ADVERTISEMENT

നിര്‍മിത ബുദ്ധി (എഐ)  യുഗത്തിലേക്ക് ആപ്പിള്‍! ഐഫോണ്‍, ഐപാഡ്, മാക് എന്നിവയിലേക്ക് ''ആപ്പിള്‍ ഇന്റലിജന്‍സ്'' എത്തുന്നു. ജനറേറ്റിവ് എഐയുടെ ശേഷിയാണ് കമ്പനിയുടെ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ലഭിക്കുക. ഒരു സേര്‍ച്ച് റിസള്‍ട്ട് പോലെ പൊതുവായി എല്ലാവര്‍ക്കും ലഭിക്കുന്ന രീതിയിലായിരിക്കില്ല ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുക. മറിച്ച് ജനറേറ്റിവ് എഐയുടെ ശേഷി ഒരോ വ്യക്തിക്കും വേണ്ട രീതിയില്‍ രൂപപ്പെടുത്തി നല്‍കുകയായിരിക്കും കമ്പനി. ആപ്പിള്‍ ഇതിനെ ഒരു ''പേഴ്‌സണല്‍ ഇന്റലിജന്‍സ് സിസ്റ്റം'' എന്നാണ് വിശേഷിപ്പിക്കുന്നത്.

ആപ്പിള്‍ ഇന്റലിജന്‍സ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

ഐഓഎസും, ഐപാഡ്ഓഎസും, മാക്ഓഎസും ഉപയോഗിക്കുന്നവരുടെ മൊത്തം കംപ്യൂട്ടിങ് ഇടപെടലുകളെയും പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താനുള്ള് ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് കമ്പനി പറയുന്നു. എഐ ശേഷി ആപ്പിളിന്റെ എതിരാളികള്‍ പല മാസങ്ങളായി നല്‍കിവരികയാണ്. 

ഒരു പക്ഷെ ആപ്പിള്‍ ഇന്റലിജന്‍സ് വ്യത്യസ്തമാകാന്‍ പോകുന്നത് സുപ്രധാനമായ ഒരു മേഖലയിലായിരിക്കാം. മിക്കവാറും എഐ പ്രൊസസിങ് നടത്തുന്നത് അതത് ഉപകരണത്തില്‍ തന്നെ ആയിരിക്കുമെന്ന് കമ്പനി പറയുന്നു. അതായത്, വ്യക്തിയുടെ സ്വകാര്യത നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചേക്കും.

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

അതേസമയം, ചില പ്രൊസസിങുകള്‍ക്കായി ആപ്പിള്‍ പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന സേര്‍വറുകളും പ്രയോജനപ്പെടുത്തും. അപ്പോഴും സ്വകാര്യത നിലനിര്‍ത്തുമെന്നും, ഒരു ഡേറ്റയും സേവ് ചെയ്യില്ലെന്നും കമ്പനി പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സിന്റെ ശേഷി ഭാഷാ പ്രൊസിങിലും ഇമേജ് ജനറേഷനിലും പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവധ ആപ്പുകളിലും ഇത് ലഭ്യമാകും.

റൈറ്റിങ് ടൂള്‍സ്

ഐഓഎസ് 18നില്‍ എഴുതാന്‍ സഹായിക്കുന്ന റൈറ്റിങ് ടൂള്‍സും ഉള്‍പ്പെടുത്തുന്നു. മാറ്റി എഴുതാനും, മാറ്റി എഴുതാനും, പ്രൂഫ്‌റീഡിങ് നടത്താനും, ടെക്സ്റ്റിന്റെ രത്‌നച്ചുരുക്കം നല്‍കാനും ഒക്കെ ഇതു മതിയാകും. ഇത് മെയില്‍, പേജസ്, നോടസ് തുടങ്ങിയ ആപ്പിളിന്റെ സ്വന്തം അപ്പുകളിലും, അവയ്ക്കു പുറമെ തേഡ്-പാര്‍ട്ടി ആപ്പുകളിലും ലഭ്യമാകും. 

പ്ലേബാക്ഗ്രൗണ്ട്

അനിമേഷന്‍, ഇലസ്‌ട്രേഷന്‍, സ്‌കെച് എന്നീ മൂന്നു രീതികളില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവും ആര്‍ജ്ജിക്കുകയാണ് ആപ്പിള്‍ ഉപകരണങ്ങള്‍. ഇതിനെ പ്ലേബാക്ഗ്രൗണ്ട് എന്നാണ് കമ്പനി വിളിക്കുന്നത്. മറ്റു കമ്പനികള്‍ ഇത്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ടെങ്കിലും അതിന്റെ പ്രൊസസിങ് പലപ്പോഴും ക്ലൗഡിലും മറ്റുമായിരിക്കും നടക്കുക. തങ്ങള്‍ ഇതും ഉപകരണത്തിലുള്ളില്‍ തന്നെ നടത്തുമെന്നാണ് കമ്പനി പറയുന്നത്. ഇതിനായി പുതിയ ആപ് വരും. കൂടാതെ, മെസേജസിലും ഇത് പ്രവര്‍ത്തിക്കും. 

മാജിക് ഇറെയ്‌സര്‍

ഫോട്ടോസ് ആപ്പില്‍ ഒരു വിവരണം എഴുതി നല്‍കിയാല്‍ അതിന് അനുസരിച്ചുള്ള ക്രമത്തില്‍ ചിത്രങ്ങളും വിഡിയോയും ലഭിക്കും. വിവരണത്തിന് ഏറ്റവും ഇണങ്ങിയ ഫോട്ടോയും വിഡിയോയും കോര്‍ത്തിണക്കി വിഡിയോ സൃഷ്ടിക്കും.

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളില്‍ നേരത്തെ എത്തിയ മാജിക് ഇറെയ്‌സറിനു സമാനമായി ഫീച്ചര്‍ ഇനി ആപ്പിള്‍ ഉപയോക്താക്കള്‍ക്കും ലഭിക്കും. ചിത്രത്തിലുളള അനാവശ്യ ഘടകങ്ങള്‍ നീക്കം ചെയ്യാന്‍ ഇനി ആപ്പിള്‍ ഉപകരണങ്ങള്‍ക്കും സാധിക്കും. കമ്പനി ഇതിനെ വിളിക്കുന്നത് ക്ലീന്‍ അപ് ടൂള്‍ എന്നാണ്. 

Image Credit: husayno/Istock
Image Credit: husayno/Istock

സിരിയും ഇനി വ്യക്തിപരമായ ഇടപെടല്‍ നടത്തും

ഓരോ ഐഫോണ്‍ ഉടമയുടെയും രീതികളും ആവശ്യങ്ങളും അറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയായിരിക്കും ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരി ഇനി ആര്‍ജ്ജിക്കുക. സ്വാഭാവികവും, സന്ദര്‍ഭോചിതവും, വ്യക്തിപരവുമായ മറുപടികള്‍ ആയിരിക്കും സിരി ഇനി നല്കുക. ഇത് വോയിസ് ആയോ, ടെക്‌സ്റ്റ് ആയോ നല്‍കുകയും ചെയ്യും. ഇവയിലേതു വേണമെന്നുള്ളത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 

ഒരു പ്രത്യേക സമയത്ത് ടെക്സ്റ്റ് സന്ദേശം അയയ്ക്കാന്‍ സെറ്റു ചെയ്യാം. ഓണ്‍-സ്‌ക്രീന്‍ അവയര്‍നെസ് ഫീച്ചര്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ പല ടാസ്‌കുകളും ചെയ്യാനാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. കമ്പനി കാണിച്ച വിഡിയോകളിലൊന്നില്‍ ഒരാളുടെ ഫോട്ടോ കൂമ്പാരത്തില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് തപ്പിയെടുക്കുന്നത് കാണാം. അതിനു ശേഷം അതില്‍ നിന്ന് ലൈസന്‍സ് നമ്പര്‍ വേര്‍തിരിച്ചെടുത്ത് അത് വെബില്‍ പോസ്റ്റു ചെയ്യുന്നതും കാണാം. ഏത് ആപ്പിലും ഒരു സന്ദേശം എഴുതിയുണ്ടാക്കാനോ, അതില്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ മാറ്റംവരുത്താനോ സിരിയുടെ സഹായം തേടാം. 

ഇമെയിലും, ടിക്കറ്റ് ബുക്കിങും മറ്റും തപ്പിയെടുക്കാനും സിരി പ്രയോജനപ്പെടുത്താം. ഓണ്‍-സ്‌ക്രീന്‍ അവയര്‍നെസ്, ഇന്‍-ആപ് ആക്ഷന്‍സ്, ആപ്പിള്‍ ഇന്റെന്റ് തുടങ്ങിയവയും സിരിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 

siri
This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)
siri. (Photo by SEBASTIEN BOZON / AFP)

ചാറ്റ്ജിപിറ്റിയുമായി ചങ്ങത്തത്തിലായി സിരി

ലോകത്തെ ഏറ്റവും മികവുറ്റ എഐ സംവിധാനങ്ങളിലൊന്നാണ് ഓപ്പണ്‍എഐ പ്രവര്‍ത്തിപ്പിക്കുന്ന ചാറ്റ്ജിപിറ്റി. ഓപ്പണ്‍എയും ആപ്പിളുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പല ലളിതമായ ടാക്‌സുകളും സിരി ഉപകരണത്തില്‍ തന്നെ പ്രൊസസിങ് നടത്തും. എന്നാല്‍ സങ്കീര്‍ണ്ണമായ ടാസ്‌കുകള്‍ ക്ലൗഡിലായിരിക്കും പ്രൊസസിങ് നടത്തുക എന്ന് കമ്പനി പറയുന്നു. ജിപിറ്റി-4 ആയിരിക്കും ആപ്പിള്‍ ഉപയോഗിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com