അന്യഗ്രഹജീവികൾ വേഷം മാറി അഗ്നിപർവതങ്ങളിലും ഭൂമിക്കുള്ളിലും; സിനിമയല്ല, ഹാർവഡിന്റെ പഠനം
Mail This Article
മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ ...അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും. ഏതെങ്കിലും ഹോളിവുഡ് ഫാന്‌റസി സിനിമയുടെ കഥാസന്ദർഭമാണ് ഇതെന്നു വിചാരിച്ചെങ്കിൽ തെറ്റി. അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമർശമാണ് ഇത്. പേപ്പർ തയാറാക്കിയവർ നിസ്സാരക്കാരല്ല. ലോക വിദ്യാഭ്യാസ രംഗത്തെ കൊടിയടയാളമായ ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുൾപ്പെടെയാണ് ഇതിനു പിന്നിൽ.
ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നും നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ഇവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുകയാണെന്നുമാണ് ഈ സങ്കൽപം പറയുന്നത്. അന്യഗ്രഹജീവികൾ ഭൂമിയിലെ സർക്കാരുകളിലും ശക്തമായ മറ്റു സ്ഥാപനങ്ങളിലുമൊക്കെ കടന്നുകൂടി ഭൂമിയുടെ ഗതി തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു വിചാരിക്കുന്നവരുമുണ്ട്. വിൽ സ്മിത്ത് അഭിനയി്ച്ച്, ലോകം മുഴുവൻ വിജയം നേടിയ മെൻ ഇൻ ബ്ലാക് സിനിമാപരമ്പരയൊക്കെ ഈ ഗണത്തിൽ പെടുന്നതാണ്.
യുഎഫ്ഒ
ഇത്തരത്തിൽ ജീവികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാനൊക്കാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു. വളരെ വിചിത്രമായ പല സാധ്യതകളും ഈ പേപ്പർ മുന്നോട്ടുവയ്ക്കുന്നു. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. എന്നാൽ ഈ ജീവികൾ പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസസ്ഥലങ്ങൾ ഉറപ്പിച്ചു.
മറ്റൊരു തരത്തിലുള്ള ക്രിപ്‌റ്റോകൾ മനുഷ്യരുടെ രൂപം ഇല്ലാത്തവരാണ്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ ബേസുകളാണ്. ഇവിടങ്ങളിൽ യുഎഫ്ഒകളുടെ സന്ദർശനം കൂടുതൽ കാണപ്പെടുന്നതിനു കാരണവും ഇതാകാമെന്ന് പ്രബന്ധം സംശയം പ്രകടിപ്പിക്കുന്നു.
ഭൂമി വിട്ട് ചന്ദ്രനിലേക്കും ഈ ഗവേഷകരുടെ ഭാവന എത്തുന്നുണ്ട്. ചന്ദ്രൻ ഒരു അന്യഗ്രഹജീവി ബേസാണെന്നും ഏലിയൻസ് ഇവിടെ ജീവിക്കുന്നുണ്ടാകാമെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നു.എന്നാൽ സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്. ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാൻ 10 ശതമാനം സാധ്യതയാണ് തങ്ങൾ കൽപിക്കുന്നതെന്നും അവർ പറയുന്നു.
ഔമാമുവ
ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിലാണ് ഈ പ്രബന്ധം നൽകിയിരിക്കുന്നത്. ഉടൻ പ്രസിദ്ധീകരിക്കും. ഹാർവഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് പഠനത്തിനു പിന്നിൽ. നേരത്തെ ഹാർവഡ് സർവകലാശാലയിലെ ഗവേഷകനായ ആവി ലീബ് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് വാദങ്ങളുയർത്തി വിവാദമുണ്ടാക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് സൗരയൂഥത്തിനു വെളിയിൽ നിന്നു വന്ന ഔമാമുവ എന്ന വസ്തു അന്യഗ്രഹപേടകമാണെന്നായിരുന്നു ലീബിന്‌റെ വാദം