ADVERTISEMENT

വയനാട് പ്രകൃതിദുരന്ത മേഖലയിൽ തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടവർക്കു തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന താൽക്കാലിക തിരിച്ചറിയൽ രേഖ ഉപയോഗിക്കാമെന്ന പിഎസ്‌സി തീരുമാനം സ്വാഗതാർഹമാണ്.

ഒപ്പം, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തൊഴിലന്വേഷകർക്കു കൺഫർമേഷൻ തീയതി നീട്ടി നൽകുന്നത് ഉൾപ്പെടെയുള്ള സഹായങ്ങളും ചെയ്തുകൊടുക്കാൻ പിഎസ്‌സി മുൻകൈ എടുക്കണം. കനത്ത മഴമൂലം, ജൂലൈ 30നു നടത്തിയ ഖാദി ബോർഡ് എൽഡിസി മെയിൻ പരീക്ഷ എഴുതാൻ കഴിയാതിരുന്നവരും അനുകൂല നടപടി പ്രതീക്ഷിക്കുന്നു. ധാരാളം ഉദ്യോഗാർഥികൾ പിഎസ്‌സിക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.

വയനാട് ജില്ലയിലെ എൽഡി ക്ലാർക്ക് ഉൾപ്പെടെ ധാരാളം പ്രധാന പരീക്ഷകൾ ഒക്ടോബറിൽ നടക്കുന്നുണ്ട്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെയായിരുന്നു കൺഫർമേഷൻ നൽകാനുള്ള സമയം. ജൂലൈ 30നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ഈ മേഖലയിലെ ധാരാളം ഉദ്യോഗാർഥികൾക്ക് കൺഫർമേഷൻ നടപടി പൂർത്തിയാക്കാൻ കഴിയാതെ പോയിട്ടുണ്ട്. എൽഡി ക്ലാർക്ക് തസ്തികയിൽ 40,267 അപേക്ഷകരാണു വയനാട് ജില്ലയിലുള്ളത്. ഇതിൽ 29,225 പേർ കൺഫർമേഷൻ നൽകി. കൺഫർമേഷൻ നൽകാൻ കഴിയാതെപോയ 11,042 പേരുടെ അപേക്ഷ അസാധുവായി. ദുരന്തവും മഴക്കെടുതിയും ബാധിച്ച ധാരാളം പേർ ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. ഇവരുടെ ന്യായമായ പ്രയാസങ്ങൾ പിഎസ്‍സി കാണാതെപോകരുത്.

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ലൈബ്രേറിയൻ ഗ്രേഡ്–4, തസ്തികമാറ്റം വഴിയുള്ള എൽഡിസി തുടങ്ങി ധാരാളം പ്രധാന പരീക്ഷകളും ഒക്ടോബറിൽ നടക്കുന്നുണ്ട്. കൺഫർമേഷൻ നൽകാൻ ഒരാഴ്ചകൂടിയെങ്കിലും സമയം അനുവദിച്ച്, ഈ പരീക്ഷകൾ എഴുതുന്നവരെയും പരിഗണിക്കുന്ന കാര്യം പരിശോധിക്കണം.

സംസ്ഥാനത്തെങ്ങും അതിശക്തമായി മഴ പെയ്തതുമൂലം ജൂലൈ 30ലെ ഖാദി ബോർഡ് എൽഡിസി മെയിൻ പരീക്ഷ എഴുതാൻ കഴിയാതെപോയവരും അനുകൂല നടപടി അർഹിക്കുന്നവരാണ്. പ്രാഥമിക പരീക്ഷ ജയിച്ച 37,205 പേരിൽ 30,376 പേരാണു മെയിൻ പരീക്ഷ എഴുതിയത്. 6,829 പേർക്ക് എഴുതാൻ കഴിഞ്ഞില്ല. മഴയിൽപ്പെട്ട് ജൂലൈ 27ലെ ആദ്യ ഘട്ട എൽഡിസി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരിദേവനങ്ങളും ഉയർന്നിട്ടുണ്ട്. എൽഡിസി പരീക്ഷയുടെ ഇനി നടക്കുന്ന ഏതെങ്കിലും ഘട്ടത്തിൽ ഇവരെ ഉൾപ്പെടുത്താൻ പ്രയാസമുണ്ടാവില്ല.

English Summary:

Wayanad Tragedy- PSC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com