ADVERTISEMENT

മാനന്തവാടിയിൽനിന്നു കാട്ടിലൂടെ കർണാടകയിലെ വനഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഗുണ്ടൽപേട്ട്- വനത്തോടു ചേർന്നു കിടക്കുന്ന കാർഷിക ഗ്രാമമാണ്. ജണ്ടുമല്ലിപ്പാടങ്ങളാൽ അലങ്കരിക്കപ്പെടുന്ന മായികഗ്രാമം.

gundlupet-travel1

നാഗർഹോളെ നാഷനൽ പാർക്കിന്റെ  ഓഫീസിൽനിന്ന് രണ്ടുപേർ കാറിലേക്ക് അതിഥികളായെത്തി. വനംവകുപ്പിലെ ജോലിക്കാരന്റെ ഭാര്യ സുമതിയും കുട്ടിയും. മോൾക്ക് പനിയാണ്. ബസ് വരാൻ ഇനിയും മണിക്കൂറുകൾ എടുക്കും. പോകുന്ന വഴിയ്ക്ക് എക്സിറ്റ് ഗേറ്റിനടുത്ത് ഇറക്കിയാൽ മതി. അയാൾ മുറി ഇംഗ്ലീഷും കന്നഡയും ചേർത്തു പറഞ്ഞൊപ്പിച്ചു. കുട്ട എന്ന കേരള-കർണാടക അതിർത്തിഗ്രാമത്തിൽനിന്നു വെറും നാൽപ്പതു കിലോമീറ്റർ മാറുമ്പോൾ ഭാഷയ്ക്കെന്തു മാറ്റം! ഒരു കാട് വിഭജിച്ച രണ്ടുജനതകളുടെ പ്രതിനിധിയായി മുന്നിൽ ഞങ്ങളും പിന്നിൽ ആ അമ്മയും കുട്ടിയും ഇരുന്നു.

അമ്പതുകിലോമീറ്റർ അപ്പുറമുള്ള സർഗൂരിലാണ് ആശുപത്രി. കാട്ടിനുനടുവിലൂടെ വലത്തോട്ടൊരു വഴിയുണ്ട് എച്ച്ഡികോട്ടെ എന്നറിയപ്പെടുന്ന ഹെഗ്ഗഡദേവനകോട്ടെയിലേക്ക്. അവിടെനിന്നു സർഗൂരിലെത്താം. ഹൈവേയിലേക്കു കയറിയപ്പോൾ ഞങ്ങളെ കടന്നുപോയൊരു   കെഎസ്ആർടിസിയുടെ പിന്നിൽ കർണാടക നമ്പർ വൺ എന്നെഴുതിയ ഫ്ലക്സ് കാണായി.

പനി മാറ്റാൻ അമ്പതുകിലോമീറ്റർ യാത്ര ചെയ്യുന്നതിലാണോ നമ്പർ വൺ എന്നു ചോദിക്കണമെന്നു തോന്നി. സർഗൂരിലെ ആശുപത്രി കണ്ടപ്പോൾ വീണ്ടുമൊരു ചോദ്യം മുന്നിട്ടുനിന്നു. ഇതാണോ ആശുപത്രി? ഇതു നമ്മുടെ നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനത്രയില്ലല്ലോ... ആരോടു ചോദിക്കാൻ? നീണ്ടുനിവർന്നു കിടക്കുന്ന ഏതാണ്ടു വിജനമായ വഴിയിൽ ഉറക്കം തൂങ്ങിനിൽക്കുന്ന ആൽമരങ്ങളോടോ? ഈ വഴിയിലൂടെ നമ്മുടെ ഒരു വാഹനം മാത്രമേ കാണുകയുള്ളൂ. ദീർഘനേരത്തെ ഡ്രൈവിങ്ങിന്റെ മടുപ്പുമാറ്റാൻ നുഗു ഡാമിന്റെ കാഴ്ചയൊന്നു കാണാം. ഒറ്റതിരിഞ്ഞ മരങ്ങൾക്കിടയിലൂടെ കാലികൾ തണ്ണീർതേടിപ്പോകുന്നു. നീലാകാശത്തെ അപ്പടി കോപ്പിയടിച്ചാണ് നുഗുവിലെ ജലം കിടക്കുന്നത്.

gundlupet-travel2

ഒരു കാര്യം കൊള്ളാം. റോഡുകളുടെ വിശാലത. ഏതാണ്ടെല്ലാ പാതയോരത്തും മരങ്ങളുമുണ്ട്. അതിനപ്പുറം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ.  ആൽമരച്ചുവടുകളിൽ കടുത്ത പച്ചപ്പുള്ള ചെറുതണ്ണിമത്തനുകൾ കൂട്ടത്തോടെ വിൽക്കാൻ വച്ചിട്ടുണ്ട്. കാറൊന്നു മെല്ലെയാക്കുമ്പോൾ പ്രതീക്ഷയോടെ കച്ചവടക്കാർ ഓടിയെത്തും. ഒരു തണ്ണിമത്തന് അഞ്ചുരൂപയൊക്കെയേ വിലയുള്ളൂ. അതിർത്തി കടന്ന് ഇങ്ങെത്തുമ്പോൾ കിലോയ്ക്ക് പതിനഞ്ചും ഇരുപതുമായി വില കൂടുന്നു. വെയിലേറ്റു വാടുന്ന കർഷകന് തുച്ഛവില. ഇടനിലക്കാരന് തോന്നുംവില.

gundlupet-travel3

ഗുണ്ടൽപേട്ട്, കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ കാർഷികഗ്രാമമാണ്. ഇവിടെനിന്ന് ഹിമവദ് ഗോപാൽസ്വാമിബേട്ട എന്ന വനക്ഷേത്രത്തിലേക്കു പോകാം.  ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ ഉള്ളിലായിട്ടാണ് ഈ ക്ഷേത്രം.  നമ്മുടെ കാർ ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട്,വനംവകുപ്പിന്റെ ബസ്സിൽ ആണ് അന്പലത്തിലേക്കു പോകേണ്ടത്.  ഒരു കുന്നിനു മുകളിലെ കുഞ്ഞമ്പലമാണിത്. കൃഷിയിടങ്ങൾക്കിടയിലൂടെയും കാടിനുള്ളിലൂടെയും നീണ്ടുകിടക്കുന്ന വഴിയിൽ വേനൽക്കാലത്തെ യാത്ര അത്ര രസകരമല്ല. അമ്പലത്തിനു ചുറ്റും പുൽമേടുകളാണ്. തൊട്ടുതാഴെയൊരു കുളവും അതിനടുത്ത ചെറുമരങ്ങളും. കാട്ടുപോത്തുകളും മാനുകളും വെള്ളം കുടിക്കാനെത്തുന്നുണ്ട്. ആ മരത്തിന്റെ മുകളിൽ പുലിയെവരെ കണ്ടവരുണ്ട്.

ഗുണ്ടൽപേട്ടിൽ നിന്നൊരു വട്ടം വരച്ചാൽ അതു സ്പർശിക്കുന്നതൊക്കെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് എന്നതു ശ്രദ്ധേയം. അതിൽ മൈസൂരു, ബന്ദിപ്പൂർ നാഷനൽ പാർക്ക്, ഗോപാല‍സ്വമിബേട്ട, മുതുമലൈ നാഷനൽ പാർക്ക്, കാടിനു നടുവിലെ മറ്റൊരു ക്ഷേത്രമുൾക്കൊള്ളുന്ന  ബിലിഗിരി രംഗനാഥസ്വാമി കുന്ന് (ബിആർ ഹിൽസ്), അടുത്തുള്ള സുന്ദരമായ വെള്ളച്ചാട്ടം ശിവനസമുദ്ര എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. 

ഒരു ദിവസം ഗുണ്ടൽപേട്ടിൽ താമസിക്കാം. നല്ല ഹോട്ടലുകൾ ലഭ്യം. നിലന്പൂർ-നാടുകാണി-ഗൂഡല്ലൂർ-മുതുമലൈ-ബന്ദിപ്പൂർ വഴിയും ഇവിടേക്കെത്താം. ഈ റൂട്ടാണു നല്ലത്. രണ്ടു നാഷനൽ പാർക്കുകളും ഗൂഡല്ലൂർ എന്ന മലയോരപട്ടണവും കാഴ്ചകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com