ADVERTISEMENT

ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി ഒരു റോവർ ദൗത്യം ലാൻഡ് ചെയ്യിപ്പിച്ച രാജ്യം ചൈനയാണ്. ഇപ്പോഴിതാ ചരിത്രപ്രാധാന്യമുള്ള മറ്റൊരു ദൗത്യം ചന്ദ്രന്റെ ഈ വിദൂരവശത്ത് ഇറങ്ങിയിരിക്കുകയാണ്. ചാങ്ഇ–6 എന്നു പേരുള്ള ഈ ദൗത്യം ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ്.

ഓർബിറ്റർ, ലാൻഡർ, റിട്ടേണർ, അസൻഡർ എന്നിങ്ങനെ നാലു ഭാഗങ്ങളടങ്ങിയതാണ് ദൗത്യം. ഇന്നലെ രാവിലെ ആറരയോടെയാണ് ദൗത്യം ഇറങ്ങിയത്.മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. ഇതിനു ശേഷം എർത്ത്–മൂൺ ട്രാൻസ്ഫർ, നിയർ മൂൺ ബ്രേക്കിങ്, ലൂണാർ ഓർബിറ്റിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ദൗത്യം കടന്നുപോയി. ലാൻഡർ അസൻഡറിനോടൊപ്പം ഓർബിറ്റർ– റിട്ടേണർ സംയുക്തത്തിൽ നിന്നു വേർപെട്ടത് മേയ് 30നാണ്.

അപ്പോളോ ബേസിൻ എന്നയിടത്താണ് ഈ ദൗത്യം ഇറങ്ങിയത്. വിവിധ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് ചൈനീസ് ബഹിരാകാശ ഏജൻസി ലാൻഡിങ്ങിന് ഈ സ്ഥലം തിരഞ്ഞെടുത്തത്. നമ്മൾ കാണുന്ന വശത്തേക്കാളും പരുക്കനായ ഉപരിതലമാണ് ചന്ദ്രന്റെ വിദൂരവശത്തുള്ളത്.  എന്നാൽ അപ്പോളോ ബേസിൻ ഇതിൽ നിന്നു വിഭിന്നമായി അൽപം കൂടി മൃദുലമാണ്.പലവിധ സെൻസറുകൾ അടങ്ങിയിട്ടുള്ളതാണ് ദൗത്യം.

ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപഗ്രഹങ്ങൾ ഇതിലുണ്ട്. പാക്കിസ്ഥാന്റെ ഉപഗ്രഹവും  ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐക്യൂബ് 7 എന്നു പേരിട്ടിട്ടുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ഇത്.  

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ബൃഹത്ത് പദ്ധതിയാണു മൂൺ എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാം.2007ൽ ആണ് ആദ്യ ചാന്ദ്ര ഓർബിറ്റർ ദൗത്യം ചൈന പൂർത്തീകരിച്ചത്. ചാങ്ഇ 1 എന്ന ഓർബിറ്റർ വിജയകരമായി. ഇതോടെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമുള്ള അഞ്ചാമത്തെ രാജ്യമായി ചൈന മാറി. 2013ലെ ചാങ്ഇ 3 ദൗത്യത്തിലൂടെ ആദ്യ ലാൻഡറും റോവറും ചൈന ചന്ദ്രനിലെത്തിച്ചു. ചൈനീസ് ഐതിഹ്യപ്രകാരം ചാന്ദ്ര ദേവതയുടെ പേരാണു ചാങ്ഇ. ദേവതയുടെ ചന്ദ്രനിൽ ജീവിക്കുന്ന അരുമ മുയലാണ് യുടു.ചാങ്ഇ ലാൻഡറിനൊപ്പമുള്ള റോവറിനു യുടു എന്നാണു പേരു നൽകിയത്.

തുടർന്നായിരുന്നു ചാങ് ഇ 4 ദൗത്യം. ഇതുവരെ ആർക്കും ലാൻഡറോ പ്രേബോ ഇറക്കാൻ സാധ്യമല്ലാതിരുന്ന ചന്ദ്രന്റെ വിദൂരവശമാണ് ഇതുവഴി ചൈന ലക്ഷ്യമിട്ടത്. വിദൂരവശത്ത് ആദ്യമായി സോഫ്റ്റ്‌ലാൻഡിങ് വഴി ലാൻഡർ ഇറക്കാൻ ഈ ദൗത്യത്തിലൂടെ ചൈനയ്ക്കു സാധിച്ചു.പിന്നീട് ആദ്യമായി റോവറും അവിടെ ഉരുണ്ടു.

Credit: NASA
Credit: NASA

മുൻദൗത്യങ്ങളുടെ തുടർച്ചയെന്നണം യുടു-2 എന്നായിരുന്നു റോവറിന്‌റെ പേര്. പിൽക്കാലത്ത് ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിക്കാനായി ചാങ് ഇ 5 ദൗത്യവും വിട്ടു. 2020ൽ ഏകദേശം 1.7 കിലോഗ്രാം ചാന്ദ്ര സാംപിളുകൾ ശേഖരിച്ച് ദൗത്യം തിരിച്ചെത്തി.ചന്ദ്രന്റെ കാണാവുന്ന വശമായ നിയർസൈഡിൽ നിന്നായിരുന്നു ഇത്. 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com