ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 'കറങ്ങി ' ചൈനീസ് കപ്പലുകൾ; ആശങ്ക ശക്തമാവുന്നു, എന്താണ് ലക്ഷ്യം
Mail This Article
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ സഥിര സാന്നിധ്യം വര്‍ധിക്കുന്നതില്‍ ആശങ്ക ശക്തമാവുന്നു. ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും പഠനത്തിനുമായിട്ടെന്ന രീതിയിലാണ് ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തിയിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03, സോങ് ഷാന്‍ ഡാ സു, യുവാന്‍ വാങ് 7 എന്നീ ചൈനീസ് കപ്പലുകള്‍ക്ക് പ്രതിരോധ സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും സാധിക്കുമെന്നതാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആശങ്കയുടെ അടിസ്ഥാനം.
സമുദ്ര ഗവേഷണത്തിനായുള്ള ചൈനീസ് കപ്പലുകളില്‍ പ്രധാനിയാണ് സിയാങ് യാങ് ഹോങ് 03 എന്ന കപ്പല്‍. സമുദ്രത്തിന്റെ അടിത്തട്ടിന്റെ വിശദമായ ഭൂപടം തയ്യാറാക്കാനും സമുദ്ര സര്‍വേയും വിവരശേഖരണവും നടത്താനുമെല്ലാം സാധിക്കുന്ന ആധുനിക സെന്‍സറുകള്‍ ഈ കപ്പലിലുണ്ട്. ഔദ്യോഗികമായി ശാസ്ത്ര ഗവേഷണമെന്ന് പറയുമ്പോഴും പ്രതിരോധ രംഗത്തിന് ആവശ്യമുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ കപ്പലിന് സാധിക്കും.
ചൈനയിലെ സണ്‍ യാത് സെന്‍ സര്‍വകലാശാലയുടെ കപ്പലാണ് സോങ് ഷാന്‍ ഡാ സു. ഇതും ഒരു സമുദ്രപര്യവേഷണ കപ്പലാണ്. എന്നാല്‍ തന്ത്രപ്രധാനമായ നിരീക്ഷണവും വിവരശേഖരണവും ഇതേ കപ്പലുപയോഗിച്ചും സാധിക്കും. അതുകൊണ്ടുതന്നെ ചൈനയുടെ ഈ കപ്പലിന്റെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നിരന്തര സാന്നിധ്യം ഇന്ത്യക്കു പുറമേ അമേരിക്കയും സഖ്യരാജ്യങ്ങളും കൂടി കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
മൂന്നാമത്തെ ചൈനീസ് കപ്പലായ യുവാന്‍ വാങ് 7 നിരീക്ഷണ കപ്പലാണ്. ചൈനയുടെ ബഹിരാകാശ സപ്പോര്‍ട്ട് ടീമിന്റെ ഭാഗമാണ് ഈ കപ്പല്‍. കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട് യുവാന്‍ വാങ് 7. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളും നിരീക്ഷിക്കാന്‍ ഈ കപ്പലിനാവും.
തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള മേഖലയാണ് ഇന്ത്യന്‍ മഹാ സമുദ്രം. പ്രതിരോധരംഗത്ത് മാത്രമല്ല ഈ ചരക്കു നീക്കങ്ങളുടേയും കപ്പല്‍ പാതകളുടേയും സാന്നിധ്യം മൂലം രാജ്യാന്തര വ്യാപാര മേഖലയിലും ഈ മേഖലക്ക് സ്വാധീനമുണ്ട്. ലോകത്തിലെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ മലാക്ക ഉള്‍ക്കടല്‍ അടക്കം ഈ മേഖലയിലാണ്. സമുദ്രത്തിന്റെ അടിത്തട്ടിന്റെ അടക്കം തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നതുവഴി ഭാവിയില്‍ മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനത്തിന് അടക്കം ഉപയോഗിക്കാന്‍ ചൈനക്ക് സാധിക്കും.
ഇന്ത്യക്കു പുറമേ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയുമെല്ലാം ചൈനയുമെല്ലാം ചൈനീസ് കപ്പലുകളുടെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നിരന്തര സാന്നിധ്യത്തെ ആശങ്കയോടെ കാണുന്നുണ്ട്. ചൈനക്ക് ഇന്ത്യന്‍ മഹാ സമുദ്രമേഖലയില്‍ പരമാവധി സ്വാധീനവും നിയന്ത്രണവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം ഏറെക്കാലമായുണ്ട്. ഔദ്യോഗികമായി പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഈ ചൈനീസ് കപ്പലുകള്‍ നടത്തുന്നതെങ്കിലും പ്രതിരോധ ആവശ്യങ്ങള്‍ക്കു കൂടി ഉപകാരപ്പെടാവുന്ന വിവരശേഖരം നടത്താനുള്ള ഈ കപ്പലുകളുടെ കഴിവാണ് മറ്റു രാജ്യങ്ങളെ കരുതലോടെയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.