ADVERTISEMENT

വ്യോമസേനക്കും കരസേനക്കും പിന്നാലെ നാവികസേനയിലും ആദ്യമായി വനിതാ ഹെലിക്കോപ്റ്റര്‍ പൈലറ്റ്. കണ്ണൂർ സ്വദേശിനി സബ് ലെഫ്റ്റനന്റ് അനാമിക ബി രാജീവാണ് ഇന്ത്യന്‍ നാവികസേനയിലെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിത. തമിഴ്‌നാട്ടിലെ അരക്കോണത്തെ നേവല്‍ എയര്‍സ്‌റ്റേഷനായ ഐഎന്‍എസ് രജാലിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ അനാമിക ബി രാജീവിന് ഗോള്‍ഡന് വിങ്‌സ് ബഹുമതിയും സമ്മാനിച്ചു.

ലഡാക്കില്‍ നിന്നും നാവികസേനയുടെ ഭാഗമായ ആദ്യ ഓഫീസര്‍ ലെഫ്റ്റനന്റ് ജമയങ് സെവാങും ഹെലിക്കോപ്റ്റര്‍ പൈലറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ഇവര്‍ അടക്കം 21 പൈലറ്റുകള്‍ക്ക് ഈസ്റ്റേണ്‍ നേവല്‍ കമാന്റ് ചീഫ് വൈസ് അഡ്മിറല്‍ രാജേഷ് പെന്‍ഡാര്‍ക്കര്‍ ഗോള്‍ഡന്‍ വിങ്‌സ് ബഹുമതി സമ്മാനിച്ചു.

22 ആഴ്ച്ച നീണ്ട പരിശീലനമാണ് നാവിക സേന പൈലറ്റുമാര്‍ക്ക് ഐഎന്‍എസ് രജാലിയില്‍ ലഭിച്ചത്. നാവികസേനയില്‍ ഡോര്‍ണിയര്‍ 228 നിരീക്ഷണ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ വനിതാ പൈലറ്റുമാര്‍ പറത്തുന്നുണ്ട്. എങ്കിലും നാവിക സേനയുടെ ഹെലിക്കോപ്റ്റര്‍ പറത്താന്‍ യോഗ്യത നേടുന്ന ആദ്യ വനിതയെന്ന ബഹുമതി സബ് ലെഫ്റ്റനന്റ് അനാമിക ബി രാജീവ് സ്വന്തമാക്കി. ഇനി മുതല്‍ നാവികസേനയുടെ ചേതക്, സീ കിങ്, ധ്രുവ്, എംഎച്ച്-60ആര്‍ സീ ഹോക്ക് ഹെലിക്കോപ്റ്ററുകള്‍ വനിതാ പൈലറ്റും പറത്തും. ഹെല്‍ഫയര്‍ മിസൈലുകളും എംകെ 54 ടോര്‍പെഡോകളും അടങ്ങുന്ന ആയുധങ്ങള്‍ ഈ ഹെലിക്കോപ്റ്ററുകളില്‍ വിന്യസിച്ചിട്ടുണ്ട്.

പരിശീലനം പൂര്‍ത്തിയാക്കിയ നാവികസേന പൈലറ്റുമാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതിന്റെ പുരസ്‌ക്കാരം ലെഫ്റ്റനന്റ് ഗുര്‍കിരത് രജ്പുതിന് ലഭിച്ചു. സബ് ലെഫ്റ്റനന്റ് കുന്റെ സ്മാരക ബുക്ക് പ്രൈസ് ലെഫ്റ്റനന്റ് നിതിന്‍ ശരണ്‍ ചതുര്‍വേദിക്ക് സമ്മാനിച്ചു. ഇന്ത്യന്‍ നാവികസേനക്കുവേണ്ടി കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ 849 പൈലറ്റുമാരെ ഹെലിക്കോപ്റ്റര്‍ ട്രെയിനിങ് സ്‌കൂള്‍ വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനക്കും കോസ്റ്റ്ഗാര്‍ഡിനും മാത്രമല്ല സുഹൃദ് രാഷ്ട്രങ്ങളിലെ പൈലറ്റുമാര്‍ക്കും ആരക്കോണത്തെ ഐഎന്‍എസ് രജാലിയിലെ ഹെലിക്കോപ്റ്റര്‍ ട്രെയിനിങ് സ്‌കൂള്‍ പരിശീലനം നല്‍കിയിട്ടുണ്ട്.


ഇന്ത്യന്‍ വ്യോമസേനയിലെ 19 വനിതാ പൈലറ്റുമാര്‍ പോര്‍ വിമാനങ്ങള്‍ പറത്തുന്നുണ്ട്. മിഗ് 21 എസ്, മിഗ് 29എസ്, സുഖോയ് 30എംകെഐ തുടങ്ങി അത്യാധുനിക റഫാല്‍ പോര്‍വിമാനങ്ങള്‍ വരെയാണ് വനിതാ പൈലറ്റുമാര്‍ പറത്തുന്നത്. ഹെലിക്കോപ്റ്ററുകളും ചരക്കു വിമാനങ്ങളും അടക്കമുള്ളവ പറത്തുന്ന 145 വനിതാ പൈലറ്റുമാര്‍ ഇന്ത്യയുടെ വ്യോമ-കര-നാവികസേനകളിലായുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com