മടക്കാൻ കഴിയുമ്പോൾ അറിയിക്കൂ,ആപ്പിളിനെ കളിയാക്കി സാംസങ്; പക്ഷേ വടി കൊടുത്ത് അടി വാങ്ങി!
Mail This Article
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും കരുത്തുറ്റ എതിരാളിയായ സാംസങ് എല്ലാ വര്‍ഷവും പുതിയ ഐഫോണ്‍ സീരിസ് അവതരിപ്പിച്ചു കഴിയുമ്പോള്‍ തന്നെ ചില കളിയാക്കലുകളുമായി തലപൊക്കുക എന്നത് ശീലമാക്കി കഴിഞ്ഞു. പലപ്പോഴും പരോക്ഷമായിരിക്കും ഈ കളിയാക്കൽ. ഈ വര്‍ഷവും സാംസങ് പതിവു തെറ്റിച്ചില്ല. പക്ഷെ, സംഗതി ബൂമറാങ് ആയി എന്നു മാത്രം!
ആപ്പിള്‍ ഇറ്റ്സ് ഗ്ലോടൈം എന്ന പരിപാടിയില്‍ ഐഫോണ്‍ 16 സീരിസ്, ആപ്പിള്‍ വാച്ച്, എയര്‍പോഡസ് എന്നീ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ശ്രദ്ധ പിടിച്ചിരുന്നു. ഈ ഉപകരണങ്ങള്‍ക്കെതിരെ എവിടെ നിന്നാണ് വിമര്‍ശനം ഉയരുന്നത് എന്ന് നോക്കി സാംസങും കാത്തിരുന്നു. ചിലപ്പോള്‍ സാംസങ്തന്നെ കൊച്ചു വിഡിയോകള്‍ ഇറക്കിയാരിക്കും കളിയാക്കല്‍. അല്ലെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും നടത്തുന്ന വിമര്‍ശനങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്യും.
ഇത്തവണ യൂട്യൂബര്‍ ക്വിന്‍ നെല്‍സണ്‍ എന്ന യൂട്യൂബര്‍ എക്സില്‍ ആപ്പിള്‍ വാച്ച് 10ന് എതിരെ ഇട്ട പോസ്റ്റ് ഏറ്റെടുത്തതാണ് സാംസങിനെ തിരിഞ്ഞു കൊത്തിയത്. മുന്‍ തലമുറയുടെ അതേ ഡിസൈന്‍ ആണ് ആപ്പിള്‍ വാച്ച് 10നന് എന്നായിരുന്നു നെല്‍സണ്‍ന്റെ വിമര്‍ശനം. ആപ്പിള്‍ വാച്ച് 10ന്റെ ചിത്രത്തിനൊപ്പം നെല്‍സണ്‍ എഴുതിയത്, 'മനോഹരമായ പുതിയ ഡിസൈന്‍, ആഹ്, അത് പഴയതു തന്നെ' എന്നായിരുന്നു.
ഇതു കാണേണ്ട താമസം സാംസങ് എടുത്ത് തങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ട് ആപ്പിളിനെ കളിയാക്കി. 'നിങ്ങള്‍ തന്നെ അതു പറഞ്ഞിരിക്കുന്നു, ഞങ്ങള്‍ അല്ലേ', എന്നായിരുന്നു സാംസങ് കുറിച്ചത്. ആപ്പിളിനെതിരെയുള്ള കളിയാക്കലിലേറി ഒന്നു ഞെളിയാന്‍ ആയിരുന്നു കൊറിയന്‍ ഭീമന്റെ ശ്രമം.
ഇതു കണ്ട നെല്‍സണ്‍ തിരിച്ചെത്തി തന്റെ ചിലവില്‍ അതു വേണ്ട എന്നറിയിച്ച് സാംസങിനും കൊടുത്തു കനത്ത ഒരു പ്രഹരം-ഹെയ്, അത് നിങ്ങളുടെ (സാംസങിന്റെ) വര്‍ഷങ്ങളായി ആവര്‍ത്തിച്ചു വരുന്ന ഫോണ്‍ ഡിസൈന്‍ പോലെ തന്നെയാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സാംസങിന്റെ സ്വന്തം ആക്രമണം ഇങ്ങനെ
നെല്‍സണ്‍ന്റെ പോസ്റ്റിനു പിന്നാലെ നടന്ന് തങ്ങള്‍ പിടിച്ചത് പുലിവാലാണ് എന്നു മനസിലാക്കിയ സാംസങ് സ്വന്തം നിലയില്‍ ആപ്പിളിനെ ഒന്നു തലോടിയിട്ടുണ്ട്. മുന്‍ വര്‍ഷം തങ്ങള്‍ ഇട്ട ഒരു പോസ്റ്റ് ഗ്ലോടൈമിന്റെ സമയത്ത് വീണ്ടും ഇടുകയാണ് കമ്പനി ചെയ്തത്. 'എപ്പോഴാണ് ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്നത് എന്ന് നമുക്കൊന്ന് അറിയാം', എന്നായിരുന്നു ആ പോസ്റ്റ്. തങ്ങള്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ ഇറക്കുന്നുണ്ടെന്നും ആപ്പിളിന് അത് സാധിച്ചിട്ടില്ലെന്നുമുളളതാണ് അതിന്റ ധ്വനി എന്ന് എല്ലാവര്ക്കും മനസിലാകും. (ആദ്യ ഫോള്‍ഡബ്ള്‍ ഫോണിനായി)'ഇപ്പോഴും കാത്തിരിക്കുകയാണ്' എന്നും കമ്പനി കുറിച്ചു. അതു കൂടാതെ, ഐഫോണ്‍ 16 സീരിസില്‍ ആപ്പിള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന നിര്‍മ്മിത ബുദ്ധി (എഐ) ഫീച്ചറുകളെയും സാംസങ് വിമര്‍ശിച്ചു വിട്ടു.
ആപ്പിള്‍ പുറത്തിറക്കാതെ പോയ ഉപകരണങ്ങള്‍
ഗ്ലോടൈം പരിപാടിയില്‍ ആപ്പിള്‍ പരിചയപ്പെടുത്തും എന്നു നേരത്തെ പറഞ്ഞുകേട്ട, എന്നാല്‍ പുറത്തിറക്കാതെ പോയ ചില ഉപകരണങ്ങള്‍ ഇതാ:
∙ഇത്തവണ അഞ്ചാമത് ഒരു ഐഫോണും കൂടെ ഉണ്ടായിരിക്കും എന്നതായിരുന്നു ഏറ്റവുമധികം പറഞ്ഞു കേട്ടത്. ആദ്യം അത് ഏകദേശം 50000 രൂപ വരുന്ന ഐഫോണ്‍ എസ്ഇ 4 ആയിരിക്കും എന്നായിരുന്നു റൂമര്‍.
∙(ഇത് നടക്കില്ലെന്ന് പിന്നീട് ഉറപ്പായിരുന്നു. എ18 പ്രൊസസറും, എഐ ഫീച്ചേഴ്സും, ഓലെഡ്സ്ക്രീനും, യുഎസ്ബി-സി പോര്‍ട്ടും വച്ച് അണിയിച്ചൊരുക്കിയ ഐഫോണ്‍ എസ്ഇ 4 ഈ വേദിയില്‍ വച്ച് പുറത്തിറക്കിയാല്‍, അത് ഐഫോണ്‍ 16, പ്ലസ് സീരിസിന്റെ കച്ചവടം കൊണ്ടുപോകാന്‍ ഇടയുണ്ടെന്നതോന്നല് കാരണമാണ് അത്.)
∙ പറഞ്ഞു കേട്ടത് ഐഫോണ്‍ ഐഫോണ്‍ അള്‍ട്രാ എന്ന പേരില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ര മെലിഞ്ഞതും വില കൂടിയതുമായ ഒരു ഫോണ്‍ വരുമെന്നായിരുന്നു. ഈ സിംഹവും മടയില്‍ തന്നെ ഇരിക്കുകയാണ്.
∙(ആപ്പിള്‍ ഇത്തരത്തിലുളള പല ഡിവൈസുകളും ടെസ്റ്റ് ചെയ്യാറുണ്ട്. ആ സമയത്ത് ചോര്‍ന്നു കിട്ടുന്ന വിവരങ്ങളാണ് ഊഹാപോഹങ്ങളായി പ്രചരിക്കുന്നത്. ഗുണപരീക്ഷണ ഘട്ടത്തില്‍ വേണ്ടത്ര മികവു പുലര്‍ത്തുന്നില്ലെങ്കില്‍ അത് പുറത്തിറക്കാതിരിക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. വരും വര്ഷങ്ങളില്ചിലപ്പോള് ഇത് അവതരിപ്പിക്കുകയും ചെയ്തേക്കാം.)
ഐപാഡ് മിനി 7
ഐപാഡ് മിനി 6 ലോകമെമ്പാടുമുള്ള വില്‍പ്പന ശാലകളില്‍ സ്റ്റോക് കുറഞ്ഞതാണ് ഐപാഡ് മിനി 7 രംഗപ്രവേശനത്തിന് ഒരുങ്ങുകയാണ് എന്ന പ്രചാരണത്തിനു പിന്നില്‍. ഐപാഡ് മിനി 6 മോഡല്‍ 2021 ല്‍ പുറത്തിറക്കിയതും, എ15 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.
ആപ്പിള്‍ എം2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതും, ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമായ ഒരു ഐപാഡ് മിനി വരുമെന്നാണ് പ്രതീക്ഷിച്ചത്. മിനി 7 വരും മാസങ്ങളില്‍ പുറത്തിറക്കിയേക്കാം.
എയര്‍പോഡ്സ് ലൈറ്റ്
വയര്‍ലെസ് ഇയര്‍ബഡ്സ് ആയ എയര്‍പോഡ്സിന്റെ വില കുറഞ്ഞ പതിപ്പ് എയര്‍പോഡ്സ് ലൈറ്റ് എന്ന പേരില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന പ്രവചനം നടത്തിയത് മിങ്-ചി കുവോ ആണ്. ഏകദേശം 8,000 രൂപ ആയിരക്കും വില. വില കുറഞ്ഞെ ഇയര്‍ബഡ്സിന് നല്ല ചിലവുണ്ടെന്നു മനസിലാക്കിയ ആപ്പിള്‍ അത്തരം ഒന്ന് പുറത്തിറക്കുമെന്നായിരുന്നു പ്രവചനം. ഇതും ടെസ്റ്റിങ് നടത്തിയിരിക്കാം. എന്നാല്‍ വില്‍പ്പനയ്ക്കെത്തിക്കാന്‍ വേണ്ട പ്രകടന മികവ് കാണാത്തതിനാല്‍ അവതരണം മാറ്റിവച്ചിരിക്കുന്നത് ആയിരിക്കാം.
ഐഫോണിന് ഫിസിക്കല്‍ കീബോഡുമായി ക്ലിക്സ്
ഐഫോണ്‍ 16 സീരിസിലുള്ള എല്ലാ മോഡലുകള്‍ക്കും ഫിസിക്കല്‍ കീബോഡ് ഉള്‍ക്കൊള്ളിച്ച കവര്‍ പുറത്തിറക്കിയിരിക്കുകയാണ് ക്ലിക്സ് എന്ന കമ്പനി. വളരെ പ്രശസ്തമാണ് ക്ലിക്സ് കീബോഡ് കവറുകള്‍. മികച്ച ഡിസൈനും, ഫങ്ഷണാലിറ്റിയും ഉള്ള ഇവയ്ക്കും നല്ല വില നല്‍കണമെന്നു മാത്രം.
പുതിയ കീബോഡിനകത്ത് മാഗ്സെയ്ഫ് ഉണ്ട്. അതിനാല്‍, വയര്‍ലെസ് ചാര്‍ജിങ് പ്രശ്നമില്ലാതെ നടത്താം. ഏറ്റവും അടിയിലായി യുഎസ്ബി-സി പോര്‍ട്ടും ഉണ്ട്. ടൈപ് ചെയ്യാന്‍ മാത്രമല്ല ഈ കീബോഡ് ഗുണപ്രദം-ഇതുപയോഗിച്ച് ഷോട്കട്ടുകളും ലോഞ്ച് ചെയ്യാം. ആപ്പിളിന്റെ ഷോട്കട്സ് ആപ്പുമായിസഹകരിച്ച് ഇതു പ്രവര്‍ത്തിപ്പിക്കാം. പെട്ടെന്ന് ഒരു കോണ്ടാക്ടിനെ വിളിക്കാനും, കുറച്ച് സങ്കീര്‍ണ്ണമായ കമാന്‍ഡ് നല്‍കാനും ഒക്കെ ഈ കീബോഡ് പ്രയോജനപ്പെടുത്താം.
ഗുണനിലവാരമുള്ള പദാര്‍ത്ഥങ്ങളാല്‍ ഉണ്ടാക്കിയെടുത്തതാണ് ക്ലിക്സ് കീബോഡ്. ഫോണിന് അധിക സംരക്ഷണം നല്‍കുമെന്നും അവകാശവാദമുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ക്ലിക്സ് കീബോഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുത്ത്, കീബോഡുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ അധിക ഫങ്ഷണുകളും ലഭിക്കും.
പക്ഷെ, സാധാരണ ഫോണ്‍ കവറുകളുടെ വില നല്കിയാല് പോര ഇതിന് എന്നതാണ് പലര്‍ക്കും പ്രശ്നം. ഐഫോണ്‍ 16 പ്രോ മോഡലിന്റെ കവറിനാണ് ഏറ്റവും വിലക്കുറവ്-11,900 രൂപ. എന്നാല്‍, ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രോ മാക്സ് എന്നിവയുടെ എല്ലാം കവറിന് 13,600 രൂപ നല്‍കേണ്ടി വരും. ഒക്ടോബര്‍ 7 മുതല്‍ ഇത് ക്ലിക്സ് വെബ്സൈറ്റില്‍ നിന്ന് വാങ്ങാം.