ADVERTISEMENT

ഭൂമിയുടെ ഉൾക്കാമ്പിന്റെ ചലനത്തിൽ വലിയ മാറ്റങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പുതിയ പഠനം. ഭൂമിയെക്കാൾ വേഗത്തിൽ ഒരു കാലത്ത് കറങ്ങിക്കൊണ്ടിരുന്ന ഉൾക്കാമ്പ് കഴിഞ്ഞ കുറച്ചുനാളുകളായി കറക്കം പതുക്കെയാക്കിയെന്നും ദിശ തിരിച്ച് കറങ്ങാൻ തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. സീസ്മിക് തരംഗങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 1936ൽ ഡാനിഷ് സീസ്മോളജിസ്റ്റായ ഇങ് ലീമാനാണ് ഭൂമിയുടെ ഉൾക്കാമ്പ് കണ്ടെത്തിയത്.

ഭൗമ ഉപരിതലത്തിൽ നിന്ന് 2900 കിലോമീറ്റർ താഴെയാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും കോറെന്നു വിളിക്കുന്ന ഉൾക്കാമ്പിനുണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു പഠനത്തിൽ, കടുകട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമാണെന്ന് ശാസ്ത്രജ്ഞർ വാദിച്ചിരുന്നു. ടെക്സസ് സർവകലാശാലയുടേതായിരുന്നു ഈ ഗവേഷണം.ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവം ഇതു മൂലമാണുണ്ടായതെന്നും പഠനം പറയുന്നു. 

Photo: AlexLMX/iStock
Photo: AlexLMX/iStock

കൗതുകകരമായ പഠനങ്ങൾ

ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ച് കൗതുകകരമായ പഠനങ്ങൾ സമീപകാലത്ത് ധാരാളം ഇറങ്ങിയിരുന്നു. ഒരു പഠനത്തിൽ  ഉൾക്കാമ്പിനെ ഒരു പുതപ്പുപോലെ ആവരണം ചെയ്യുന്ന ഘടനയുണ്ടെന്ന് കണ്ടെത്തി. ആ ഘടനയ്ക്ക് ചില ഭാഗത്ത് എവറസ്റ്റിന്റെ 5 മടങ്ങ് പൊക്കമുള്ള പർവതങ്ങളുമുണ്ട്. അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് ഈ പഠനം നടത്തിയത്.

പ്രപഞ്ചത്തിന്‌റെ ഉദ്ഭവത്തിനു വഴി വച്ച ബിഗ് ബാങ് സ്‌ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നു പുറന്തള്ളപ്പെടുന്നതായും കംപ്യൂട്ടേഷനൽ പഠനത്തിലൂടെ തെളിഞ്ഞിരുന്നു. ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകം 1380 കോടി വർഷം മുൻപാണു ബിഗ് ബാങ് സ്‌ഫോടനകാലയളവിൽ ഉടലെടുത്തത്.

ഉൾക്കാമ്പിന് തുരുമ്പ്!

ഭൂമിയുടെ ഉൾക്കാമ്പിൽ ഹീലിയം 3യുടെ വലിയ സ്രോതസ്സ് സ്ഥിതി ചെയ്യുന്നെന്നാണ് ഈ പഠനത്തിലൂടെ തെളിഞ്ഞത്. വർഷം തോറും 2 കിലോഗ്രാമോളം ഹീലിയം ത്രീ വാതകം ഭൂമിക്കുള്ളിൽ നിന്നു പുറന്തള്ളപ്പെടുന്നുണ്ടെന്നത് അറിവുള്ള കാര്യമാണ്. ഉൾക്കാമ്പിനെ തുരുമ്പ് ബാധിക്കുന്നെന്നും ശാസ്ത്രജ്ഞർ  കണ്ടെത്തിയിരുന്നു. ഉൾക്കാമ്പിലെ തുരുമ്പ് 250 കോടി വർഷം മു‍ൻപ് ഭൂമിയിൽ സംഭവിച്ച ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റിനെക്കുറിച്ചും വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷ നൽകുന്നതാണ്. 

English Summary:

Earth's inner core is slowing and reversing direction: Scientists explain why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com