ഇന്ത്യയിലെ വെനീസിന് നിറമേകി ഏഷ്യയിലെ രണ്ടാമത്തെ വലിയ കൃത്രിമ തടാകം
Mail This Article
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ഇന്ത്യയുടെ സ്വന്തം വെനീസ് എന്നറിയപ്പെടുന്ന ഉദയ്പൂര്‍ ഇവിടെയാണ് ഉള്ളത്. മനുഷ്യനിര്‍മ്മിതമായ തടാകങ്ങളും മനോഹരമായ നഗരങ്ങളും നിറഞ്ഞ ഈ ചരിത്രനഗരം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് അങ്ങേയറ്റം മനോഹരമായ അനുഭവങ്ങളാണ്. ഏതൊരു സഞ്ചാരിയും ഉദയ്പൂരിനെക്കുറിച്ച് മനസ്സിലാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞോളൂ.
ഏഷ്യയിലെ രണ്ടാമത്തെ വലിയ കൃത്രിമ തടാകം
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമായ ജെയ്‌സാമന്ദ് തടാകം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 102 അടി ആഴമുള്ള തടാകമാണിത്. പതിനേഴാം നൂറ്റാണ്ടിലെ മഹാറാണ ജയ് സിങ്ങിന്‍റെ ബുദ്ധിയിലുദിച്ചതായിരുന്നു ഈ ആശയം.
നഗരമുണ്ടായത് ഇങ്ങനെ
പതിനഞ്ചാം നൂറ്റാണ്ടിൽ, മേവാർ രാജവംശത്തിലെ മഹാറാണ ഉദയ് സിംഗ് രണ്ടാമൻ പിച്ചോള തടാകത്തിനടുത്ത് വേട്ടയാടാൻ പോയതായിരുന്നു. അവിടെ അദ്ദേഹം ഒരു മുനിയെ കണ്ടു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്ത് കൊട്ടാരം പണിയാൻ രാജാവിനെ ഉപദേശിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമായി അതു മാറട്ടെ എന്ന് അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു. ആരവല്ലി കുന്നുകളുടെ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന ഉദയ്പൂർ നഗരം അങ്ങനെയാണത്രെ ഉണ്ടാക്കപ്പെട്ടത്
ചെമ്പും സിങ്കും കുഴിച്ചെടുക്കുന്ന ഖനികള്‍
ചെമ്പ്, സിങ്ക് ലോഹങ്ങളുടെ നിക്ഷേപമുള്ള ഇടങ്ങളിലൊന്നാണ് ഉദയ്പൂര്‍. മധ്യകാലം മുതൽ ഇന്ത്യയിലെ ചെമ്പിന്റെയും സിങ്കിന്റെയും പ്രാഥമിക ഉറവിടമാണ് ഇത്.
മാവിന്‍ മുകളിലെ വീട്
തടാകങ്ങളും കൊട്ടാരങ്ങളും മാത്രമല്ല ഉദയ്പൂരിനെ വേറിട്ടതാക്കുന്നത്. ഒരു മാവിന്‍റെ മുകളിലായി 65 വർഷം മുന്നേ നിർമ്മിച്ച വൃക്ഷഭവനം ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഒരു പ്രാദേശിക ബിസിനസുകാരന് വേണ്ടി സൂറത്തില്‍ നിന്നുള്ള കരകൌശലവിദഗ്ധനാണ് ഈ ട്രീ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. മരത്തിന്റെ ഒരു ശാഖ പോലും മുറിക്കാതെ നിർമ്മിച്ചിരിക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും കയറിപ്പറ്റിയിട്ടുണ്ട് ഈ അത്ഭുതം.
റൊമാന്റിക് ലേക്ക് പാലസ്
പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്‍റെ വേനൽക്കാല തലസ്ഥാനമായിരുന്നു ജാഗ് നിവാസ് അഥവാ ലേക്ക് പാലസ്. ഇപ്പോൾ താജ് ഗ്രൂപ്പ് ഏറ്റെടുത്ത ഈ കൊട്ടാരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു. വെളുത്ത മാർബിൾ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കൊട്ടാരവും അതിസുന്ദരമായ ഉദ്യാനങ്ങളുമെല്ലാമായി പ്രേമപൂര്‍ണ്ണമായ അന്തരീക്ഷമാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണത്തിനുള്ള ലൊക്കേഷനായിരുന്നു ഇവിടം.
English Summery : jaisamand lake udaipur