ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രി. ശതകോടീശ്വരനും മാധ്യമവ്യവസായിയുമായ സിൽവിയോ ബെർലുസ്കോണി, 1994ലാണ് ആദ്യമായി അധികാരത്തിൽ വരുന്നത്. 2011 വരെയുള്ള കാലയളവിൽ നാലു തവണ പ്രധാനമന്ത്രിയായി. അദ്ദഹത്തിന്റെ പാർട്ടിയായ ഫോർസ ഇറ്റാലിയ പാർട്ടി, നിലവിൽ ഇറ്റലിയിലെ ഭരണകക്ഷിയുമായി സഖ്യത്തിലാണ്. നിരവധി ലൈംഗികാരോപണങ്ങളും അഴിമതി ആരോപണങ്ങളും നികുതി തട്ടിപ്പിനു ശിക്ഷയും അനുഭവിച്ച ബെർലുസ്കോണി, 2017ലാണ് രാഷ്ട്രീയ തിരിച്ചുവരവ് നടത്തിയത്. 1936ൽ മിലാനിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ബെർലുസ്കോണി, ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്ററായ മീഡിയസെറ്റിന്റെ സ്ഥാപകനായി മാറുകയായിരുന്നു. 1986നും 2017നും ഇടയിൽ എസി മിലാൻ ഫുട്ബോൾ ക്ലബ്ബും ബെർലുസ്കോണിയുടെ ഉടമസ്ഥതയിലായിരുന്നു
1993ലാണ് ഫോർസ ഇറ്റാലിയ പാർട്ടി സ്ഥാപിച്ചത്. ഒരു വർഷത്തിനുശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തി. 2008ൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും 2011ൽ രാജിവയ്‌ക്കേണ്ടി വന്നു. 2012 അവസാനത്തോടെ നികുതി തട്ടിപ്പിനു ബെർലുസ്കോണി ശിക്ഷിക്കപ്പെട്ടു. മിലാനിലെ ഒരു റെസിഡൻഷ്യൽ ഹോമിൽ പാർട്ട് ടൈം കമ്യൂണിറ്റി സേവനം ചെയ്തുകൊണ്ട് ഒരു വർഷത്തോളം തടവ് അനുഭവിച്ചു. 2018ലെ പൊതുതിരഞ്ഞെടുപ്പിൽ ഫോർസാ ഇറ്റാലിയ ലീഗും ബ്രദേഴ്‌സ് ഓഫ് ഇറ്റലിയും ചേർന്ന് മത്സരിച്ചെങ്കിലും ഭരിക്കാൻ ആവശ്യമായ 40% വോട്ടു ലഭിച്ചില്ല. 2019ൽ ബെർലുസ്കോണി യൂറോപ്യൻ പാർലമെന്റിൽ ഒരു സീറ്റ് നേടി. 2022 ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുമായി സഖ്യത്തിലായതോടെ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. ബെർലുസ്കോണി സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
എൺപത്തിയാറാം വയസിൽ 2023 ജൂൺ 12ന് ചികിത്സയിലിരിക്കെ മരണം.