ADVERTISEMENT

ആമസോണ്‍ വര്‍ഷാവര്‍ഷം നടത്തുന്ന ആദായ വില്‍പ്പനയുടെ ദിനങ്ങളിലൊന്നാണ് പ്രൈംഡേ. ഈ വര്‍ഷം ഇന്ത്യയിലെ പ്രൈം ഡേ സമയം പ്രഖ്യാപിച്ചു. ജൂലൈ 20ന് രാവിലെ 12ന് ആരംഭിക്കുന്ന വില്‍പ്പന 21ന് രാത്രി 11:59 വരെ നീളും. ആമസോണില്‍ വില്‍ക്കുന്ന മിക്കവാറും എല്ലാ തരത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കിഴിവുകള്‍ ലഭിച്ചേക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ തുണിത്തരങ്ങളും പലചരക്കും വരെയുള്ള മിക്ക വിഭാഗങ്ങളിലും ഉള്ള പല സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിച്ചേക്കാം. ക്രെഡിറ്റ് കാര്‍ഡും, എടിഎം കാര്‍ഡുകളും മറ്റും ഉപയോഗിച്ച് വാങ്ങിച്ചാല്‍ അധിക കിഴിവും നേടാനാകും.

പ്രൈം ഡേ, പ്രൈം അംഗങ്ങള്‍ക്ക്

എല്ലാത്തരം ഉപയോക്താക്കള്‍ക്കും കിഴിവുകള്‍ ലഭിക്കുമെങ്കിലും, പ്രൈം ദിന വില്‍പ്പനയുടെ ഗുണം അധികമായി ലഭിക്കുക ആമസോണ്‍ പ്രൈം വരിക്കാര്‍ക്കായിരിക്കും. നിലവില്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 1,499 രൂപയാണ് നല്‍കേണ്ടത്. ഇപ്പോള്‍ പ്രൈം അംഗം അല്ലെന്നുള്ളതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ആസ്വദിക്കാതിരിക്കേണ്ട കാര്യമില്ല. ഇഷ്ടപ്പെട്ട ഉല്‍പ്പന്നം കാണുകയും അതിന് പ്രൈം മെമ്പര്‍മാര്‍ക്ക് കൂടുതല്‍ കിഴിവ് നല്‍കുന്നുണ്ടെന്നും കണ്ടാല്‍ ആമസോണ്‍ 30 ദിവസത്തേക്ക്നല്‍കുന്ന ഫ്രീ ട്രയലിനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. 

പ്രൈം ദിന ഓഫറുകള്‍ നല്‍കുന്ന കമ്പനികള്‍

പ്രൈം ഡേ 2024ല്‍, നാനൂറ്റി അൻപതോളം കമ്പനികളാണ് ആദായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ അണിനിരത്തുക. സാംസങ്, വണ്‍പ്ലസ്, ഓണര്‍, ഐക്യൂ, ഇന്റല്‍, ബജാജ്, അഗാറോ, ലാവാ, ക്രോംപ്റ്റണ്‍, സോണി, മോട്ടറോള, ബോട്ട്, വു, ഫയര്‍ബോള്‍ട്ട്, എച്പി, എസ്യൂസ്, ടൈറ്റന്‍, ഹൈസെന്‍സ്, ട്രൈഡന്റ്, എയ്‌സര്‍, ലെനോവോ, അമേരിക്കന്‍ ടൂറിസ്റ്റര്‍, പ്ലാന്റെക്‌സ്, വോള്‍ട്ടാസ്, ഫോസില്‍, ഗോദ്രേജ്, അഡിഡാസ്, ക്രോക്‌സ്, ഐഫ്ബി, ടൈറ്റന്‍, ഓറല്‍-ബി, റ്റൊഷീബ, ഐടിസി, പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ള്‍, ഹിമാലയഇങ്ങനെ നീളുകയാണ് പേരുകള്‍. 

ആപ്പിളിന്റെ പേര് ലിസ്റ്റില്‍ കണ്ടില്ലെങ്കിലും കമ്പനിയുടെ ഉപകരണങ്ങള്‍ക്കും കിഴിവ് ലഭിച്ചേക്കുമെന്നാണ് സൂചന. അതുപോലെ, ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളും ആദായ വിലയ്ക്ക് വാങ്ങാനുള്ള അവസരമായിരിക്കും ഇത്. ആമസോണ്‍ എക്കോ സ്പീക്കറുകള്‍, മുതല്‍ ഫയര്‍സ്റ്റിക് വരെയുള്ളവയ്ക്ക് തരക്കേടില്ലാത്ത കിഴിവ് പ്രതീക്ഷിക്കുന്നു. 

prime - 1

ബാങ്ക് ഓഫറുകള്‍

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍, ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയുള്ളവര്‍ക്ക്, ചില ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക കിഴിവ് നല്‍കുന്നു. തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപകാരപ്പെടും. ചില ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 5 ശതമാനം അധിക കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മറ്റെല്ലാവര്‍ക്കും കിട്ടുന്ന കിഴിവുകള്‍ക്ക് പുറമെ ആയിരിക്കുമെന്നുംപറയുന്നു.

ഓപ്പണ്‍ എഐയിലേക്ക് ആപ്പിളും?

സ്വന്തമായി കരുത്തുറ്റ എഐ വികസിപ്പിക്കാനായില്ല എന്ന ആരോപണം നേരിടുന്ന ആപ്പിള്‍, തങ്ങളുടെ കംപ്യൂട്ടിങ് ഉപകരണങ്ങളുടെ അടുത്ത സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ഓപ്പണ്‍എഐ കമ്പനി വികസിപ്പിച്ച എഐ സംവിധാനം ഉള്‍ക്കൊള്ളിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പരസ്പര സഹകരണത്തിനായി ഇരു കമ്പനികളും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണയെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തറിഞ്ഞിരുന്നില്ല. ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന്റെ ഫില്‍ ഷിലര്‍ ഇനി ഓപ്പണ്‍എഐ ബോര്‍ഡില്‍നിരീക്ഷകനായി എത്തിയേക്കും. ആപ്പിള്‍-ഓപ്പണ്‍എഐ ധാരണയുടെ ഭാഗമാകാം ഇത്. ആപ് സ്റ്റോര്‍ മേധാവി എന്ന പദവിയാണ് ആപ്പിളില്‍ ഷിലറിന്. 

നിരീക്ഷകന് ബോര്‍ഡ് മീറ്റിങുകളില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം. പക്ഷെ, വോട്ടിങ് അവകാശം ഉണ്ടായിരിക്കില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, കമ്പനി എന്തുകൊണ്ടാണ്ചില തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്ക് അറിയാനും ആകും. ഷിലര്‍ ഒപ്പണ്‍എഐയില്‍ നിരീക്ഷകനായി എത്തുന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും വിസമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ്. 

ഇതോടെ സിലിക്കന്‍ വാലി കമ്പനികള്‍ തമ്മിലുള്ള സഹകരണം പുതിയൊരു ദിശയിലെത്തി എന്നും പറയാം. ഓപ്പണ്‍എഐ കമ്പനിയില്‍ ഏകദേശം 13 ബില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ച മൈക്രോസോഫ്റ്റ് അതില്‍ നേരത്തെ തന്നെകയറിപ്പറ്റിയിരുന്നു. ഇപ്പോഴിതാ ചില മേഖലകളില്‍ മൈക്രോസോഫ്റ്റിന്റെ എതിരാളിയായ ആപ്പിളും എത്തുന്നു.

തങ്ങളുടെ പുതിയ ബോര്‍ഡിലേക്ക് നിയമിച്ച ചിലരെപ്പറ്റിയുള്ള വിവരങ്ങള്‍ ഓപ്പണ്‍എഐ മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. മേധാവിയായ സാം ഓള്‍ട്ട്മാന്‍, ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്റെമുന്‍ മേധാവി സു ഡെസ്മണ്ട്-ഹെല്‍മാന്‍, സോണി എന്റര്‍റ്റെയ്ന്‍മെന്റ് കമ്പനിയുടെ മുന്‍ പ്രസിഡന്റ് നിക്കോള്‍ സെലിഗ്മാന്‍, ഇന്‍സ്റ്റാകാര്‍ട്ട് മേധാവി ഫിഡ്ജി സിമോ എന്നിവര്‍ ഇനി ഉണ്ടായിരിക്കും. അതേസമയം, ഓപ്പണ്‍എഐയെ കീര്‍ത്തിയാര്‍ജ്ജിക്കാന്‍ സഹായിച്ച മുഖ്യ ശാസ്ത്രജ്ഞന്‍ഇല്ല്യ സറ്റ്‌സ്‌കെവര്‍ രാജിവച്ച് പുറത്തു പോയി പുതിയ കമ്പനി ആരംഭിക്കുകയും ചെയ്തു. 

ഗെയിമിങ് ലാപ്‌ടോപ് പ്രേമികള്‍ക്ക് എംഎഎസ്‌ഐ ക്രോസ്‌ഹെയര്‍ 16

വലിയ സ്‌ക്രീനുള്ള പ്രീമിയം ഗെയിമിങ് ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ ഒരു മോഡല്‍-എംഎഎസ്‌ഐ ക്രോസ്‌ഹെയര്‍ 16 എച്എക്‌സ് മോണ്‍സ്റ്റര്‍ ഹണ്ടര്‍ എഡിഷന്‍. ഗെയിമിങ് സ്റ്റുഡിയോക്യാപ്‌കോമുമായി ചേര്‍ന്നാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കരുത്തുറ്റ ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിഗണിക്കാം. 

ഇന്റല്‍ കോര്‍ ഐ7 14700എച്എക്‌സ് പ്രൊസസര്‍, എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4060 ജിപിയു, രണ്ട് ഡിഡിആര്‍ 5 റാം സ്ലോട്ടുകള്‍ (96ജിബി വരെ സപ്പോര്‍ട്ട് ചെയ്യും), ഒരു യുഎസ്ബി 3.2 ജെന്‍2 ടൈപ്-സിപോര്‍ട്ട്, 3 യുഎസ്ബി 3.2 ജെന്‍1 ടൈപ്-എ പോര്‍ട്ടുകള്‍, ഒരു എച്ഡിഎംഐ 2.1 പോര്‍ട്ട് ഒരു ഓഡിയോ കോംബോ ജാക്, ആര്‍ജെ45 എതര്‍നെറ്റ് കണക്ടര്‍ തുടങ്ങിയവയാണ് പ്രധാന ഹാര്‍ഡ് വെയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

സ്‌ക്രീന്‍ 16-ഇഞ്ച് ക്വാഡ്എച്ഡി ഐപിഎസ് പാനല്‍. ആര്‍ജിബി കീബോഡും ഉണ്ട്. കൂടാതെ, 90വാട്ടവര്‍ 4-സെല്‍ ബാറ്ററിയും ഉണ്ട്. ലാപ്‌ടോപ്പിന് ഭാരം 2.5 കിലോ ആണെന്നത് ശ്രദ്ധിക്കണം. എംഎസ്‌ഐ ബ്രാന്‍ഡ്വില്‍ക്കുന്ന കടകളില്‍ ലാപ്‌ടോപ് ലഭിക്കും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും കിട്ടും. തുടക്ക വേരിയന്റിന് വില 1,67,990 രൂപ. 

ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് ഉപകരണം എംഎഎസ്‌ഐ ക്ലോ വില കുറച്ചു

അതേസമയം, എംഎഎസ്‌ഐയുടെ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് ഉപകരണമായ ക്ലോയുടെ വില കുറച്ചു. അവതരിപ്പിച്ച സമയത്ത് 88,990 രൂപ എംആര്‍പി ഉണ്ടായിരുന്ന ക്ലോ ഇപ്പോള്‍ എംഎഎസ്‌ഐ അംഗീകൃത സ്‌റ്റോറുകളില്‍ 68,990 രൂപയ്ക്കു വില്‍ക്കുന്നു. ഓണ്‍ലൈന്‍ വില 78,990 രൂപ. 

നതിങ് സിഎംഎഫ് ഫോണ്‍ 1 ജൂലൈ 8ന് അവതരിപ്പിക്കും

നതിങ് കമ്പനിയുടെ സബ് ബ്രാൻഡ് ആയ സിഎംഎഫ് പുറത്തിറക്കുന്ന ആദ്യ മോഡല്‍  ജൂലൈ 8ന് അവതരിപ്പിക്കും. സിഎംഎഫ് ഫോണ്‍ 1 എന്നായിരിക്കും പേര് എന്നു കരുതുന്നു.  ഒരു മോഡ്യുലര്‍ ഫോണ്‍ ആയിരിക്കും ഇതെന്നാണ് ഇതുവരെ കിട്ടിയിരിക്കുന്ന സൂചന. ഏകദേശം 20,000 രൂപ ആയിരിക്കും വില എന്നും കരുതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com