ADVERTISEMENT

2001ല്‍ അമേരിക്കയിലും കാനഡയിലും സുനാമിക്ക് കാരണമായ ഭൂകമ്പ മാപിനിയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എന്ന് വിശദീകരിച്ചുകൊണ്ടാണ് ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പാലങ്ങളും, ദുരന്തത്തില്‍ വിറങ്ങലിച്ചു പോയ കുടുംബങ്ങള്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വരെ ചിത്രങ്ങളുണ്ട് കൂട്ടത്തില്‍. ഇത്രയും വലിയ ഭൂകമ്പം സംഭവിച്ചിട്ടും നമ്മളറിഞ്ഞില്ലല്ലോ എന്ന് അമ്പരക്കുന്നവരോടാണ്... ജീവന്‍ തുടിക്കുന്ന ഈ ചിത്രങ്ങളെല്ലാം യഥാര്‍ഥമല്ല നിര്‍മിത ബുദ്ധി നിര്‍മിച്ചെടുത്തതാണ്. നടന്നിട്ടേയില്ലാത്ത ഭൂകമ്പത്തിന്റേയും സുനാമിയുടേയും വ്യാജ ചിത്രങ്ങളാണിത്. 

എത്രത്തോളം അപകടകാരിയായി നിര്‍മിത ബുദ്ധിയും സോഷ്യല്‍മീഡിയയും മാറാമെന്നതിന് ഉദാഹരണമായി മാറുകയാണ് അമേരിക്കയിലെ നടക്കാത്ത ഭൂകമ്പത്തിന്റെ വലിയ പ്രചാരം നേടിയ ചിത്രങ്ങള്‍. ടൈലര്‍ സ്വിഫ്റ്റ് മുതല്‍ എലോണ്‍ മസ്‌ക് വരെയുള്ളവര്‍ എഐ സഹായത്താല്‍ നിര്‍മിക്കപ്പെട്ട ഡീപ് ഫെയ്ക് ചിത്രങ്ങളുടെ പേരില്‍ ദുരിതം അനുഭവിച്ചിട്ടുണ്ട്. വ്യാജ ചരിത്ര നിര്‍മിതികള്‍ വരെ എളുപ്പം നിര്‍മിത ബുദ്ധി കൊണ്ടും ഡീപ് ഫേക്ക് സാങ്കേതികവിദ്യകൊണ്ടും സാധ്യമാവുമെന്നതിന്റെ തെളിവാണ് അമേരിക്കയിലേയും കാനഡയിലേയും എഐ ഭൂകമ്പവും സുനാമിയും.

കഴിഞ്ഞ വര്‍ഷം റെഡ്ഡിറ്റിലാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ പലരും പങ്കുവെച്ചതോടെ വീണ്ടും സജീവമാവുകയായിരുന്നു. ചിലരെങ്കിലും ഭൂകമ്പവും സുനാമിയും ശരിക്കും സംഭവിച്ചതാണോ എന്ന സംശയം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സുനാമിക്കു ശേഷമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും സിബിസി റിപ്പോര്‍ട്ടര്‍ പീറ്റര്‍ മാന്‍സ്ബ്രിഗേഡും രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്ന ജോര്‍ജ് ബുഷും ദുരന്ത സ്ഥലത്തു നില്‍ക്കുന്ന അന്നത്തെ കനേഡിയന്‍ പ്രസിഡന്റ് ഷോണ്‍ ക്രെറ്റിയാനുമെല്ലാം ഇത് യഥാര്‍ഥത്തില്‍ നടന്നതു തന്നെയോ എന്ന ചോദ്യം ഉയര്‍ത്തുന്നു. 

Credit:RapidEye/Istock
Credit:RapidEye/Istock

'ഇത്തരം വ്യാജ വിവരങ്ങളെ തിരിച്ചറിയാന്‍ 2025ല്‍ നമ്മള്‍ ബുദ്ധിമുട്ടും. 2100 ആവുമ്പോള്‍ യഥാര്‍ഥ ചരിത്രമേത് വ്യാജ ചരിത്രമേതെന്ന് തിരിച്ചറിയാനാവില്ല' എന്നാണ് ഒരു റീഡിറ്റ് ഉപയോക്താവ് കമന്റ് ചെയ്തത്. നിര്‍മിത ബുദ്ധി പൂര്‍ണതയിലേക്കെത്തുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട മറ്റൊരാള്‍ പ്രതികരിച്ചത്. ആ അഭിപ്രായത്തോട് 'ഇത് ആദ്യ ഇന്നിങ്‌സ് മാത്രമേ ആയുള്ളൂ' എന്ന പ്രതികരണമാണ് മറ്റൊരു റീഡിറ്റ് ഉപയോക്താവ് നടത്തിയത്. ഇങ്ങനെയൊന്ന് നടന്ന കാര്യം ഓര്‍ത്തെടുക്കാനാവുന്നില്ലല്ലോ എന്നു ചിന്തിച്ചു പോയത് ഞാന്‍ മാത്രമാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. 

വ്യാജ ചിത്രങ്ങള്‍ മാത്രമല്ല ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചു തന്നെ സെലിബ്രിറ്റികളുടെ വ്യാജ വിഡിയോകള്‍ സാങ്കേതികവിദ്യയുടെ സഹായത്തില്‍ നിര്‍മിക്കുന്നതും വ്യാപകമാവുന്നുണ്ട്. അടുത്തിടെയാണ് മുകേഷ് അംബാനിയുടെ ഡീപ് ഫെയ്ക് വിഡിയോ സ്‌റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പിനായി ഉപയോഗിച്ച വാര്‍ത്ത പുറത്തുവന്നത്. ഇത്തരമൊരു ഡീപ് ഫെയ്ക് വിഡിയോയില്‍ പറഞ്ഞത് അനുസരിച്ച് സ്റ്റോക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച ഡോക്ടര്‍ക്ക് 7.10 ലക്ഷം രൂപയാണ് നഷ്ടമായത്. 

ഭാവിയില്‍ ഇത്തരം ഡീപ്‌ഫേക്ക് ചിത്രങ്ങളും വിഡിയോകളും വ്യാപകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിദിനം ശരാശരി ഏഴായിരത്തോളം സൈബര്‍ കുറ്റങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ 2024 മെയ് മാസത്തിലെ കണക്കാണിത്. സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതല്‍ വ്യാപകമായി തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതോടെ സുരക്ഷിതമായിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന സന്ദേശം കൂടിയാണ് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com