയും ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെയും പരേഡ് ദേശീയദിനാഘോഷങ്ങള്‍ക്കിടെ നടന്നു. ഇതിനൊപ്പം അണിയറയില്‍ പ്രതിരോധ കരാറുകളുടെ ചര്‍ച്ചകളും സജീവമായിരുന്നു. 

 

2018നും 2022നും ഇടയില്‍ 11 ശതമാനമായി ആഗോള ആയുധ വില്‍പനയിലെ ഫ്രാന്‍സിന്റെ പങ്ക് വര്‍ധിച്ചിരുന്നു. അതിനു മുമ്പുള്ള നാലു വര്‍ഷക്കാലത്ത് ഇത് 7.1 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ റഷ്യയുടെ ആഗോള ആയുധ വില്‍പന കുറഞ്ഞുവെന്നും സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(SIPRI) മാര്‍ച്ചില്‍ പുറത്തുവിട്ട റിപോര്‍ടില്‍ പറയുന്നു. റഷ്യയുടെ പങ്കാളിത്തം ആഗോള ആയുധ വിപണിയുടെ 22 ശതമാനത്തില്‍ നിന്നും 16 ശതമാനമായാണ് കുറഞ്ഞത്. 

 

റഷ്യന്‍ ആയുധ കയറ്റുമതിയിലുണ്ടായ കുറവിന് പലകാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രധാനം യുക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങളുമാണ്. ആയുധ നിര്‍മാണത്തിനുവേണ്ട അസംസ്‌കൃത വസ്തുക്കളില്‍ പലതും ഇറക്കു മതി ചെയ്യുന്നത് ഉപരോധങ്ങളെ തുടര്‍ന്ന് തടസപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വന്ന പല റിപോര്‍ടുകളും റഷ്യക്ക് തിരിച്ചടിയാവുകയും ചെയ്തു. 

 

ഇപ്പോഴും റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കിലും റഷ്യന്‍ പ്രതിരോധ ഉപകരണങ്ങളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യക്ക് അസംതൃപ്തിയുണ്ടെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതും റഷ്യക്ക് തിരിച്ചടിയായി. എങ്കിലും ലോകത്തെ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമായ ഇന്ത്യയുടെ പ്രധാന ആയുധ പങ്കാളി റഷ്യ തന്നെയാണ്. 

 

ലോകത്തെ രണ്ടാമത്തെ പ്രതിരോധ വിപണിയെന്ന സ്ഥാനത്തേക്കുള്ള ഫ്രാന്‍സിന്റെ വളര്‍ച്ചക്കു പിന്നില്‍ റഫാല്‍ പോര്‍വിമാനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഡാസോ ഏവിയേഷന്‍ നിര്‍മിക്കുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ 2002 മുതല്‍ ഫ്രാന്‍സിനുവേണ്ടി സേവനം അനുഷ്ടിക്കുന്നുണ്ട്. 2015 മുതലാണ് റഫാല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സ് കയറ്റുമതി തുടങ്ങിയത്. ഇന്ത്യക്കു പുറമേ ഗ്രീസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ഫ്രാന്‍സ് റഫാല്‍ പോര്‍വിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ക്രൊയേഷ്യയും ഇന്തോനേഷ്യയും യു.എ.യും അടക്കമുള്ള രാജ്യങ്ങളിലേക്ക് വൈകാതെ റഫാല്‍ എത്തും. ഇതില്‍ യു.എ.ഇ മാത്രം 2021ല്‍ 80 സ്റ്റാന്‍ഡേഡ് എഫ്4 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെത്തിയിരുന്നു. 

 

റഷ്യ യുക്രെയ്‌നു നേരെ 2022ല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഡാസോ ഏവിയേഷന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. റഷ്യന്‍ ആക്രമണം ആരംഭിച്ച് ഇന്നു വരെ ഏതാണ്ട് ഇരട്ടിയോളമാണ് ഡാസോയുടെ ഓഹരിമൂല്യം വര്‍ധിച്ചത്. 2021ലാണ് ഫ്രാന്‍സ് ചൈനയെ മറികടന്ന് പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 59 ശതമാനമാണ് ഫ്രാന്‍സിന്റെ പ്രതിരോധ ഉപകരണങ്ങളുടെ വില്‍പന വര്‍ധിച്ചതെന്നാണ് 2022ലെ SIPRI റിപോര്‍ട് പറയുന്നത്. 2024ലോ അതിനടുത്ത വര്‍ഷങ്ങളിലോ റഷ്യയെ മറികടന്ന് ഫ്രാന്‍സ് ആയുധ വില്‍പനയില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരാവുമെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT