ADVERTISEMENT

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമ്പോൾ, തൊഴിലന്വേഷകരുടെ ആശങ്കകൾ സർക്കാർ കാണാതെ പോകരുത്. അധ്യാപക–അനധ്യാപക തസ്തികകളുടെ യോഗ്യത, സ്ഥാനക്കയറ്റം, തസ്തികനിർണയം എന്നിവയിൽ പുതിയ രീതി വരുന്നത് ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും തൊഴിലന്വേഷകരുടെയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടായിരിക്കണം.

അധ്യാപകനിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാകുന്നു എന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശ. അതായത്, പ്രൈമറി അധ്യാപകരാകാൻ ബിരുദവും സെക്കൻഡറിയിൽ ബിരുദാനന്തര ബിരുദവും യോഗ്യത ഉണ്ടായിരിക്കണം. ശുപാർശ അതേപടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചാൽ നിലവിലുള്ള അധ്യാപക റാങ്ക് ലിസ്റ്റുകളിലെ നിയമനം പൂർണമായി നിലയ്ക്കും. 2025 മേയ് 30 വരെ കാലാവധിയുള്ള എൽപിഎസ്ടി റാങ്ക് ലിസ്റ്റും 2025 ഒക്ടബോർ 9 വരെയുള്ള യുപി സ്കൂൾ ടീച്ചർ ലിസ്റ്റും നിലവിലുണ്ട്. രണ്ടു തസ്തികയിലും പുതിയ പരീക്ഷയും നടത്തിക്കഴിഞ്ഞു. ബിരുദം നിർബന്ധിത യോഗ്യതയാക്കിയാൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എൽപി/യുപി അധ്യാപക റാങ്ക് ലിസ്റ്റുകളിലെ നിയമനത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ബിരുദവും ബിഎഡുമാണ് നിലവിൽ ഹൈസ്കൂൾ ടീച്ചർ യോഗ്യത. ഇത് ഉടനെ ബിരുദാനന്തര ബിരുദമാക്കിയാൽ, നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ സാധ്യത അടയും. പുതിയ യോഗ്യതയനുസരിച്ചു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാലേ നിയമനം നടത്താനാകൂ എന്ന സാഹചര്യമുണ്ടാകും. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഗണിതം ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ എച്ച്എസ്ടി റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. എല്ലാ ലിസ്റ്റുകളിലും നാമമാത്ര നിയമനമാണു നടന്നിട്ടുള്ളത്.

ഭരണപരമായ സൗകര്യത്തിന് ഹൈസ്കൂൾ–ഹയർ സെക്കൻഡറി ലയനം ശുപാർശ ചെയ്ത കമ്മിറ്റി, അധ്യാപക–വിദ്യാർഥി അനുപാതം കുറച്ച് കൂടുതൽ നിയമനത്തിന് അവസരമൊരുക്കുന്ന നിർദേശം നൽകിയത് ഉദ്യോഗാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സീനിയോറിറ്റിക്കു പുറമേയുള്ള മികവുകൾകൂടി പരിഗണിച്ച് സ്കൂൾ മേധാവി സ്ഥാനക്കയറ്റം, സ്ഥാനക്കയറ്റം നിർണയിക്കാൻ റിക്രൂട്മെന്റ് ബോർഡ് അഥവാ ഉദ്യോഗസ്ഥ സമിതി, 3 വർഷത്തിലൊരിക്കൽ കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക വിലയിരുത്തൽ തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

കാലോചിത പരിഷ്കാരങ്ങൾ ആവശ്യമാണ്. എന്നാൽ, അധ്യാപകസമൂഹത്തെയും തൊഴിലന്വേഷകരെയും വിശ്വാസത്തിലെടുത്തുവേണം പരിഷ്കാരങ്ങൾ നടപ്പാക്കാൻ. 

English Summary:

M.A Khader Committy Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com