സുവര്‍ണ്ണക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കീര്‍ത്തന്‍ സേവ നിഷേധിക്കപ്പെട്ടതെങ്ങനെ?
Mail This Article
ഡല്‍ഹിയില്‍നിന്നു പഞ്ചാബിലേക്കുള്ള യാത്രയില്‍ കാണാം, ഇരുവശത്തും സ്വര്‍ണനിറത്തില്‍ ഗോതമ്പു കതിരുകള്‍ വിളഞ്ഞുകിടക്കുന്ന പാടങ്ങളുടെ അതിസുന്ദരമായ കാഴ്ച. ഇന്ത്യയുടെ സ്വന്തം ധാന്യക്കലവറയായ പഞ്ചാബ് എല്ലാ കാര്യങ്ങളിലും സമൃദ്ധിയും തനിമയും കാത്തു സൂക്ഷിക്കുന്ന സംസ്ഥാനമാണ്. ഭക്ഷണത്തിലും സംസ്കാരത്തിലും പൈതൃകത്തിലുമെല്ലാം അതു തെളിഞ്ഞു കാണാം.
പഞ്ചാബെന്ന് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ക്ഷേത്രത്തിന്‍റെ ചിത്രമാണ് – സുവർണക്ഷേത്രം. നാനാജാതി മതസ്ഥരെയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ആരാധനാലയം. സിഖ് മത വിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാകേന്ദ്രം. അടുത്തകാലംവരെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കീര്‍ത്തന്‍ സേവ നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഹർമന്ദിർ സാഹിബിനുള്ളിൽ സ്ത്രീകളെ പാടാൻ അനുവദിക്കണമെന്ന് അകാൽ തഖ്ത്, ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്നിവരോട് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സർക്കാർ പ്രമേയം പാസാക്കിയതോടെ ഈ വിവേചനത്തിനും തിരശ്ശീല വീണു. ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിളിച്ച പ്രത്യേക സമ്മേളനത്തിലാണ് പഞ്ചാബ് നിയമസഭ ഇക്കാര്യം അറിയിച്ചത്.
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്കുണ്ടായത്?
സിഖ് പുരുഷന്മാര്‍ മാത്രമാണ് ഇതുവരെ സുവര്‍ണക്ഷേത്രത്തിലെ പവിത്രമായ സാങ്ങ്റ്റം സാങ്ങ്റ്റോറത്തില്‍ കീര്‍ത്തന്‍ സേവ ചെയ്തിരുന്നത്. സ്ത്രീകള്‍ക്ക് ഇത് അനുവദനീയമല്ല എന്ന് എവിടെയും എഴുതിവച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടായിരുന്നു ഈ വിലക്ക്?
സിഖ് മതത്തിലെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണമാണ് രെഹത് മര്യാദ (Rehat Maryada). ഗുരുദ്വാരകൾക്കായുള്ള ശരിയായ രീതികള്‍ വിവരിക്കുന്ന 41 പേജുള്ള ഈ പ്രമാണം, 1932 ൽ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) രൂപീകരിച്ച ഉപസമിതിയാണ് തയാറാക്കിയത്. തുടർന്ന് 1936 ഓഗസ്റ്റ് 1 ന് അവതരിപ്പിച്ച പ്രമേയത്തിലൂടെ എസ്ജിപിസി ഇത് അംഗീകരിച്ചു. പിന്നീട് 1945 ഫെബ്രുവരി 3 ന് ഇതില്‍ ഭേദഗതിയുമുണ്ടായി. ലിംഗഭേദമനുസരിച്ച് ഗുരുദ്വാരയിൽ കീർത്തൻ സേവ നടത്താനോ സ്ത്രീകളെ ഇതില്‍നിന്നു തടയാനോ ഇതില്‍ ഒരിടത്തും പറയുന്നില്ല. പാടുന്നയാൾ സിഖ് വിശ്വാസി ആയിരിക്കണമെന്നു മാത്രം.
ഗുരുവിന്‍റെ തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാൽ സ്ത്രീകൾ മുഖം മൂടിക്കിടക്കുന്ന മൂടുപടങ്ങളുമായി സഭകളിൽ ഇരിക്കരുതെന്ന് (Section (o) in Article V of Chapter IV) ഇതിൽ പറയുന്നു. സ്ത്രീകള്‍ക്ക് കീർത്തന്‍ സേവ നടത്താൻ പാടില്ലെന്ന മറ്റു രേഖകളൊന്നുമില്ല. ബ്രിട്ടിഷ് ഭരണകാലത്ത് ഗുരുദ്വാരകളുടെ നിയന്ത്രണം ഉണ്ടായിരുന്ന മഹന്തുകളാണ് സ്ത്രീകള്‍ക്കെതിരായ ഈ നിലപാട് സ്വീകരിച്ചത്. പിന്നീട് 1920 ല്‍ എസ്ജിപിസി വന്നപ്പോഴും ഇത് മാറ്റമില്ലാതെ തുടരുകയായിരുന്നു.
നൂറു കിലോ സ്വര്‍ണത്തില്‍ തിളങ്ങുന്ന താമര
ദിവസവും ഒരു ലക്ഷത്തിലേറെ യാത്രികര്‍ സുവർണക്ഷേത്രത്തിലെത്തുന്നു എന്നാണ് കണക്ക്. ചരിത്രസ്മാരകമായ ജാലിയന്‍ വാലാബാഗിനു സമീപം തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രത്തിന് നാലു കവാടങ്ങളുണ്ട്. തല മൂടി, ചെരിപ്പുകള്‍ അഴിച്ചു വച്ചു വേണം അകത്തേക്കു കടക്കാന്‍. ചെരിപ്പ് സൂക്ഷിക്കാന്‍ കൗണ്ടറുകളുണ്ട്. തല മൂടാനുള്ള സ്കാര്‍ഫും ഇവിടെ കിട്ടും. കൈകാലുകള്‍ നന്നായി കഴുകി വൃത്തിയാക്കി ഉള്ളിലേക്ക് കടക്കാം.
ഹർമന്ദിർ സാഹിബ്, ദർബാർ സാഹിബ് എന്നൊക്കെ അറിയപ്പെടുന്നതും സുവർണക്ഷേത്രം തന്നെയാണ്. സിഖ് മതവിശ്വാസികളുടെ അഞ്ചാമത്തെ ഗുരുവായ അർജൻ സാഹിബ് ആണ് സുവര്‍ണക്ഷേത്ര സ്ഥാപകനായി അറിയപ്പെടുന്നത്. ഹിന്ദു-മുസ്‌ലിം വിശ്വാസങ്ങളുമായി പൊരുത്തപ്പെടാനാവാതെ വന്നപ്പോള്‍ സിഖ് മതത്തെ അദ്ദേഹം പരിപോഷിപ്പിച്ചു. തനിക്കു ഭീഷണിയാകുമെന്ന് കണ്ട മുഗള്‍ചക്രവര്‍ത്തി ജഹാംഗീര്‍ 1606 ൽ അര്‍ജന്‍ സിങ്ങിനെ തൂക്കിലേറ്റി.
ഉള്ളിലേക്കു കടക്കുമ്പോള്‍ അമൃതസരസ്സ് കാണാം. സന്ധ്യാസമയത്താണ് പോവുന്നതെങ്കില്‍ ദീപാലംകൃതമായ ക്ഷേത്രത്തിന്‍റെ പ്രതിച്ഛായ ജലത്തില്‍ വെട്ടിത്തിളങ്ങുന്നതു കാണാം. സ്വര്‍ണം ജലരൂപം പ്രാപിച്ച് ഒഴുകുകയാണോ എന്നു തോന്നിപ്പോകുന്നത്ര മനോഹരം! അതിസുന്ദരമായ കാഴ്ചയാണിത്. നൂറു കിലോയോളം തൂക്കമുള്ള ശുദ്ധസ്വർണത്തിൽ പണിത, താമരയാകൃതിയിലുള്ള താഴികക്കുടങ്ങൾ ക്ഷേത്രത്തിനു മുകളില്‍ കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്നാനം നടത്താന്‍ സരസ്സില്‍ പ്രത്യേകം ഇടങ്ങളുണ്ട്.
ഗുരു നാനാക്, ഗുരു ഹർഗോബിന്ദ് സിങ് തുടങ്ങിയവരുടെ മഹദ് വചനങ്ങൾ ഉള്‍ക്കൊള്ളുന്ന ‘ഗുരു ഗ്രന്ഥസാഹിബ്’ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. ഒരു ഗ്രന്ഥത്തെ ദൈവമായി കണ്ട് ആരാധിക്കുന്ന രീതി അപൂര്‍വമാണ്. ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി ‘ലംഗാർ’ എന്നറിയപ്പെടുന്ന വിശാലമായ അടുക്കള കാണാം. സഞ്ചാരികള്‍ക്ക് സൗജന്യ ഭക്ഷണവും കിടന്നുറങ്ങാനുള്ള മുറിയുമെല്ലാം ഇവിടെയുണ്ട്.
അരികില്‍ വേറെയുമുണ്ട്, ഇടങ്ങള്‍
‘പഞ്ചാബിന്‍റെ ഹൃദയ’മെന്നറിയപ്പെടുന്ന അമൃത്‌സറിലാണ് സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പോകാന്‍ ഇവിടെ മറ്റിടങ്ങളുമുണ്ട്. തൊട്ടടുത്താണ് ജാലിയന്‍ വാലാബാഗും മഹാരാജാ രഞ്ജിത് സിങ് മ്യൂസിയവും രാം ബാഗ് ഗാര്‍ഡനും. ഇന്ത്യ- പാക്ക് അതിർത്തിയായ അട്ടാരി- വാഗയിലേക്ക് ഇവിടെ നിന്നു പ്രതിദിന ടൂറുകള്‍ ലഭ്യമാണ്. അമൃത്‌സറില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടുള്ളത്. സുവർണക്ഷേത്ര പരിസരത്ത് ഇതിനായുള്ള ബസ് സ്റ്റാന്‍ഡ് ഉണ്ട്. ആദ്യമേ ബുക്ക് ചെയ്‌താല്‍ രണ്ടു നില ബസ്സിന്‍റെ മുകളിലിരുന്ന് യാത്ര ചെയ്യാം!
പഞ്ചാബി ഭക്ഷണത്തിന് അധികം വിശദീകരണം വേണ്ടല്ലോ. കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ വെള്ളമൂറും. ക്ഷേത്രത്തിനടുത്ത് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നോണ്‍ വെജ് കിട്ടില്ല. അല്‍പം മാറി പിടിച്ചാല്‍ രുചികരമായ പഞ്ചാബി നോണ്‍വെജ് ഭക്ഷണം കഴിക്കാം.
മറ്റൊരു പ്രധാന കാര്യം, അത്ര വൃത്തിയും വെടിപ്പുമുള്ള റോഡുകള്‍ അല്ല ഈ പരിസരത്തുള്ളത്. തലങ്ങും വിലങ്ങുമൊക്കെ തോന്നിയ പോലെ വാഹനമോടിക്കുന്ന ആളുകളും അപൂര്‍വമല്ല. അങ്ങോട്ടൊന്നും പറയാനുള്ള സമയം കിട്ടിയെന്നു വരില്ല പലപ്പോഴും. അതുകൊണ്ട് ഓട്ടോയിലോ കാറിലോ സഞ്ചരിക്കുമ്പോള്‍ വണ്ടിക്കു പിന്നില്‍ രണ്ടോ മൂന്നോ വാഹനങ്ങള്‍ വന്ന് മുട്ടിയാലും അങ്ങു കണ്ണടച്ചേക്കണം... എന്തിനാണു വെറുതേ കേരളത്തില്‍നിന്നു പഞ്ചാബ് വരെ പോയി തല്ലു മേടിക്കുന്നത്!
English Summery :suvarna temple punjab