വീട്ടിൽ കിടന്നുറങ്ങിയ ആൾ 'നർകോട്ടിക് ഡീലർ', ചോദ്യം ചെയ്യാൻ 'സിബിഐ'; സിനിമയെ വെല്ലുന്ന തിരക്കഥ
Mail This Article
ഏതുനിമിഷവും ആരെയും തേടി ഒരു ഫോൺ കോൾ വരാം. തട്ടിപ്പുകാർ അവരുടെ ഇരകളെ തേടി നാടെങ്ങും വലവിരിച്ചിരിക്കുകയാണ്. ദൈനംദിനമെന്നപോലെ എത്തുന്ന പുതിയ പുതിയ തട്ടിപ്പുകളിൽ വീഴാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണെന്ന് മാത്രം കരുതാം. രജീഷ് പയ്യന്നൂർ തന്റെ ഒരു വിചിത്ര അനുഭവം സ്വന്തം വാക്കുകളിൽ പങ്കുവയ്ക്കുന്നു:
'കുറച്ചു സമയത്തേക്ക് എന്നെ മയക്കുമരുന്ന് വ്യാപാരിയും, കള്ളക്കടത്തുകാരനും, തീവ്രവാദിയും ഒക്കെ ആക്കിയ ഒരു സംഭവമാണ് ഞാനിവിടെ വിവരിക്കാൻ പോകുന്നത്..തുടർന്ന് വായിക്കുക..'തോം തോം തോം ഒരു മുറൈ വന്ത് പാർത്തായ' എന്ന് രാവിലെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു...നാഗവല്ലിയുടെ മനോഹരമായ ശബ്ദമാണ് എന്റെ മൊബൈൽ റിങ്ടോൺ ... ഫോൺ നോക്കിയപ്പോൾ ഒരു അൺ നോൺ നമ്പർ...ഏതു നാഗവല്ലി ആണാവോ രാവിലെ..ഞാൻ ഫോൺ അറ്റൻഡ് ചെയ്തു...
രാവിലെ തന്നെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷുമായി എന്നെ ഒരു ഉപഭോക്ത സംരക്ഷകൻ ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നു...Good morning sir,I am Manish Rana from Zedex Courier....ഗുഡ്മോണിങ് വിഷ് ചെയ്ത് നമ്മുടെ എക്സിക്യൂട്ടീവ് പറഞ്ഞ കാര്യം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു...
രണ്ടുമൂന്നു ദിവസം മുമ്പ് എന്റെ ആധാർ കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ച് തായ്‌വാനിലേക്ക് ബുക്ക് ചെയ്ത കൊറിയർ മുംബെ എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നു. കാരണം ആ പാർസലിൽ 200 ഗ്രാം എംഡിഎംഎ, 5 പാസ്പോർട്ടും ,3 ലാപ്ടോപ്പും, 40 കിലോയുടെ വസ്ത്രങ്ങളും ഒരു ഷൂസുമാണ് ഉണ്ടായിരുന്നത്. (ഏതവനാണാവോ ഉടുക്കാൻ വസ്ത്രങ്ങൾ ഇല്ലാത്ത കള്ളക്കടത്തുകാരൻ).
ഞാനാണെങ്കിൽ മഴയായതുകൊണ്ട് നാല് ദിവസമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്... എക്സിക്യൂട്ടീവിനോട് കാര്യം പറഞ്ഞു, ഞാൻ ബോംബെക്കാരൻ നഹിഹെ എന്ന്...ഇതുകേട്ട് എക്സിക്യൂട്ടീവ് പറഞ്ഞു നിങ്ങൾ ബോംബെക്കാരൻ ആവേണ്ട ആവശ്യമില്ല, ആധാർ നമ്പറും ഫോൺ നമ്പറും നിങ്ങളുടേത് തന്നെയല്ലേ അതുകൊണ്ട് നിങ്ങളെ എത്രയും പെട്ടെന്ന് ബോംബെ ക്രൈം ഓഫീസുമായി ബന്ധപ്പെടുത്തുക എന്നത് കൊറിയർ സർവീസുകാരുടെ ഉത്തരവാദിത്വമാണ്, അതുകൊണ്ട് ഈ കോൾ ബോംബെ ക്രൈം ഡിപ്പാർട്ടുമെന്റുമായി കണക്ട് ചെയ്യുന്നതായിരിക്കും എന്ന് അറിയിച്ചു.
എന്തൊക്കെയാണാവോ നടക്കുന്നത്, കള്ളക്കടത്തുകാരനെ പിടിക്കാൻ കൊറിയർ സർവീസുകാർ സഹായിക്കുന്നു. ഈ നാട് ഇത്ര പെട്ടെന്ന് നന്നായോ? പിന്നെ എന്നെ അറിയുന്നവർക്ക് അറിയാം , നാർകോട്ടിക് ഈസ് എ ഡർട്ടി ബിസിനസ്- ഞാനത് ചെയ്യുകയുമില്ല ആരെയും ചെയ്യാൻ അനുവദിക്കുകയും ഇല്ല..കോൾ ക്രൈം ഡിപ്പാർട്ട്മെന്റിന് കൈമാറി.
നരേഷ് ഗുപ്ത എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സബ് ഇൻസ്പെക്ടർ കാര്യങ്ങൾ ആരാഞ്ഞു.. കാര്യങ്ങളൊക്കെ കേട്ടശേഷം എന്റെ ആധാർ കാർഡ് കൂടുതലായി വെരിഫൈ ചെയ്യണമെന്ന് പറഞ്ഞ് ആധാർ പോർട്ടലുമായി കോൾ കണക്ട് ചെയ്യുന്നു..ഇതിനിടയിൽ മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിന്റെ സ്കൈപ്പ് അക്കൗണ്ട് ലിങ്ക് തന്ന് എന്നോട് വിഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടു.
വിഡിയോ കോൾ ചെയ്തു എന്റെ മുന്നിൽ വച്ച് എസ്ഐ ആധാർ പോർട്ടലിലെ ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നു... മൊത്തം ..ഓവർ..ഓവർ.. തന്നെ. ആധാർ നമ്പർ ചെക്ക് ചെയ്ത പ്രകാരം എന്റെ ആധാർ നമ്പർ ഉപയോഗിച്ചു ബോംബെയിൽ മൂന്ന് അക്കൗണ്ടുകൾ ഓപ്പൺ ചെയ്തതായിട്ട് മനസ്സിലാക്കുന്നു, അതിൽ നിന്നും മാലിക്ക് എന്ന ആളുമായി ബന്ധപ്പെട്ട് മണി ലോൺഡ്രിംഗ് നടത്തിയിട്ടുണ്ട് എന്നും കണ്ടെത്തുന്നു. കോടികളാണ് ഞാൻ വെളുപ്പിച്ച് എടുത്തത്. ചെറുപ്പത്തിൽ ഇരുപതാം നൂറ്റാണ്ട് സിനിമ കണ്ട എനിക്ക് വലുതായാൽ സാഗർ ഏലിയാസ് ജാക്കി അണ്ണനെ പോലെ വലിയ കള്ളക്കടത്തുകാരൻ ആകണം എന്നായിരുന്നു ആഗ്രഹം, അതിപ്പോ ഏതാണ്ട് നടന്നു.
ഇതിനിടയിൽ സ്കൈപ് ചാറ്റിലൂടെ എനിക്ക് മാലിക്ക് എന്ന് പറഞ്ഞ ആളുടെ ഫോട്ടോ അയച്ചു തരുന്നു, ഇയാളെ അറിയുമോ എന്ന് ചോദിക്കുന്നു. അറിയില്ല എന്ന് ഞാനും..ഇത്രയുമായ സ്ഥിതിക്ക് സബ്ഇൻസ്പെക്ടർ എന്നോട് പറയുന്നു, ഇത് കുറച്ച് സീരിയസായ ഇഷ്യു ആണ് അതിനാൽ മുംബൈ സിബിഐ ഡിസിപി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും , കൂടാതെ ഈ കേസ് സിബിഐയ്ക്കു കൈമാറുന്നതിൻ്റെ ഒരു എഗ്രിമെന്റും സ്കൈപ്പ് ചാറ്റ് ബോക്സിലൂടെ അയച്ചുതരുന്നു. എഗ്രിമെന്റ് വായിക്കാൻ ആവശ്യപ്പെടുന്നു. രാജ്യത്തിൻ്റെ അഖണ്ഡതയുടെ സംരക്ഷണത്വത്തിനും വേണ്ടി ഞാൻ ഈ കാര്യം ഒരാളുമായി ഡിസ്കസ് ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. കള്ളക്കടത്ത് ആകുമ്പോ ഒരു രഹസ്യ സ്വഭാവം ഒക്കെ ഉണ്ടാകുമല്ലോ..
സ്കൈപ്പ് കോൾ ഏതാണ്ട് ഒരു മണിക്കൂർ ആയി... ഇത് തട്ടിപ്പ് പരിപാടിയാണ് എന്ന് എന്റെ മനസ്സ് പറയുന്നുണ്ടെങ്കിലും ഞാൻ ഈ സ്കൈപ് കോളിൽ തുടരാൻ ഒരു കാരണമുണ്ട്... ചോദ്യം ചെയ്യുന്നതിനിടെ ആ സബ് ഇൻസ്പെക്ടർ എന്നോട് ചോദിച്ചു കഴിഞ്ഞ മാസം നിങ്ങൾ ഇന്ത്യയിൽ പല സ്ഥലങ്ങളിലായി സഞ്ചരിച്ചിട്ടുണ്ട്, ആ സ്ഥലത്തൊക്കൊ ഈ മാലിക്കിൻ്റെ സാന്നിദ്യം ഉണ്ടായിരുന്നു എന്ന്.. നിങ്ങൾ മാലിക്കിനെ കാണാൻ അല്ലെ സഞ്ചരിച്ചത് എന്നും പറഞ്ഞ് ഞാൻ യാത്ര ചെയ്ത സ്ഥലങ്ങളുടെ ഡീറ്റെയിൽസ് എല്ലാം ഇൻസ്പെക്ടർ പറഞ്ഞു തന്നു..അപ്പോഴാണ് എന്റെ കിളിപോയത്
കഴിഞ്ഞ മാസം ഓൾ ഇന്ത്യ ട്രിപ് പോയ സ്ഥലങ്ങളെല്ലാം എങ്ങനെ ഇവർ ട്രാക്ക് ചെയ്തു എന്നത് അതിശയം ഉണ്ടാക്കി..ഇത് കേട്ടപ്പോൾ മനസ്സിൽ ചെറിയ ഒരു ഭയം കൂടി ഉടലെടുത്തു... കാരണം പല സ്ഥലത്തും താമസിച്ചപ്പോൾ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് കൊടുത്തുവോ എന്ന കാര്യം ഓർമ്മയുമില്ല... ഒരു പക്ഷെ എന്റെ ഫെയ്സ്ബുക്കിൽ ടൂർ അപ്ഡേറ്റ് കണ്ട് കാണും. പക്ഷെ എഫ്ബിയിൽ പോസ്റ്റ് ചെയ്യാത്ത സ്ഥലങ്ങളും ഇവർ ട്രാക് ചെയ്തിട്ടുണ്ട്.. ഈ ടെക്നോളജി വലിയ പ്രശ്നം തന്നെ. ഒരു ചെറുപ്പക്കാരനെ അന്തസായി കള്ളക്കടത്ത് നടത്തി ജീവിക്കാൻ പോലും സമ്മതിക്കില്ല എന്ന് മനസിലായി..
ഡിസിപിയുടെ ചോദ്യം ചെയ്യൽ തുടരുന്നു , അവർ ചോദ്യം ചെയ്യൽ കോടതിയിൽ സമർപ്പിക്കാൻ വിഡിയോ സേവ് ചെയ്യുന്നു എന്ന് പറഞ്ഞു..ഏതാണ്ട് ഒരു മണിക്കൂർ ചോദ്യം ചെയ്തതിൽ നിന്ന് അവർക്ക് ഏതാണ്ട് ഞാൻ നിരപരാധിയാണ് എന്ന് മനസ്സിലായി..എൻറെ അക്കൗണ്ട് ഡീറ്റെയിൽസും ബാലൻസ് ഒക്കെ അവർ ശേഖരിച്ചു .ഇത്ര വലിയ കള്ളക്കടത്തുകാരന്റെ ബാങ്ക് ബാലൻസ് കണ്ടിട്ടായിരിക്കണം പാവം ഡിസിപി വിശ്വസിച്ചത്.അവസാനം ആർബിഐയുടെ ഒരു സർക്കുലർ ഡിസിപി എനിക്ക് അയച്ചു തന്നു. ആ സർക്കുലർ പ്രകാരം എൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും 51111 രൂപ ആര്‍ബിഐയുടെ ഒരു അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കണം അതിന് ശേഷം ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ് അക്കൗണ്ട് വെരിഫൈ ചെയ്ത ശേഷം എനിക്ക് തിരിച്ചയക്കും എന്നും പറഞ്ഞ് അക്കൗണ്ട് നമ്പറും അയച്ചുതന്നു..
ഏതാണ്ട് ഇത് ഒരു സ്ക്രിപ്റ്റഡ് ഉടായിപ്പ് ആണ് എന്ന് എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ പറഞ്ഞു ഞാൻ ഗൂഗിൾ പേ ഒന്നും ഉപയോഗിക്കുന്നില്ല..എനിക്ക് ഈ ബാങ്ക് അക്കൗണ്ടിന്റെ ജനുവിനിറ്റി പരിശോധിക്കേണ്ടതുണ്ട് അതിനാൽ ഞാൻ എൻ്റെ ബാങ്കിൽ പോയി ഡയറക്ട്ടായിട്ട് ഈ അക്കൗണ്ടിലേക്ക് കാശ് അയക്കാം എന്നും പറഞ്ഞ് വീട്ടിൽ നിന്ന് കാർ എടുത്ത് നേരെ പോലീസ് സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.
അപ്പോഴും ഡിസിപിയുടെ ഉത്തരവുണ്ട് ഒരിക്കലും ഈ സ്കൈപ്പു കോൾ കട്ട് ചെയ്യരുത് , ബാങ്ക് അക്കൗണ്ടിൽ കാശ് നിക്ഷേപിച്ച് നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ തന്നെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് വെരിഫൈ ചെയ്തതിനുശേഷം മാത്രമേ കോൾ ഡിസ്കണക്ട്ട് ചെയ്യാവൂ എന്നും അറിയിച്ചു..നിമിഷ നേരം കൊണ്ട് ഞാൻ പൊലീസ് സ്റ്റേഷനിൽ എത്തി എസ്ഐയെ കണ്ടു വിവരങ്ങളൊക്കെ ധരിപ്പിച്ചു ..എസ് ഐ എന്നോട് ചോദിച്ചു നിങ്ങൾ രാവിലെ എണീറ്റ് പത്രം ഒന്നും വായിക്കാറില്ലേ എന്ന്.എന്നിട്ട് അദ്ദേഹം ഇന്ന് രാവിലെ പത്രം എടുത്ത് അതിന്റെ ബാക്ക് സൈഡിൽ ഒരു വാർത്ത കാണിച്ചു തന്നിട്ട് എന്നോട് വായിക്കാൻ പറഞ്ഞു.
ഞാൻ എസ്ഐയോട് പറഞ്ഞ കഥ വളരെ വെടിപ്പായിട്ട് എഴുതി വെച്ചിരിക്കുന്നു...ഇത് വായിച്ചു തീർന്ന എന്നെ പൊലീസുകാരൻ തെല്ലു പരിഹാസത്തോടെ നോക്കി... ആ നോട്ടത്തിൽ പറയുന്നത് ഏതാണ്ട് ഇങ്ങനെ ആയാണ് എനിക്ക് തോന്നിയത് 'ഇവിടെ മനുഷ്യന്മാർക്ക് നൂറ്റെട്ട് തലവേദനയുണ്ട് അതിനിടയിലാണ് അവൻറെ ഒരു തീവ്രവാദവും , കള്ളക്കടത്തും ...' ഞാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത് കൊണ്ടായിരിക്കാം നമ്മുടെ സിബിഐ ഡിസിപി സ്കൈപ് കോളും കട്ട് ചെയ്തു, അയച്ച ചാറ്റും ഡിലീറ്റ് ചെയ്തു... ഞാൻ കേരള പൊലീസിന്റെ സൈബർ സെല്ലിൽ വിളിച്ച് ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു...
അങ്ങനെ കുറച്ച് സമയം ദാവൂദ് ഇബ്രാഹിമും, ചോട്ടാ രാജനും , ഇലുമിനാറ്റിയും ഒക്കെയായ ഞാൻ പിന്നെയും പഴയ രജീഷ് തന്നെ ആയി 'നാർകോട്ടിക് ഈസ് എ ഡർട്ടി ബിസിനസ്- ' ഞാനത് ചെയ്യുകയുമില്ല ആരെയും ചെയ്യാൻ അനുവദിക്കുകയും ഇല്ല. ബിസ്ക്കറ്റ് കച്ചവടം ആണ് എനിക്കിഷ്ടം..ടുട്ടുടു... ടുറുടുറുഡു ...