കുഞ്ഞിചന്ദ്രൻ കൂട്ടായി വന്നത് അർജുന ബെൽറ്റിൽനിന്ന്: ഭൂമിക്ക് സമീപത്തെ ഛിന്നഗ്രഹ മേഖല
Mail This Article
അങ്ങനെ ഒരുമാസത്തിലേറെയായി ശാസ്ത്രജ്ഞർ പറഞ്ഞതും കാത്തിരുന്നതുമായ കുഞ്ഞൻ ചന്ദ്രൻ അഥവാ മിനിമൂൺ ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് എത്തിക്കഴിഞ്ഞു. ചന്ദ്രൻ എന്നൊക്കെ പേരിലുണ്ടെങ്കിലും 2024 പിടി5 എന്ന് ശാസ്ത്രീയനാമമുള്ള ഒരു ചെറിയ ഛിന്നഗ്രഹമാണ് ഈ വസ്തു.കഴിഞ്ഞമാസമാണ് ഈ വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ആസ്ട്രോയ്ഡ് ടെറസ്ട്രിയൽ ഇംപാക്ട് അലർട് സിസ്റ്റം എന്ന പദ്ധതിയുടെ ടെലിസ്കോപ്പിലാണ് ഇതു വെട്ടപ്പെട്ടത്. അർജുന ബെൽറ്റ് എന്ന ഛിന്നഗ്രഹമേഖലയിൽ പെട്ടതാണ് ഈ ഛിന്നഗ്രഹം.
സൗരയൂഥത്തിൽ കാണപ്പെടുന്ന പ്രത്യേകതരം ഛിന്നഗ്രഹങ്ങളാണ് അർജുന ബെൽറ്റിലുള്ളത്. നിയർ എർത്ത് ഓബ്ജക്ട്സ് അഥവാ ഭൂമിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വസ്തുക്കളാണ് ഈ ബെൽറ്റിലുള്ളത്. ഭൂമിയോട് സാമ്യമുള്ള ഭ്രമണപഥങ്ങളാണ് ഇവയ്ക്കുള്ളത്. ഭ്രമണപഥ സമയങ്ങൾ ഒരു വർഷം ദൈർഘ്യമുള്ളതാണ്.മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ അർജുനനിൽ നിന്നാണ് ഈ ഛിന്നഗ്രഹമേഖലയ്ക്ക് പേരു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി വിവിധ നിരീക്ഷണങ്ങളിലാണ് ഭൂമിക്കു സമീപം സ്ഥിതി െചയ്യുന്ന ഈ ഛിന്നഗ്രഹമേഖല വെളിപ്പെട്ടത്. 50 മീറ്ററിലൊക്കെ താഴെ മാത്രം വ്യാസമുള്ള ഛിന്നഗ്രഹങ്ങളാണ് ഇതിലുള്ളത്.
ശാസ്ത്രജ്ഞർ വളരെയേറെ പ്രാധാന്യം കൽപിക്കുന്ന മേഖലയാണ് അർജുന ബെൽറ്റ്. റോബട്ടിക്, സാംപിൾ റിട്ടേൺ ദൗത്യങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനങ്ങളാണ് ഇവ. ഭാവിയിൽ ഭൂമിക്ക് പുറത്ത് ബഹിരാകാശ ഒബ്സർവേറ്ററികൾ സ്ഥാപിക്കാനുള്ള ദൗത്യങ്ങളിലും ഇവ നിർണായകമായേക്കും.
വലുപ്പം ചെറുതാണെങ്കിലും ഭൂമിയുമായി കൂട്ടിയിടി നടക്കാനുള്ള വിദൂര സാധ്യതകൾ ഇവയ്ക്കുണ്ട്. ഭൂമിയെ മൊത്തത്തിൽ നശിപ്പിക്കാനുള്ള ആഘാതം സൃഷ്ടിക്കാനൊന്നും ഇവയ്ക്ക് കഴിവില്ലെങ്കിലും തദ്ദേശീയമായി കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള ശേഷിയുണ്ട്.