ചൊവ്വ പ്രശ്നക്കാരൻ തന്നെ, വൃക്കയെ വരെ ബാധിക്കുന്ന ആ ബഹിരാകാശ യാത്ര!
Mail This Article
10-20 വര്‍ങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കുമെന്നാണ് ഇലോണ്‍ മസ്ക് അവകാശപ്പെടുന്നത്. ചൊവ്വായാത്ര പോലുള്ള ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യരില്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടാക്കുമെന്ന് ഇന്നും നമുക്കറിയില്ല. അതേക്കുറിച്ച് വിശദമായ പഠനങ്ങള്‍ പലതും നടന്നു വരികയാണ്. അത്തരമൊരു പഠനം ചൊവ്വയിലേക്കുള്ള യാത്ര നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഒരു കാര്യം കണ്ടെത്തിയിരിക്കുന്നു.
നാല്പതോളം ബഹിരാകാശ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം നടത്തിയ പഠനമാണ് കണ്ടെത്തലിനു പിന്നില്‍. മനുഷ്യരും എലികളുമെല്ലാം ബഹിരാകാശത്തു പോയ ദൗത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ബഹിരാകാശ യാത്രകളില്‍ ഉള്‍പ്പെടുന്നവരുടെ ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിനും നാസക്കുമെല്ലാം മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാന്‍ ദീര്‍ഘകാല പദ്ധതികളുണ്ട്. വരും ദശാബ്ദങ്ങളില്‍ അത് യാഥാര്‍ഥ്യമാവുമെന്നാണ് കണക്കു കൂട്ടുന്നത്. പുതിയ പഠനങ്ങളും കണ്ടെത്തലുകളും ഭാവിയിലെ ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിച്ചേക്കും. യൂനിവേഴ്സിറ്റി കോളജ് ലണ്ടനിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. മൈക്രോഗ്രാവിറ്റിയും ബഹിരാകാശത്തെ ഗാലക്റ്റിക് റേഡിയേഷനും ദീര്‍ഘകാല ബഹിരാകാശയാത്രികര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് പഠനം പറയുന്നത്.
ബഹിരാകാശ യാത്രികരുടെ വൃക്കകളെയാണ് പ്രധാനമായും ബഹിരാകാശ യാത്രകള്‍ ദോഷകരമായി ബാധിക്കുന്നത്. ഒരു മാസത്തില്‍ കുറവു സമയം ബഹിരാകാശത്തു ചിലവഴിച്ചവരില്‍ പോലും വൃക്കയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതേസമയം കുറഞ്ഞ സമയംകൊണ്ട് ബഹിരാകാശത്തേക്ക് വിനോദയാത്ര പോയി വരുന്നവര്‍ക്ക് ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. എന്നാല്‍ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമാവുന്നവരുടെ കാര്യം അങ്ങനെയല്ല.
ദീര്‍ഘകാല ബഹിരാകാശ യാത്ര നടത്തുന്നവരുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുള്ളവരില്‍ വൃക്കയിലെ കല്ല് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടു വരുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ചൊവ്വാ ദൗത്യത്തില്‍ വൃക്കകളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ചൊവ്വയിലെത്തി തിരിച്ചു വരാറാവുമ്പോഴേക്കും യാത്രികര്‍ക്ക് ഡയാലിസിസ് നടത്തേണ്ടി വന്നേക്കാം' എന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഡോ. കെയ്ത് സ്യൂ പറയുന്നത്.
റേഡിയേഷനെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ വൈകി മാത്രം പ്രതികരിക്കുന്ന അവയവമാണ് വൃക്കകള്‍. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോഴേക്കും വൃക്കയിലെ പ്രശ്നം ഗുരുതരമായേക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ചൊവ്വാ ദൗത്യത്തെ തന്നെ ദുരന്തമാക്കി മാറ്റാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സാങ്കേതികമായോ വൈദ്യശാസ്ത്രപരമായോ ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തിയ ശേഷം ചൊവ്വാ ദൗത്യത്തില്‍ ഏര്‍പ്പെടുന്നതായിരിക്കും യാത്രികരുടെ സുരക്ഷക്ക് സഹായിക്കുകയെന്നാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.