മുപ്പത്തിമൂന്നുകാരിയായ കാമുകിക്ക് 900 കോടി രൂപ; ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയുടെ വിൽപത്രം
Mail This Article
റോം∙ ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി, അന്തരിച്ച സിൽവിയോ ബെർലുസ്കോണി തന്റെ വിൽപത്രത്തിൽ കാമുകിക്കായി നീക്കിവച്ചത് 900 കോടി രൂപ. കഴിഞ്ഞ മാസം അന്തരിച്ച സിൽവിയോ തന്റെ സ്വത്തിൽനിന്ന് 100 മില്യൻ യൂറോ (9,05,86,54,868 രൂപ) മുപ്പത്തിമൂന്നുകാരിയായ കാമുകി മാർട്ട ഫസീനയ്ക്ക് നൽകിയതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെർലുസ്കോണിയുടെ ആസ്തി ഏതാണ്ട് ആറു ബില്യൻ യുറോ (54,000 കോടി രൂപ) യാണ്.
ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയിലെ അംഗമായ മാർട്ട 2020 മാർച്ചിലാണ് സിൽവിയോയുമായി അടുപ്പത്തിലായത്. മാർട്ടയെ ഔദ്യോഗികമായി ഭാര്യയാക്കിയിട്ടില്ലെങ്കിലും അവർ തന്റെ ഭാര്യയാണെന്നാണ് മരണക്കിടക്കയിൽവച്ച് ബെർലുസ്കോണി അറിയിച്ചത്.
2018ലെ പൊതു തിരഞ്ഞെടുപ്പിനു പിന്നാലെ ഇറ്റാലിയൻ പാർലമെന്റിൽ അംഗമാണ് മാർട്ട. 1994ൽ ബെർലുസ്കോണി രൂപീകരിച്ച ഫോർസ ഇറ്റാലിയ പാർട്ടി അംഗവുമാണ്. അതേസമയം ബെർലുസ്കോണിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത മക്കളായ മറിനയ്ക്കും പിയർ സിൽവിയോയ്ക്കുമാണ്. ഇവർക്ക് കുടുംബസ്വത്തിന്റെ 53 ശതമാനം ഓഹരിയും നൽകിയിട്ടുണ്ട്. അതുപോലെ തന്റെ സഹോദരന് 100 മില്യൻ യുറോയും മുൻ സെനറ്റർക്ക് 30 മില്യൻ യുറോയും ബെർലുസ്കോണി വിൽപത്രത്തിൽ നീക്കിവച്ചിട്ടുണ്ട്. ബാക്കിയുള്ള സ്വത്തുവകകളെല്ലാം തന്റെ അഞ്ചു മക്കൾക്കും തുല്യമായി നൽകുമെന്നും ബെർലുസ്കോണി വിൽപത്രത്തിൽ എഴുതിവച്ചിട്ടുണ്ട്.
മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് ജൂൺ 12നാണ് സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചത്. ശതകോടീശ്വരനും മാധ്യമവ്യവസായിയുമായ ബെർലുസ്കോണി, 1994ലാണ് ആദ്യമായി അധികാരത്തിൽ വരുന്നത്. 2011 വരെയുള്ള കാലയളവിൽ നാലു തവണ പ്രധാനമന്ത്രിയായി. അദ്ദഹത്തിന്റെ പാർട്ടിയായ ഫോർസ ഇറ്റാലിയ പാർട്ടി, നിലവിൽ ഇറ്റലിയിലെ ഭരണകക്ഷിയുമായി സഖ്യത്തിലാണ്.
English Summary: Ex-Italian PM Leaves Over ₹ 900 Crore To 33-Year-Old Girlfriend In His Will