ADVERTISEMENT

ഭൂചലനത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന രൂപകല്‍പന, ശബ്ദം കുറയ്ക്കല്‍, പരിസ്ഥിതി സൗഹാര്‍ദ പ്രകാശ ക്രമീകരണം തുടങ്ങി പല നൂതന സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അടല്‍ സേതു പാലം നിർമിച്ചിരിക്കുന്നത്. ഇത് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്എല്‍) എന്നും അറിയപ്പെടുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യകൾ ഒരു പാലത്തിന്റെ നിര്‍മാണത്തിൽ പ്രയോജനപ്പെടുത്തുന്നതെന്ന് എംഎംഡിആര്‍എ മെട്രോപൊളിറ്റന്‍ കമ്മിഷണര്‍ സഞ്ജയ് മുഖര്‍ജി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പാലം മാത്രമല്ല, ഈ മേഖലയില്‍ രാജ്യത്തിന് ആര്‍ജ്ജിക്കാന്‍ സാധിച്ച സാങ്കേതിക മികവിന്റെ തെളിവു കൂടിയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

മുംബൈയിലെ ശിവ്‌രി മുതൽ നാവസേവ വരെയുള്ള കടൽപാലം അടൽ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ
മുംബൈയിലെ ശിവ്‌രി മുതൽ നാവസേവ വരെയുള്ള കടൽപാലം അടൽ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

നിര്‍മാണം അതിവേഗം

കേവലം അഞ്ചു വര്‍ഷം മാത്രമെടുത്താണ് ഇത്ര വലിയ പാലം നിര്‍മിച്ചത് എന്നത് അസൂയാര്‍ഹമായ നേട്ടമാണ്. പുതിയ സാങ്കേതികവിദ്യ പാലത്തിന് ഉറപ്പു നല്‍കുന്നതിനുപുറമെ പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ്. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചില സാങ്കേതികവിദ്യകള്‍ പരിശോധിക്കാം:

ഭൂകമ്പ പ്രതിരോധം

 6.5 വരെ ശക്തിയുള്ള ഭൂമികുലുക്കത്തെ പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട്. ഭൂചലനമുണ്ടായാല്‍ പാലം അല്‍പം നീങ്ങുന്നതിനാല്‍ അത് തകരാനുള്ള സാധ്യത കുറയുന്നു. അതിനായി ബേസ് ഐസൊലേഷന്‍ ബെയറിങ്‌സ് പാലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ട്രാഫിക് വിവരം തത്സമയമറിയാം

തത്സമയ ട്രാഫിക് വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. പാലത്തിലും അതിനടുത്തുള്ള റോഡുകളിലുമുള്ള ട്രാഫിക്കിനെക്കുറിച്ചും ഈ മേഖലയില്‍ അപകടം നടന്നാൽ അതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ പാലത്തിലൂടെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാം.

സ്റ്റീല്‍ ഡെക്

സ്റ്റീല്‍ ഡെക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് പാലത്തിന്റെ മറ്റൊരു സവിശേഷത. കൊറുഗേറ്റഡ് സ്റ്റീല്‍ പ്ലേറ്റുകളും അവയ്ക്ക് ശക്തി പകരാന്‍ സ്റ്റീല്‍ബീമുകളും ഉപയോഗിച്ചിരിക്കുന്നത് ഘടനാപരമായ ഒരുമ നല്‍കുന്നു. പരമ്പരാഗത പാലങ്ങളില്‍ ഉപയോഗിക്കുന്നത് കോണ്‍ക്രീറ്റ് ഡെക്കുകളാണ്. സ്റ്റീല്‍ ഡെക്കുകള്‍ പാലത്തിന്റെ മൊത്തം ഭാരത്തില്‍ കുറവു വരുത്തുന്നു. അതുവഴി പാലത്തിന് കാറ്റിനെയും തിരമാലകളെയും പ്രതിരോധിക്കാനുള്ള അധികശേഷിയും കൈവരുന്നു.

റിവേഴ്‌സ് സര്‍കുലേഷന്‍ റിഗ്‌സ്

റിവേഴ്‌സ് സര്‍ക്കുലേഷന്‍ റിഗ്‌സ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ പാലത്തില്‍ കമ്പനവും വാഹനങ്ങള്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും കുറയ്ക്കാന്‍ സാധിക്കുന്നു.

നോയിസ് ബാരിയറുകള്‍

വാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകാവുന്ന ശബ്ദം കുറയ്ക്കാനായി ഉപയോഗിച്ചിരിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് നോയിസ് ബാരിയറുകള്‍. 

മുബൈ ഭാഗത്ത് കടൽപാലം ആരംഭിക്കുന്ന ശിവ്രിയിലെ ദൃശ്യം
മുബൈ ഭാഗത്ത് കടൽപാലം ആരംഭിക്കുന്ന ശിവ്രിയിലെ ദൃശ്യം

പരിസ്ഥിതി സൗഹാര്‍ദ്ദ ലൈറ്റുകള്‍

പാലത്തിലേക്ക് പ്രകാശം ചൊരിയാന്‍ ഉപയോഗിച്ചിരിക്കുന്ന ലൈറ്റുകള്‍ക്കുമുണ്ട് സവിശേഷത. ലോ-എനര്‍ജി എല്‍ഇഡി ലൈറ്റുകള്‍ ആണ് അടൽ സേതു പാലത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 

ഇലക്ട്രോണിക് ടോള്‍

ഇലക്ട്രോണിക് ടോള്‍ കലക്‌ഷന്‍ (ഇടിസി), അല്ലെങ്കിൽ ഓപണ്‍ റോഡ് ടോളിങ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നതിനാല്‍ ടോള്‍ ഓട്ടമാറ്റിക്കായി ശേഖരിക്കാന്‍ സാധിക്കുന്നു. ടോള്‍ കൊടുക്കാൻ വാഹനങ്ങള്‍ നിർത്തിയിടേണ്ട കാര്യമില്ല.

Image Credit: husayno/Istock
Image Credit: husayno/Istock

∙ബജറ്റില്‍ ആപ്പിള്‍ അടക്കമുളള ടെക്‌നോളജി കമ്പനികള്‍ക്ക് ആശ്വസ വാര്‍ത്ത 

ഉന്നത നിലവാരമുള്ള സ്മാര്‍ട്ഫോണുകളുടെ ഘടകഭാഗങ്ങളുടെ ഇറക്കുമതിക്ക് നികുതിയിളവ് അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ എന്നു റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍, കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്, ചൈനീസ് കമ്പനിയായ ഷഓമി തുടങ്ങിയവയ്‌ക്കെല്ലാം ആശ്വാസം പകരുന്ന കാര്യമായിരിക്കും അത്. രാജ്യത്തുനിന്ന് മികച്ച സ്മാര്‍ട്ഫോണുകള്‍ കയറ്റി അയയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും ഈ നീക്കം.

ഫോണ്‍ നിര്‍മാണത്തില്‍ ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ ഇത്തരം ഒരു നീക്കം കൂടിയേ തീരൂ എന്നും പറയപ്പെടുന്നു. ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉണ്ടായിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് നൽകുന്ന വിവരം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അന്തിമ നിര്‍ദ്ദേശങ്ങള്‍ ഒരുക്കുന്നത്.

നിലവില്‍ ഫോണ്‍ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ക്ക് 2.5 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഇറക്കുമതി ചുങ്കം. ഇത് സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളിലേതിനേക്കാളും കൂടുതലാണ്. ചൈന, വിയറ്റ്‌നാം, മെക്‌സിക്കോ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഈ മേഖലയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഈ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. ഇത് കുറച്ചില്ലെങ്കില്‍ ഇന്ത്യയില്‍നിന്നുള്ള ഫോണ്‍ കയറ്റുമതി വര്‍ദ്ധിക്കില്ലെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ സെല്ലുലര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്‍ നല്‍കിയിരുന്നു. ഫോണ്‍ ക്യാമറാ ഭാഗങ്ങളുടെ ഇറക്കുമതിച്ചുങ്കം കഴിഞ്ഞ ബജറ്റില്‍ 2.5 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.

∙സ്മാര്‍ട് ഫോൺ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തേക്ക് ആപ്പിള്‍

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ഫോണ്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിള്‍ എന്ന് ഐഡിസിയും ക്യനാലിസും പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്ന സാംസങ്ങിനെ പിന്തള്ളിയാണ് ആപ്പിള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നായി ആപ്പിള്‍ 2023ല്‍ ഏകദേശം 234.6 ഐഫോണ്‍ കയറ്റുമതി ചെയ്‌തു. സാംസങ്ങ് 226.6 ദശലക്ഷം ഫോണുകളാണ് കയറ്റുമതി ചെയ്തത്.  

ഐഫോണ്‍ 15 സീരിസിന് ചൈനയില്‍ 70 ഡോളര്‍ വരെ ഇളവ്

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഐഫോണ്‍ വില്‍ക്കുന്ന രാജ്യം ചൈനയാണ്. അവിടെ ചൈനീസ് കമ്പനികളില്‍ നിന്ന് ഇപ്പോള്‍ കടുത്ത മത്സരമാണ് ആപ്പിള്‍ നേരിടുന്നത്. അതിനു പുറമെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഐഫോണ്‍ വാങ്ങുന്നത് ചൈന നിരുത്സാഹപ്പെടുത്തിയതും ആപ്പിളിന് തിരിച്ചടിയായി. ആപ്പിള്‍ ഐഫോണുകള്‍  ഡിസ്‌കൗണ്ടില്‍ വില്‍ക്കുക എന്നത് അധികം കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. എന്നാല്‍, ഐഫോണ്‍ 15 സീരിസിലുള്ള മോഡലുകള്‍ക്കെല്ലാംചൈനയില്‍ 5 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പരമാവധി 70 ഡോളര്‍ വരെയാണ് ഇത് വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com