ADVERTISEMENT

അർജൻ്റീനയെന്നു പറഞ്ഞാൽ അറിയാത്തവരാര്. ലോകത്ത് അനേകം രാജ്യങ്ങളുണ്ട്. ചിലത് അറിയപ്പെടുന്നവയും ചിലത് അറിയപ്പെടാത്തവയുമാണ്. തീർച്ചയായും അർജന്‌റീന വളരെ അറിയപ്പെടുന്ന ഒരു രാജ്യം തന്നെ. കാരണം അവർക്ക് ലോകപ്രശസ്തമായ ഒരു ഫുട്‌ബോൾ ടീമുണ്ട്. 3 ലോകകപ്പുകൾ നേടിയ, മറഡോണയെയും മെസ്സിയെയും പോലുള്ള ഇതിഹാസതാരങ്ങൾ ബൂട്ടുകെട്ടിയ, ധാരാളം ആരാധകരുള്ള ഫുട്‌ബോൾ ടീം. ആ ടീം രാജ്യത്തിനെ ലോകത്തിന്‌റെ മുക്കിലും മൂലയിലും വരെ പ്രശസ്തമാക്കി. എന്നാൽ ഇതിനപ്പുറം അർജൻ്റീന തെക്കേ അമേരിക്കയിലെ പ്രമുഖ രാജ്യങ്ങളിലൊന്നാണ്.

ധാരാളം പ്രകൃതി സമ്പത്തുള്ള ഒരു പഴയകാല സ്പാനിഷ് കോളനി. ശാസ്ത്ര സാങ്കേതിക രംഗത്തൊന്നും അർജൻ്റീനയുടെ പേര് അങ്ങനെ ഉയർന്നു കേൾക്കാറില്ല. പക്ഷേ ഇവിടെ ഒരു ഇടിവെട്ട് കണ്ടുപിടിത്തം നടന്നിട്ടുണ്ടെന്ന് കഥകളുണ്ട്. ആ കണ്ടുപിടിത്തമാണ് മഴപെയ്യിക്കും യന്ത്രം. ഇതിനെച്ചുറ്റിപ്പറ്റി ധാരാളം ദുരൂഹതകളുമുണ്ട്. കാലവർഷം പെയ്യുന്ന ഈ സുഖകരമായ കാലാവസ്ഥയിൽ നമുക്ക് മഴപെയ്യിക്കും യന്ത്രത്തിന്‌റെ കഥയൊന്നു കേൾക്കാം.

ഇപ്പോഴെങ്ങുമല്ല ഈ യന്ത്രത്തിന്‌റെ ഉദ്ഭവകഥ. അതങ്ങ് 1926ൽ ആണ്

അർജൻ്റീനയിലെ എൻട്രോ റിയോസ് പ്രവിശ്യയിൽ ജനിച്ച ഒരു എൻജിനീയറായിരുന്നു യുവാൻ ബയ്‌ഗോറി വെലാർ. അർജൻ്റീനയിലെ അണ്ടർഗ്രാജ്വേറ്റ് പഠനത്തിനു ശേഷം ഇറ്റലിയിലെ മിലൻ സർവകലാശാലയിൽ നിന്ന് വെലാർ ജിയോഫിസിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം പല രാജ്യങ്ങളിൽ ജോലി ചെയ്തു. ഭൂമിക്കടിയിലുള്ള ധാതുസമ്പത്ത് കണ്ടെത്താനായി ആയിടെ വെലാർ ഒരു സംവിധാനം കണ്ടെത്തി.

ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുപയോഗിച്ച് തിരയുന്ന ഒരു സംവിധാനം ആയിരുന്നു ഇത്. ബൊളീവിയയിൽ 1926ൽ ഇതു പ്രവർത്തിപ്പിച്ചപ്പോൾ അവിടെ മഴ പെയ്തു. ആദ്യം വെലാർ ഇതു കാര്യമായി എടുത്തില്ല. എന്നാൽ പിന്നീടും ഇതുതന്നെ സംഭവിച്ചതോടെ എന്തോ പന്തികേട് വെലാർ മണത്തു. തന്‌റെ യന്ത്രത്തിലെ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാണ് മഴയ്ക്ക് കാരണമായതെന്ന് അദ്ദേഹം വിശ്വസിച്ചു.

rain-canva - 1
Image Credit:Canva

1929ൽ വെലാർ അർജന്‌റീനയിൽ തിരിച്ചെത്തി. അവിടത്തെ അരാഹുവോയിൽ താമസമുറപ്പിച്ച് ഒരു പരീക്ഷണശാലയും സ്ഥാപിച്ചു. തന്‌റെ പഴയ യന്ത്രത്തിൽ കുറേ പരിഷ്‌കാരങ്ങൾ നടത്തിയ വെലാർ ഒരു ടിവിയുടെ വലുപ്പത്തിൽ ഒരു യന്ത്രമുണ്ടാക്കി. അതായിരുന്നു മഴ പെയ്യിക്കും യന്ത്രം. ഒരു ബാറ്ററിയും കുറേ ആണവവികിരണശേഷിയുള്ള രാസവസ്തുക്കളും രണ്ട് ആന്‌റിനകളും അടങ്ങിയതായിരുന്നു യന്ത്രം. ഇന്നും ഇതിന്‌റെ കൃത്യമായ ഘടനയും ഉപയോഗിച്ച വസ്തുക്കളും ആർക്കുമറിയില്ല.

സത്യമോ മിഥ്യയോ?

പരീക്ഷണത്തിന്‌റെ ഭാഗമായി ആ വർഷം ജൂലൈയിൽ വെലാർ കുറേ മഴപെയ്യിച്ചെന്ന് അദ്ദേഹം തന്നെ അവകാശപ്പെട്ടു. പിന്നീട് സ്‌പോൺസർഷിപ്പിനായി അർജന്‌റീനയിലെ റെയിൽവേ അധികൃതരെ അദ്ദേഹം സമീപിച്ചു. സാന്‌റിയാഗോ ഡെൽ എസ്‌ട്രോ എന്ന മഴപ്പെയ്ത്ത് തീരെക്കുറവുള്ള പ്രദേശത്ത് മഴപെയ്യിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്രേ. 55 മണിക്കൂർ തന്‌റെ യന്ത്രം പ്രവർത്തിപ്പിച്ച് വെലാർ അതു സാധിച്ചെന്നാണ് കഥ.

പിന്നീട് പൊതുജനങ്ങളുടെ മുന്നിലും വെലാർ മഴപെയ്യിച്ചു. ഇതോടെ അദ്ദേഹം പ്രശസ്തനായി. വിരുന്നുകളും മാധ്യമ ഇന്‌റർവ്യൂകളും അദ്ദേഹത്തെ തേടി വന്നു. അർജന്‌റീന സർക്കാരും യുഎസിലെ പോലും കമ്പനികളും ചോദിച്ചിട്ടും തന്‌റെ യന്ത്രം പ്രവർത്തിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒടുവിൽ അദ്ദേഹം ഒറ്റപ്പെട്ട ജീവിതം തുടങ്ങി. യന്ത്രത്തെപ്പറ്റി എല്ലാവരും മറന്നു. 1972ൽ വെലാർ അന്തരിച്ചു. യന്ത്രം ഏതോ ആക്രിക്കടയിലേക്കു പോയെന്നാണ് കഥ. ഈ ദുരൂഹയന്ത്രം സത്യമോ മിഥ്യയോ. മഴ പെയ്തത് വെലാറിന്‌റെ ഭാഗ്യം കൊണ്ടാണോ? ആ യന്ത്രത്തിനു പിന്നീട് എന്തുപറ്റി..അഭ്യൂഹങ്ങൾ ഇന്നും അവസാനിക്കുന്നില്ല.

English Summary:

In 1926, an engineering student from Argentina named Juan Baigorri Velar claimed to have invented a rainmaking machine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com