ADVERTISEMENT

മെയ് 31നാണ് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ റഷ്യന്‍ മണ്ണില്‍ ഉപയോഗിക്കാന്‍ യുക്രെയ്‌നുള്ള നിരോധനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എടുത്തു കളഞ്ഞത്. ഇതിനെ തുടര്‍ന്നാണ് യുക്രെയ്‌നുമായുള്ള യുദ്ധം ആണവ ദുരന്തത്തില്‍ അവസാനിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് എത്തിയത്. ഇപ്പോഴിതാ വെറും മുപ്പതു മിനുറ്റുകൊണ്ട് അമേരിക്കയില്‍ നിന്നും റഷ്യന്‍ ആസ്ഥാനമായ മോസ്‌കോയിലേക്കെത്താന്‍ കഴിവുള്ള ഹൈപ്പര്‍സോണിക് ആണവ മിസൈല്‍ അമേരിക്ക വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.

റഷ്യയും ചൈനയും അടക്കമുള്ള എല്ലാ വെല്ലുവിളികളേയും നേരിടാന്‍ കഴിവുള്ള ഹൈപര്‍സോണിക് മിസൈലാണ് അമേരിക്കന്‍ സൈന്യം പരീക്ഷിച്ചിരിക്കുന്നത്. യുക്രെയ്‌നിലേക്ക് റഷ്യ നടത്തിയ അധിനിവേശം ആണവയുദ്ധത്തിലേക്കും മൂന്നാം ലോക മഹായുദ്ധത്തിലേക്കും വഴിമരുന്നിടുമോ എന്ന ആശങ്കകള്‍ക്കിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. ആണവയുദ്ധ സാഹചര്യത്തെ നേരിടാന്‍ അമേരിക്ക സജ്ജമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പരീക്ഷണമെന്നാണ് യുഎസ് സൈനിക ഒഫീഷ്യലുകളുടെ പ്രതികരണം.

കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് ബഹിരാകാശ സേന ആസ്ഥാനത്തു നിന്നാണ് മിനുട്ട്മാന്‍ III എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ(ICBM) പരീക്ഷണം വിജയകരമായി നടന്നത്. 4,000 മൈല്‍(6,437 കിമി) ദൂരത്തുള്ള ലക്ഷ്യം മണിക്കൂറില്‍ 15,000 മൈല്‍ (24,140 കിമി) വേഗതയില്‍ സഞ്ചരിച്ച് തകര്‍ക്കാന്‍ മിനുട്ട്മാന്‍ IIIന് സാധിച്ചു. പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകളിലായിരുന്നു പരീക്ഷണ സ്ഥലം സ്ഥാപിച്ചിരുന്നത്.


ഭൂമിയിലെ ഏതു നഗരത്തിലേക്കും അരമണിക്കൂറില്‍ എത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അമേരിക്കയുടെ വജ്രായുധമാണ് മിനുട്ട്മാന്‍ III. കാലിഫോര്‍ണിയയില്‍ നിന്നും 5,900 മൈല്‍ അകലെയാണ് മോസ്‌കോയെങ്കില്‍ ബീജിങ് 6,000 മൈല്‍ ദൂരത്തിലാണ്. ഈ രണ്ട് നഗരങ്ങളിലേക്കും അമേരിക്ക തീരുമാനമെടുത്താല്‍ അരമണിക്കൂറിനുള്ളില്‍ മിനുട്ട്മാന്‍ III പറന്നെത്തി സര്‍വനാശം വിതക്കും.

ഭൂഖണ്ഡാന്തര മിസൈലിനു പുറമേ മുങ്ങിക്കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന സബ്മറീന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകളും(SLBM) അമേരിക്ക ഉപയോഗിക്കുന്നുണ്ട്. ഇത്തരം മിസൈലുകള്‍ കടലിനടിയിലെ മുങ്ങിക്കപ്പലുകളില്‍ നിന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുക. 1963 മുതല്‍ 1987 വരെ അമേരിക്കയുടെ കൈവശമുണ്ടായിരുന്ന ടൈറ്റന്‍ മിസൈലിനാണ് വേഗതയുടെ കാര്യത്തില്‍ റെക്കോഡുള്ളത്. മണിക്കൂറില്‍ 16,000 മൈല്‍(ഏകദേശം 25,749 കിമി) വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ടൈറ്റന് സാധിച്ചിരുന്നു. 6,000 മൈല്‍ (9,656 കിമി) ദൂരത്തുള്ള ലക്ഷ്യം വരെ 30 മിനുറ്റിനുള്ളില്‍ തകര്‍ക്കുന്ന മിസൈലായിരുന്നു ടൈറ്റന്‍.

nuclear-fusion - 1

കൂടുതല്‍ ആധുനിക സംവിധാനങ്ങളുള്ള എംഎക്‌സ് പേസ്‌കീപ്പര്‍ പോലുള്ള മിസൈലുകള്‍ക്കുവേണ്ടി ടൈറ്റന്‍ വഴി മാറുകയായിരുന്നു. അമേരിക്കന്‍ ആണവശേഷിയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. അമേരിക്കയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ആണവ മിസൈലായ എല്‍ജിഎം-35എ സെന്റിനല്‍ 2029 ആവുമ്പോഴേക്കും സൈന്യത്തിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2075 വരെ സെന്റിനല്‍ മിസൈലുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായി തുടരും. കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായുള്ള 400 മിനുട്ട്മാന്‍ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പകരക്കാരനാണ് സെന്റിനല്‍ മിസൈലുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com