ജിയോയ്ക്കു പിന്നാലെ നിരക്കു കൂട്ടി എയർടെലും വിഐയും;എന്തുകൊണ്ട് വർധന?
Mail This Article
റിലയൻസ് ജിയോയ്ക്കു പിന്നാലെ എയർടെലും വോഡഫോൺ–ഐഡിയയും മൊബൈൽ നിരക്ക് വർധിപ്പിച്ചു. എയർടെൽ 12 മുതൽ 15% വർധനയാണ് പല പ്ലാനുകളിലും വരുത്തിയിരിക്കുന്നത്. വോഡഫോൺ–ഐഡിയയുടെ പ്ലാനുകളിൽ 10 മുതൽ 21% വർധനയുണ്ട്. എയർടെലിന്റെ നിരക്ക് ജൂലൈ 3 മുതലും വോഡഫോൺ–ഐഡിയയുടെ നിരക്കുകൾ ജൂലൈ 4 മുതലും പ്രാബല്യത്തിൽ വരും.
ചെറിയ പ്ലാനുകൾക്ക് പ്രതിദിനം 70 പൈസയെന്ന ചെറിയ വർധന മാത്രമേ വരുത്തിയിട്ടുള്ളൂ എന്നാണ് എയർടെലിന്റെ വിശദീകരണം. പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള എയർടെൽ പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും.
ടെലികോം കമ്പനികളുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി നിശ്ചിത കാലയളവിലേക്ക് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 300 രൂപയ്ക്കു മുകളിലായിരിക്കണമെന്നാണ് എയർടെലിന്റെ നിലപാട്. മാർച്ചിൽ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് എയർടെലിന്റെ എആർപിയു 209 രൂപയാണ്. ജിയോയുടേത് 181.7 രൂപയും വോഡഫോൺ–ഐഡിയയുടേത് 146 രൂപയുമാണ്. 5ജി വിന്യാസം അടക്കമുള്ള ചെലവുകൾ പരിഗണിച്ചാണ് നിരക്ക് വർധന.