കസ്റ്റമൈസേഷന്‍, ഫോട്ടോസ് ആപ്, വോലറ്റ്; ഐഓഎസിലെ നൂതന ഫീച്ചറുകളെല്ലാം അറിയാം
Mail This Article
ലോകത്തെ ഏറ്റവും പ്രശസ്തമായ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ഐഓഎസിന് സമീപ കാലത്ത് ലഭിച്ചിരിക്കുന്നതിലേക്കും വച്ച് നൂതനത്വം എത്തുന്നു. മെസേജസ്, ഫോട്ടോസ്, മെയില്‍, മാപ്‌സ് തുടങ്ങി ആപ്പിളിന്റെ സ്വന്തം ആപ്പുകളിലെല്ലാം തന്നെ പുതുമകള്‍ കാണാം. അവയില്‍ ചിലത് പരിശോധിക്കാം:
ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍
ആപ്പുകളുടെ ഐക്കണുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള അവസരമാണ് ആപ്പിള്‍ നല്‍കിയിരിക്കുന്ന പുതുമകളിലൊന്ന്. കൂടാതെ, ഐക്കണുകളുടെ നിറവും മാറ്റാം. ഉദാഹരണത്തിന് ഫോണിലുളള ട്രാവല്‍ ആപ്പുകള്‍ക്കെല്ലാം ഒരു നിറം നല്‍കാം.
കൺട്രോൾ സെന്ററും കസ്റ്റമൈസ് ചെയ്യാം
തങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയില്‍ കൺട്രോളുകള്‍ ഇനി സെറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. കൺട്രോളുകള്‍ എല്ലാം പല പേജുകളിലായി വയ്ക്കാം. അവയിലേക്ക് സ്വൈപ് ചെയ്ത് നാവിഗേറ്റു ചെയ്യാനും സാധിക്കും.
പ്രൈവസി ഫീച്ചറുകള്‍
ആപ്പുകളും കൂടുതല്‍ സ്വകാര്യമായി ഉപയോഗിക്കാം. ഇവ തുറക്കാന്‍ ഫെയ്‌സ്‌ഐഡിയോ, പാസ്‌വേഡോ വേണ്ടിവരും എന്നതിനാല്‍ ആരെങ്കിലും ഫോണ്‍ ഉപയോഗിച്ചാലും സ്വകാര്യത വേണ്ട ആപ്പുകള്‍ തുറക്കില്ലെന്ന് ഉറപ്പാക്കാം. കോണ്ടാട്ക്‌സ് അടക്കം മറ്റുള്ളവര്‍ കാണേണ്ട ആപ്പുകള്‍ മറച്ചുവയ്ക്കാനുള്ളസാധ്യതയും നല്‍കും.
മെസേജസ് ആപ്പ്
കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താവുന്ന ഇന്ററാക്ടിവ് ആപ്പായി മാറുകയാണ് മെസേജസ് ആപ്പ്. 'ടാപ് ബാക്ക്' ഫീച്ചര്‍ ഉപയോഗിച്ച് ഒരു പ്രത്യേക ടെസ്റ്റ് സന്ദേശത്തിന് മാത്രമായി മറുപടിയിടാനോ, ഏതെങ്കിലും സമയത്ത് ടെക്‌സ്റ്റ് അയയ്ക്കാനോ, ടെക്‌സ്റ്റിന് ഫോര്‍മാറ്റിങ് മാറ്റാനോ ഒക്കെ സാധിക്കും.
മെയില്‍ ആപ്പിലും പുതുമ
മുൻപെങ്ങും ഇല്ലാതിരുന്ന രീതിയില്‍ കൂടുതല്‍ ഓര്‍ഗനൈസ്ഡ് ആയിരിക്കും മെയിൽ ആപ്, പഴ്‌സണല്‍, ബിസിനസ്, സോഷ്യല്‍ തുടങ്ങി വിവിധ രീതികളില്‍ മെയിലുകളെ വേര്‍തിരിച്ചെടുക്കാം എന്നത് ഇടപെടലുകള്‍ എളുപ്പമാക്കും.
ഫോട്ടോസ് ആപ്പ്
ഫോട്ടോസ് ആപ്പില്‍ ഒരു പ്രത്യേക ഫോട്ടോയോ വിഡിയോയോ കണ്ടെത്തുക എന്നത് കൂടുതല്‍ എളുപ്പമാക്കും. ഫോട്ടോകള്‍ പിന്‍ ചെയ്ത് മാറ്റണമെങ്കില്‍ അതും ചെയ്യാം.
ആപ്പില്‍ വോലറ്റ്
പണം അയയ്ക്കുക എന്നതും വളരെ എളുപ്പത്തിലാക്കിയിരിക്കുകയാണ് ആപ്പിള്‍. പുതിയ ടാപ്-ടു-ക്യാഷ് എയര്‍ഡ്രോപ് പോലെ പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ഇതിലെ പുതുമ.
ആപ്പിള്‍ വിഷന്‍ പ്രോ കൂടുതല്‍ രാജ്യങ്ങളിലേക്ക്
സ്‌പേഷ്യല്‍ കംപ്യൂട്ടര്‍ എന്ന വിവരണമുള്ള ആപ്പിളിന്റെ എആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോ അമേരിക്കയ്ക്കു വെളിയില്‍ വില്‍പ്പനയ്‌ക്കെത്തും. ജൂണ്‍ 28 മുതലായിരിക്കും വില്‍പ്പനയ്‌ക്കെത്തുക. ചൈന, ഹോങ്കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവടങ്ങളിലുള്ളവര്‍ക്ക് ജൂണ്‍ 14ന് ഇത്പ്രീ ഓര്‍ഡര്‍ ചെയ്യാം. ഓസ്‌ട്രേലിയ, ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവിടത്തുകാര്‍ക്ക് ജൂണ്‍ 28ന് പ്രീ ഓര്‍ഡര്‍ ആരംഭിക്കും.
വിഷന്‍ഓഎസ് 2 ആയിരിക്കും ഇനി ഓപ്പറേറ്റിങ് സിസ്റ്റം. ആപ്പിള്‍ ടിവിപ്ലസ്, ആമസോണ്‍ പ്രൈം തുടങ്ങി ഒട്ടനവധി സ്ട്രീമിങ് സേവനങ്ങള്‍ അടക്കം ഇപ്പോള്‍ 2,000 ലേറെ ആപ്പുകള്‍ ലഭ്യമാണെന്നും കമ്പനി പറയുന്നു. സ്‌പോര്‍ട്‌സ്, ഗെയിമിങ്, സര്‍ഗാത്മകത തുടങ്ങി ഒട്ടേറെ മേഖലകളില്‍ പുതുമകളുമായിആണ് വിഷന്‍ പ്രോ എത്തുക. അതേസമയം, അമേരിക്കയില്‍ വിഷന്‍ പ്രോയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഐപാഡ്ഓഎസ് 18
ആപ്പിള്‍ പെന്‍സിലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആപ്പുകള്‍ക്ക് ലഭ്യമാകുന്ന രീതിയിലായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് സജീവമാക്കിയ ഐപാഡ്ഓഎസ് 18 പ്രവര്‍ത്തിക്കുക. മാത് നോട്‌സ് ഉള്‍ക്കൊള്ളിച്ച കാല്‍കുലേറ്റര്‍ ഐപാഡ്ഓഎസിലെത്തും. എം സീരിസ് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നനഐപാഡുകള്‍ക്കായിരിക്കും പുതിയ ഓഎസിന്റെ പല ഗുണങ്ങളും കിട്ടുക. ആപ്പിളിന്റെ പ്രൊസസറും, ന്യൂറല്‍ എഞ്ചിനും ഉളളതാണ് ഇവയ്ക്ക് ഗുണകരമാകുന്നത്.
സ്മാര്‍ട്ട് സ്‌ക്രിപ്റ്റ് സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് കൂടുതല്‍ നന്നായി ഐപാഡില്‍ നോട്ടുകള്‍ എഴുതിയെടുക്കാം. ഐപാഡിന്റെ ഹോം സ്‌ക്രീനും മുമ്പു സാധ്യമല്ലാതിരുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്യാം. സൈഡ്ബാറിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നപുതിയ ടാബ് ബാര്‍ ആണ് മറ്റൊരു നൂതന ഫീച്ചര്‍. ഫോട്ടോസ് ആപ്പും പുതുക്കുന്നു.
മെസെജസ് ആപ്പിനും പുതുമകള്‍ ലഭിക്കുന്നു.എഴുതുമ്പോള്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, അണ്‍ഡര്‍ലൈന്‍ തുടങ്ങിയ രീതികള്‍ അനുവര്‍ത്തിക്കാം. പുതിയ റീഡര്‍ അനുഭവം നല്‍കുന്നതോടെ സഫാരിയില്‍ ശ്രദ്ധപതറാതെ വായിക്കാന്‍ സാധിക്കുന്നു. യാദൃശ്ചികമായി ആരെങ്കിലും ഐപാഡ് എടുത്ത് ഉപയോഗിച്ചാലുംആപ്പുകളിലെ കണ്ടെന്റ് അവര്‍ കാണാതെ സ്വകാര്യമായി സൂക്ഷിക്കാനായി ലോക് ഇടാം.
മാക്ഓഎസ് സിക്കോയ
ആപ്പിള്‍ ഇന്റലിജന്‍സ് ആഴ്ന്നിറങ്ങുന്നതോടെ, ആപ്പിളിന്റെ കംപ്യൂട്ടര്‍ ഓഎസ് ആയ മാക്ഓഎസ് സിക്കോയക്കും (Sequoia) പുതുമകള്‍ ലഭിക്കുന്നു. മുൻപ് സാധ്യമല്ലാത്ത രീതിയില്‍ കരുത്തുറ്റതാകുകയാണ് ഐഫോണ്‍ മിററിങ്. വയര്‍ലെസായി ഐഫോണ്‍ മാക്കില്‍ നിന്ന് ഉപയോഗിക്കാം. ഹൈലൈറ്റ്‌സ്ഫീച്ചര്‍ വഴി വായിച്ചു പോകുന്ന വെബ് പേജുകളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കാം.
ഗെയിമുകള്‍ കൂടുതല്‍ മികച്ചതായി കളിക്കാം. യുബിസോഫ്റ്റിന്റെയടക്കം പുതിയ ഗെയിമുകള്‍ കളിക്കാം. വിഡിയോ കോണ്‍ഫറന്‍സിങിലും വ്യത്യാസം കാണാം. ഐഓഎസിലും മറ്റും കണ്ടതു പോലെ മെസേജസ്, ആപ്പിള്‍മാപ്‌സ്, ഫോട്ടോസ്, നോട്‌സ് തുടങ്ങിയ ആപ്പുകള്‍ക്ക് മാക്കിലും പുതുജീവന്‍ പകരുന്നത് ആപ്പിള്‍ ഇന്റലിജന്‍സ് ആണ്.
ഫിറ്റ്‌നസിന് ഊന്നല്‍ നല്‍കി വാച്ച് ഓഎസ് 11
ആപ്പിള്‍ വാച്ചിന്റെ പുതുക്കിയ ഓഎസും പരിചയപ്പെടുത്തി. മുൻപ് ലഭ്യമല്ലാതിരുന്ന രീതിയില്‍ കൂടുതല്‍ പഴ്‌സണലൈസ് ചെയ്ത രീതിയില്‍ ആരോഗ്യപരിപാലന വിവിരങ്ങള്‍ നല്‍കാനുള്ള ശേഷിയാണ് വാച്ച് ഓഎസ് 11നെ ശ്രദ്ധേയമാക്കുന്നത്. വര്‍ക് ഔട്ട് ആപ്പ്, കസ്റ്റം വര്‍ക്ഔട്‌സ്, ആപ്പിള്‍മാപ്‌സ്, സമ്മറൈസ്ഡ് നോട്ടിഫിക്കേഷന്‍സ്, എന്‍ഹാന്‍സ്ട് ടിക്കറ്റിങ്, ടാപ് ടു ക്യാഷ് തുടങ്ങി പല ടൂളുകളും ആപ്പിള്‍ വാച്ച് ഉപയോക്താക്കൾക്ക് കൂടുതല്‍ പ്രയോജനപ്രദമായേക്കും.
ടിവിഓഎസ് 18
ഹോം എന്റര്‍റ്റെയ്ന്‍മെന്റ് പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് തങ്ങളുടെ ടിവിഓഎസ് 18 എന്ന് ആപ്പിള്‍. ടിവി ആപ് ഉപയോഗിക്കുന്നവര്‍ക്കാണ് പുതുക്കിയ സേവനങ്ങള്‍ ലഭിക്കുക. ഹോം ആപ്പ് ഉപയോഗിച്ച് റോബോട്ട് വാക്വം ക്ലീനറുകള്‍ നിയന്ത്രിക്കാം. എയര്‍പ്ലെക്ക് ഇനി സ്‌പേഷ്യല്‍ഓഡിയോ ഫീച്ചറും ലഭിക്കും. ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കറായ ഹോംപോഡ് സോഫ്റ്റ്‌വെയറും പുതുക്കി.
ഫ്രീ പാസ്‌വേഡ് മാനേജര്‍
സ്വന്തം പാസ്‌വേഡ് മാനേജര്‍ ആപ് പരിചയപ്പെടുത്തിയിരിക്കുകയാണ് ആപ്പിള്‍. ഐഓഎസ്, ഐപാഡ്ഓഎസ്, മാക്ഓഎസ് എന്നിവയിലെല്ലാം ഇത് പ്രവര്‍ത്തിപ്പിക്കാം. സ്വകാര്യ പാസ്‌വേഡ് മാനേജര്‍ ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളി ആയിരിക്കും ഇത് ഉയര്‍ത്തുക.