ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോൾ നിയമനം 21% മാത്രം.

7 ബറ്റാലിയനുകളിലായി കഴിഞ്ഞ ഏപ്രിൽ 13നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ 13,975 പേരാണുള്ളത്. ഇതിൽ 3577 പേർക്കു (25%) നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിലെ 558 ഒഴിവുകൾ എൻജെഡി ആണ്. ഇതു കുറച്ചാൽ 3019 പേർക്ക് (21%) മാത്രമാണു യഥാർഥത്തിൽ നിയമനം ലഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–681. കുറവ് ഇടുക്കി ജില്ലയിൽ–347. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 5610 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

നേരത്തേ ഒഎംആർ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഒ തിരഞ്ഞെടുപ്പ് പിഎസ്‌സി നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ പ്രിലിമിനറി പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയ്ക്കൊപ്പം മെയിൻ പരീക്ഷകൂടി നടത്തിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇത്രയും കടമ്പ കടന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമന ശുപാർശയിൽ അർഹമായ പരിഗണന ലഭിക്കാതെപോവുകയാണ്.

തസ്തികയ്ക്കു വഴിയുണ്ട്; സർക്കാർ കണ്ണു തുറക്കണം

സിവിൽ പൊലീസ് ഓഫിസർമാരുടെ പുതിയ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം ഫയലുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഇതെല്ലാം അവഗണിക്കുകയാണ്.

ഹൈവേ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി 795 തസ്തിക ആവശ്യപ്പെട്ടിട്ട് 2 വർഷമായി. നിലവിൽ 20 പൊലീസ് ജില്ലകളിലായി 53 ഹൈവേ പട്രോളിങ് വാഹനങ്ങളുണ്ട്. 159 സബ് ഇൻസ്പെക്ടർ, 159 സീനിയർ സിവിൽ പൊലീസ് ഓഫിസർ, 318 സിവിൽ പൊലീസ് ഓഫിസർ, 159 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിവരെയാണ് ഇതിലേക്കു വേണ്ടത്. ഇത്രയും തസ്തിക അനുവദിച്ചാൽ സ്റ്റേഷനുകളിലെ ജോലിഭാരം കുറയും. ഇക്കാര്യത്തിൽ പൊലീസ് വകുപ്പ് വീണ്ടും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് അറിയുന്നു.

കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാന ആശുപത്രികളിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് ഔട്‌പോസ്റ്റ് സ്ഥാപിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഈ നടപടിയും എങ്ങുമെത്തിയില്ല. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ഔട്‌പോസ്റ്റുകൾ സ്ഥാപിച്ച് എസ്ഐ, എഎസ്ഐ, സിപിഒ എന്നീ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കാനായിരുന്നു തീരുമാനമെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. സിപിഒ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം വന്നാൽ ലിസ്റ്റിലെ കുറേ പേർക്കുകൂടി നിയമനസാധ്യത തുറക്കും.

റാങ്ക് ലിസ്റ്റിൽ 13975 പേർ

7 ബറ്റാലിയനുകളായി 13975 പേരുള്ള സിപിഒ റാങ്ക് ലിസ്റ്റിൽ ഏറ്റവും കൂടുതൽ പേർ തൃശൂർ (കെഎപി–2) ജില്ലയിലാണ്–2456. കുറവ് എറണാകുളം (കെഎപി–1) ജില്ലയിൽ–1449. മുൻ റാങ്ക് ലിസ്റ്റുകളിൽ 10940 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇത്തവണ 3035 പേർ വർധിച്ചു. പക്ഷേ, ഈ വർധന നിയമനത്തിൽ പ്രതിഫലിക്കുന്നില്ല. 

English Summary:

Civil Police Officer Ranklist Recruitment PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com