എൻആർഒയുടെ ചാര ഉപഗ്രഹവുമായി സ്പേസ് എക്സ്, അതീവ രഹസ്യം: ഇവരാണോ യഥാർഥ ‘മെൻ ഇൻ ബ്ലാക്ക്’?
Mail This Article
യുഎസിന്റെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷനൽ റീക്കണൈസൻസ് ഓഫിസിന്റെ ചാര ഉപഗ്രഹങ്ങൾ സ്പേസ് എക്സ് കഴിഞ്ഞദിവസം വിക്ഷേപിച്ചു. തങ്ങളുടെ ഉപഗ്രഹശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എൻആർഒ പുതിയ ഉപഗ്രഹം വിട്ടത്. തങ്ങളുടേതായി എത്ര ഉപഗ്രഹങ്ങൾ ബഹിരാകാശത്തുണ്ടെന്ന കാര്യം എൻആർഒ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
യുഎസിന്റെ ഫെഡറൽ ഏജൻസികളെല്ലാം തന്നെ ലോകപ്രശസ്തമാണ്. എഫ്ബിഐ, സിഐഎ, ഡിഇഎ തുടങ്ങിയവയൊക്കെ മിക്കവാറും ഏതെങ്കിലും വാർത്തകളുമായൊക്കെ ബന്ധപ്പെട്ടു വാർത്തകളിൽ ഇടതടവില്ലാതെ നിറഞ്ഞു നിൽക്കാറുമുണ്ട്. എന്നാൽ എൻആർഒ ഇക്കൂട്ടത്തിൽ പെടില്ല. കഴിയുന്നതും വാർത്തകളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാനാണു സംഘടനയ്ക്ക് ഇഷ്ടം.യുഎസിന്റെ പ്രതിരോധവകുപ്പിനു കീഴിലാണ് എൻആർഒ. കഥകളിലൊക്കെ പറയുന്ന അതീവ രഹസ്യസ്വഭാവമുള്ള ‘മെൻ ഇൻ ബ്ലാക്ക്’ എന്ന സംഘടന ഇവർ തന്നെയാണെന്ന് ചില ദുരൂഹതാസിദ്ധാന്തക്കാർ പറയാറുണ്ട്.
ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ വഴി ചിത്രങ്ങളും വളരെ സെൻസിറ്റീവായ വിവരങ്ങളും പകർത്തി യുഎസ് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും നൽകുന്നതാണ് എൻആർഒയുടെ പ്രധാനദൗത്യം. 1992 വരെ ഇങ്ങനെയൊരു സംഘടനയുണ്ടെന്നു പോലും യുഎസ് അംഗീകരിച്ചിരുന്നില്ല. ഇതിനൊരു പേരും നൽകിയിരുന്നില്ല. എന്നാൽ ഇന്നവർ ഇതംഗീകരിക്കുന്നു.
1960ലാണ് ഈ ഓഫിസ് ആദ്യമായി പ്രവർത്തനം തുടങ്ങുന്നത്.കൊറോണ പ്രോഗ്രാം എന്നായിരുന്നു എൻആർഓയുടെ ആദ്യ ഉപഗ്രഹസംവിധാനത്തിന്റെ പേര്. 1960–95 കാലഘട്ടത്തിലാണ് ഇതുണ്ടായിരുന്നത്. അന്ന് സാറ്റലൈറ്റ് ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ട്രാൻസ്മിറ്റ് ചെയ്യാനുള്ള സംവിധാനം ഇല്ലായിരുന്നു. എടുക്കുന്ന ചിത്രങ്ങളുടെ ഫിലിം റോളുകൾ ക്യാപ്സ്യൂളുകളിലാക്കി താഴേക്കിടുകയും അവ വ്യോമസേനാവിമാനങ്ങൾ ഉപയോഗിച്ചു പിടിക്കുകയുമായിരുന്നു പതിവ്.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ കരുത്തിലാണ് എൻആർഒ പ്രവർത്തിക്കുന്നത്.1980ൽ തന്നെ ടാങ്കുകളെയും മറ്റും കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ അവർക്കുണ്ടായിരുന്നു. 2012ൽ എൻആർഒ നാസയ്ക്ക് രണ്ട് സ്പേസ് ടെലിസ്കോപുകൾ സംഭാവനയായി നൽകി. സംഘടന ഉപയോഗിക്കാതെ വച്ചിരുന്ന ടെലിസ്കോപ്പുകളായിരുന്നു അവ. ഇവയുടെ ശേഷി പരിശോധിച്ച നാസ ഞെട്ടിപ്പോയി. തങ്ങളുടെ വിശ്വവിഖ്യാതമായ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിനെക്കാൾ ശേഷിയുള്ളവയാണ് ഇവയെന്ന് അവർ ഉടനടി തന്നെ തിരിച്ചറിഞ്ഞു.
കോടിക്കണക്കിനു രൂപ ബജറ്റിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ഇന്ന് അതിവിപുലമായ പ്രവർത്തനമേഖലകളാണ്. ലോകത്ത് സഞ്ചരിക്കുന്ന യുഎസിന്റേതല്ലാത്ത നല്ലൊരുശതമാനം മുങ്ങിക്കപ്പലുകളെപ്പോലും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. എപ്പോഴും ദുരൂഹതയുടെ പുകമറയിൽ നിൽക്കുന്ന ഈ സംഘടനയെപ്പറ്റി ഡാൻ ബ്രൗണിന്റെ നോവലായ ഡിസപ്ഷൻ പോയിന്റിൽ പറയുന്നുണ്ട്.