ഡ്രോണുകളെ നിര്‍ജീവമാക്കി നിലത്തിറക്കുന്ന മൈക്രോവേവ് ആയുധങ്ങൾ; മെയ്ഡ് ഇൻ ചൈന, പക്ഷേ...
Mail This Article
ഡ്രോണുകളെ നിര്‍ജീവമാക്കുന്ന ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങളുമായി ചൈന. ചൈനയില്‍ നടക്കാനിരിക്കുന്ന സുഹായ്(Zhuhai Airshow) വ്യോമ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന മൂന്ന് ഹൈപവര്‍ മൈക്രോവേവ് ആയുധങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും സംഘര്‍ഷമേഖലയില്‍ ഡ്രോണുകള്‍ തലവേദനയാവുമ്പോഴാണ് ഡ്രോണുകളെ നിലത്തിറക്കാന്‍ സഹായിക്കുന്ന വമ്പന്‍ മൈക്രോവേവ് ആയുധങ്ങളുമായി ചൈനയുടെ വരവ്. ചൈനയുടെ ആവശ്യത്തിനൊപ്പം ഈ ആയുധം കയറ്റി അയക്കാനുള്ള സാധ്യതയും സജീവമാണ്.
ചൈന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്റ് എയറോസ്പേസ് എക്സിബിഷന് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സുഹായ് വ്യോമ പ്രദര്‍ശനം നവംബര്‍ 12 മുതല്‍ 14 വരെയാണ് നടക്കുക. ഇവിടേക്കാണ് ആന്റി ഡ്രോണ്‍ ആയുധങ്ങള്‍ എത്തിച്ചിരിക്കുന്നത്. വ്യോമ പ്രദര്‍ശനത്തിന്റെ അധികൃതര്‍ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലും ഈ ആന്റി ഡ്രോണ്‍ ആയുധങ്ങളുണ്ട്. രാജ്യാന്തര തലത്തില്‍ നോറിന്‍കോ എന്ന പേരിലറിയപ്പെടുനന ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സൗത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്റെ(സിഎസ്ജിസി) വിഡിയോയിലാണ് ആന്റി ഡ്രോണ്‍ ആയുധങ്ങളുള്ളത്.
8×8 ട്രക്കില്‍ ഘടിപ്പിച്ച നിലയിലാണ് ആദ്യത്തെ മൈക്രോവേവ് സംവിധാനമുള്ളത്. കറങ്ങുന്ന ചെറിയ റഡാറും ഡ്രോണുകളുടെ ദിശ മനസിലാക്കാന്‍ ഇതിലുണ്ട്. ചൈനയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനമായ ടൈപ്പ് 625ഇയും ഇതേ ട്രക്കിലാണ് ഘടിപ്പിച്ചിരുന്നത്. ട്രക്കില്‍ കൊണ്ടുപോകാവുന്ന ഈ വ്യോമ പ്രതിരോധ സംവിധാനവും പ്രൊമോഷണല്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തേയും ആന്റി ഡ്രോണ്‍ മൈക്രോവേവ് ആയുധങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് ഷാക്മാന് SX2400/2500-സീരീസ് 8×8 ട്രക്കിലാണ്. ഈ മൈക്രോ വേവ് ആയുധങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതേസമയം ഇതേ വിഡിയോയില്‍ പറക്കുന്ന ഡ്രോണിനെ നിലത്തിറക്കുന്ന ദൃശ്യങ്ങളുമുണ്ട്.
ലോകത്തെല്ലായിടത്തും ഡ്രോണുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. ഡ്രോണുകള്‍ സജീവമായി യുദ്ധങ്ങളിലും സംഘര്‍ഷമേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയതോടെയാണിത്. യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിലടക്കം വലിയ തോതില്‍ ഡ്രോണുകള്‍ യുദ്ധരംഗത്തുണ്ട്. ഒറ്റക്കും പടയായും എത്തുന്ന ഡ്രോണുകളെ നേരിടാനുള്ള ഫലപ്രദമായ സംവിധാനമാണ് ആന്റി ഡ്രോണ്‍ ഹൈ പവര്മൈക്രോവേവ് ആയുധങ്ങള്‍. സാമ്പ്രദായിക ആയുധങ്ങളെ അപേക്ഷിച്ച് ചിലവു കുറവും കൃത്യത കൂടുതലുമാണെന്നതും യുദ്ധമേഖലകളിലെ ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നു. കരയിലും കപ്പലിലും ഉപയോഗിക്കാനാവുന്ന ഡ്രോണുകളെ പിടികൂടുന്ന ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.
സംഘര്‍ഷ മേഖലകളിലേക്ക് വലിയ തോതില്‍ കയറ്റുമതി സാധ്യതയുള്ളവയാണ് ആന്റി ഡ്രോണ്‍ ആയുധങ്ങള്‍. ഇതിനകം തന്നെ ചൈന ഡ്രോണുകളെ തടയുന്ന ലേസര്‍ ഡയറക്ടഡ് ആയുധങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ലേസര്‍ ആയുധങ്ങളേക്കാള്‍ കൂടുതല്‍ സാധ്യത മൈക്രോവേവ് ആയുധങ്ങള്ക്കുണ്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി തലസ്ഥാനമായ തെഹ്റാനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഈ ചൈനീസ് ലേസര്‍ ആയുധമാണ് ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചിരുന്നത്.