ADVERTISEMENT
Bond-in-Udaipur

മരുഭൂമികൾക്കു പേരു കേട്ട രാജസ്ഥാന്റെ ഹൃദയഭൂമികളിലൊന്നാണ് ഉദയ്പുർ. തടാകങ്ങളുടെ നഗരം എന്നു പേരുകേട്ട ഉദയ്പുർ രജപുത്രരാജവംശക്കാരായ മേവാറുകളുടെ തലസ്ഥാനമായിരുന്നു. അതു ചരിത്രം. ഉദയ്പുർലോകപ്രസിദ്ധിയാർജിച്ചത് ജയിംസ്ബോണ്ട് സിനിമയിലൂടെയാണ്. 1983 ൽ ഇറങ്ങിയ ഓക്ടോപ്പസ്സി സിനിമയിൽ വില്ലന്റെയും നായികയുടെയും വാസസ്ഥലങ്ങൾ ഉദയ്പുരിലാണ്. ഒന്നുകൂടി ചുരുക്കിയാൽ, പിച്ചോള എന്ന തടാകത്തിനോടു ചുറ്റിപ്പറ്റിയാണ് ഷൂട്ടിങ് ലൊക്കേഷനുകൾ. തടാകത്തിലെ ദ്വീപിലാണ് നായികയുടെ വസതിയും മറ്റും. 

തടാകങ്ങളുടെ കഥ

ആരവല്ലിപർവതനിരയുടെ സഖിയാണ് ഉദയ്പുർ. 

lake-palace-jag-nivas

ഏഴു തടാകങ്ങൾ ഈ നഗരത്തെ ചുറ്റിയുണ്ട്.  ഫത്തേസാഗർ,  പിച്ചോള, സ്വാരൂപ് സാഗർ, രംഗ്സാഗർ, ദൂത് തലൈ, ജയ്സാമന്ദ്  എന്നിവയാണ് ഇതിൽ പ്രധാനം. കിഴക്കിന്റെ വെനീസ് എന്നു പേരുണ്ടെങ്കിലും ഉദയ്പുരിന് കൂടുതൽ ചേരുക തടാകങ്ങളുടെ നഗരം അല്ലെങ്കിൽ കൊട്ടാരങ്ങളുടെ നഗരം എന്നിവയാണ്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകമാണെന്ന് അവകാശപ്പെടുന്ന  ജയ്സാമന്ദ് തടാകം ഇതിലൊന്നാണ്. 

പിച്ചോള തടാകം

lake-Pichola

കൃത്രിമ ശുദ്ധജലത്തടാകം. 1362 ൽ നിർമിച്ചു. നഗരത്തിനു കുടിവെള്ളം എത്തിക്കുക,  കൃഷിയിടങ്ങളിലേക്കു ജലസേചനം ചെയ്യുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് പിച്ചോള നിർമിക്കുന്നത്. നാലു  ദ്വീപുകളുണ്ട് പിച്ചോളയിൽ. ഇതിൽ പ്രധാനപ്പെട്ടതാണു  ജഗ് നിവാസ്- ഇതിലാണു ലേക് പാലസ്. ഇപ്പോഴിത് താജ് ഹോട്ടലിന്റെ ഭാഗമാണ്. 1746 ൽ ആണു ഈ കൊട്ടാരം നിർമിക്കുന്നത്. ജഗത് സിങ് രണ്ടാമന്റെ വേനൽക്കാല വസതി ആയിരുന്നു ജഗ് നിവാസ്. കിഴക്കോട്ടു മുഖം തിരിഞ്ഞുനിൽക്കുന്നലേക്ക് പാലസ് മാർബിൾ കൊണ്ടാണു നിർമിച്ചിട്ടുള്ളത്.

രണ്ടാം ദ്വീപിലാണു

Jag-Mandir

ലേക് ഗാർഡൻ പാലസ്-  ജഗ് മന്ദിർ എന്നും അറിയപ്പെടുന്നു. മൂന്നു രാജവംശക്കാരുടെ കാലത്തു നിർമാണം പൂർത്തികരിച്ച ചരിത്രമാണ് ലേക് ഗാർഡൻ പാലസിനുള്ളത്.  ഒക്ടോപ്പസി സിനിമയിൽ ബോണ്ടിന്റെ നായികയുടെ വസതിയായിട്ടാണ് ജഗ് മന്ദിറിനെ ചിത്രീകരിച്ചിട്ടുള്ളത്. 

നഗരം

ടൂറിസത്തെ ആശ്രയിച്ചാണ് ഉദയ്പുരിന്റെ സമ്പദ് വ്യവസ്ഥ. ഡിസംബർ 21 മുതൽ മുപ്പതു വരെ നടക്കുന്ന ശിൽപഗ്രാം ഉത്സവം പതിനായിരങ്ങളെ ആകർഷിക്കുന്നു. മഹാറാണാ ഉദയ് സിങ് 1559 ൽ സ്ഥാപിച്ചതാണ് ഉദയ്പുർ.  ആറുകിലോമീറ്റർ നീളമുള്ള മതിൽ ഈ നഗരത്തെ ചുറ്റിയുണ്ടായിരുന്നു.   നഗരപ്രവേശത്തിനായി ആറു ഗേറ്റുകളുമുണ്ട്. 

തടാകത്തിൽ അലങ്കരിച്ച യാനങ്ങൾ യാത്രികരെ കാത്തിരിക്കുന്നുണ്ട്. 

PRV_8707

ഉദയ്പുർ സിറ്റി പാലസിന്റെ അടുത്തുകൂടിയാണ് ഞങ്ങളുടെ ബോട്ട് സഞ്ചരിച്ചത്. തടാകത്തോടു ചേർന്നു കിടക്കുന്ന മാർബിൾ സമുച്ചയം.  സിറ്റി പാലസിന്റെ ഒരു ഭാഗം ഇപ്പോൾ മ്യൂസിയമാണ്. സിറ്റി പാലസിൽ ഷാജഹാനും മുംതാസ് മഹലും കുട്ടികളുടെ കൂടെ താമസിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പിന്നീട് കൂടുതൽ സുരക്ഷയ്ക്കായി ഗുൽ മഹലിലേക്കു മാറ്റിപാർപ്പിച്ചു. ഷാജഹാനു വേണ്ടി പ്രത്യേകം പണികഴിപ്പിച്ചതാണത്രേ ഈമഹൽ. പിന്നീട് ജഗത് സിങ് ഈ കൊട്ടാരത്തെ വലുതാക്കി. ജഗ് മന്ദിർ എന്നു പേരുമിട്ടു. പിന്നീട് മുഗൾ ഭരണാധികാരിയായി മാറിയ ഷാജഹാൻ ഈ കൊട്ടാരത്തിൽനിന്നു പ്രചോദനം കിട്ടിയിട്ടാണു താജ്മഹൽ നിർമിച്ചതെന്നും കഥയുണ്ട്. 

ബോണ്ട് സിനിമയുടെ കഥാപാത്രങ്ങളെ പിന്തുടരുകയാണെങ്കിൽ വില്ലൻ കമൽഖാന്റെ വസതി ഒരു മഴക്കാല ബംഗ്ലാവാണ്. പേരു തന്നെ മൺസൂൺ പാലസ്. മൃഗയാവിനോദത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഈ പാലസിൽ നിന്നുതന്നെയാണ്ജയിംസ് ബോണ്ടിനെ വേട്ടയാടാനായി ആനപ്പുറത്തേറി  വില്ലനും കൂട്ടരും പിന്തുടരുന്നത്. തടാകക്കരയിൽ അല്ല ഈ കൊട്ടാരം എന്നൊരു വ്യത്യാസമുണ്ട്.  എങ്കിലും പിച്ചോള തടാകത്തിലൊന്നു കറങ്ങിയടിച്ചാൽ ബോണ്ട് സിനിമ കണ്ടതുപോലെയുണ്ടാകും. 

നല്ല സമയം

 നവംബർ-ജനുവരി

എയർപോർട്ട്- മഹാറാണാ പ്രതാപ് എയർപോർട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com