ADVERTISEMENT

പ്രതിരോധരംഗത്ത് ശക്തിക്കൊത്ത പ്രാധാന്യം തന്ത്രങ്ങള്‍ക്കുമുണ്ട്. തന്ത്രങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ സൈന്യം എക്കാലത്തും മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ ഓയില്‍ റിഗുകളെ നടുക്കടലിലെ മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുന്ന അമേരിക്കന്‍ നാവികസേന. പസഫിക് സമുദ്രത്തിലെ ചൈനീസ് വെല്ലുവിളികളെ അടക്കം നേരിടാന്‍ പറ്റിയ തന്ത്രമാണിതെന്നാണ് യുഎസ് നാവികസേനയുടെ കണക്കുകൂട്ടല്‍. 

വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സീ എയര്‍ സ്‌പേസ് 2024 എക്‌സ്‌പോയുടെ ഭാഗമായാണ് യുഎസ് നാവികസേന ആദ്യമായി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. പസഫിക് മേഖലയിലെ അമേരിക്കന്‍ സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ഓയില്‍ റിഗുകളെ മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങളാക്കുന്നതു വഴി സാധിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. അധികമായുള്ള ഓയില്‍ റിഗുകളാണ് അമേരിക്ക കടലില്‍ ഒഴുകുന്ന പ്രതിരോധ കേന്ദ്രങ്ങളാക്കി മാറ്റുക. 

us-navy-2-
Image Credit: Yeongsik Im/Shutterstock

ഗിബ്‌സ് ആറ് കോക്‌സ് എന്ന കമ്പനിയാണ് ഓയില്‍ റിഗുകളെ പ്രതിരോധ കേന്ദ്രങ്ങളാക്കി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയായിരിക്കും ഇത്തരം ഓയില്‍ റിഗ് പ്രതിരോധ കേന്ദ്രങ്ങള്‍. മൊബൈല്‍ ഡിഫെന്‍സ്/ഡിപോട് പ്ലാറ്റ്‌ഫോം(MODEP) എന്നാണ് ഇവ അറിയപ്പെടുക. തീരത്തു നിന്നും നിശ്ചിത അകലത്തിലായി സമുദ്രത്തിലായിരിക്കും ഇത്തരം മൊബൈല്‍ ഡിഫെന്‍സ് ഡിപോട് പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കുക. 

അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത്തരം മോഡെപുകള്‍ വഴി സാധിക്കും. 512 വെര്‍ട്ടിക്കല്‍ ലോഞ്ച് സിസ്റ്റം(VLS) സെല്ലുകള്‍ അല്ലെങ്കില്‍ 100 വലിയ മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിക്കാനാവും. ഇത് കടല്‍ വഴിയുള്ള വ്യോമ പ്രതിരോധത്തെ വലിയ തോതില്‍ ശക്തിപ്പെടുത്തും.

കടലില്‍ പൊന്തി കിടക്കുന്ന നിലയിലുള്ള ഈ പ്രതിരോധ സംവിധാനത്തിന് കരയിലെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവു കുറവാണ്. ബാലിസ്റ്റിക് മിസൈല്‍ ഡിഫെന്‍സ്(BMD) സിസ്റ്റം നിര്‍മിക്കുന്നതിന്റെ പത്തു ശതമാനം ചിലവു മാത്രമേ ഓയില്‍ റിഗുകള്‍ പ്രതിരോധ കേന്ദ്രങ്ങളാക്കാനായി വേണ്ടി വരുന്നുള്ളൂ. അതേസമയം ഇത്തരം ഓയില്‍ റിഗ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണങ്ങളുണ്ടാവാനും അത് തകര്‍ക്കാനുമുള്ള സാധ്യത കൂടുതലാണെന്ന ആശങ്ക പ്രതിരോധ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. 

Image Credit:Canva
Image Credit:Canva

അമേരിക്കന്‍ നാവിക സേനയുടെ പുതിയ പദ്ധതി പ്രതിരോധ രംഗത്തെ നിര്‍ണായക തന്ത്രവുമായും വിലയിരുത്തപ്പെടുന്നു. കൂടുതല്‍ മേഖലകളിലേക്ക് പ്രതിരോധ സംവിധാനങ്ങളെ വ്യാപിപ്പിക്കുന്നതിനൊപ്പം പരമാവധി സാങ്കേതികവിദ്യയെ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യവും അമേരിക്കക്കുണ്ട്. കരയിലേയും കടലിലേയും ബാലിസ്റ്റിക് മിസൈല്‍ ഡിഫെന്‍സ് സംവിധാനങ്ങള്‍ക്കിടയിലെ പാലമായും പുതിയ സംവിധാനം മാറിയേക്കാം. തന്ത്രപ്രധാനമായ പസഫിക് മേഖലയിലെ പ്രതിരോധത്തിന് അമേരിക്ക എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങളായി മാറുന്ന ഓയില്‍ റിഗുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com