കൊൽക്കത്ത നഗരത്തിന്റെ തിരക്കുകൾക്കു നടുവിലെ ശാന്തിയുടെ മന്ദിരം
Mail This Article
കൊൽക്കത്ത നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ ശാന്തിയുടെ മന്ദിരമായി നിൽക്കുന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം. ജീവിക്കുന്ന വിശുദ്ധയെന്നു വിളിച്ചു ലോകം നമിച്ച നന്മയുടെ ആൾരൂപമായ മദർ തെരേസ സേവനത്തില്‍ മുഴുകി കഴിഞ്ഞിടം, അവസാന വിശ്രമസ്ഥലവും.
നഗരത്തിൽ ആചാര്യ ജഗദീശ്ചന്ദ്ര ബോസ് റോഡിൽ റിപ്പൺ സ്ട്രീറ്റിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം. പെട്ടെന്നു കണ്ടെത്താനാവാത്ത വിധം സാധാരണമായ പഴയ കെട്ടിടം. കണ്ണിൽ പെടുന്ന, വലിയ ബോർഡ് പോലുമില്ല. പക്ഷേ, ലോകത്തിന്റെ ഏതെല്ലാം കോണിൽനിന്നാണ് ഇവിടം അന്വേഷിച്ച് ആളുകൾ എത്തുന്നത്!
പ്രധാന റോഡിൽനിന്നുള്ള പിരിവായി ചെറിയൊരു റോഡ്. അതിൽനിന്നാണു പ്രവേശന കവാടം. ആദ്യം കണ്ട കന്യാസ്ത്രീയോടു കാര്യം പറഞ്ഞപ്പോൾ, കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളെപ്പറ്റി അവർ ക്ഷമാപണ സ്വരത്തിൽ മറുപടി നൽകി. മദറിന്റെ ശവകുടീരത്തിലേക്കു മാത്രമേ സന്ദർശനം അനുവദിക്കൂ. അമ്മയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലേക്കു പോകാൻ നിർവാഹമില്ല.
ചെരുപ്പ് അഴിച്ചുവച്ച് പ്രവേശിച്ചത് ഒരു പ്രാര്‍ഥനാ ഹാളിലേക്കാണ്. ഒരു ഭാഗത്ത് മാർബിള്‍ പാകി മദറിന്റെ ശവകുടീരം. അതിനരികിൽ പ്രാർഥിച്ചു മടങ്ങിയ ആരോ അർപ്പിച്ച വാടാമലരുകള്‍.
ഹാളിന്റെ ചുവരുകളിൽ മദറിന്റെ ജീവിതവും സന്ദേശങ്ങളുമായി ബന്ധപ്പെട്ട വലിയ പെയിന്റിങ്ങുകൾ. കഷ്ടപ്പെടുന്നവരുടെ നടുവിലേക്കു ചെല്ലാൻ, അവരെ ചേർത്തു പിടിക്കാൻ പ്രേരിപ്പിച്ച ക്രിസ്തുവചനങ്ങൾ.
ഹാളിന്റെ ഒരു വശത്ത് മദറിന്റെ ലഘുജീവചരിത്ര പുസ്തകങ്ങൾ വച്ചിരിക്കുന്നു. മലയാളത്തിലുമുണ്ട്. സന്ദർശകർക്കു സൗജന്യമായി എടുക്കാം.
പ്രാർഥന തുടങ്ങാൻ നേരമായിട്ടുണ്ടാവും. ഏതാനും കന്യാസ്ത്രീകൾ കൂടിയെത്തി. അവർ പരസ്പരം സംസാരിക്കുന്നുണ്ട്. നിശബ്ദവും അമാനുഷികവുമായ കർമങ്ങൾ കഴിഞ്ഞു വിശ്രമിക്കുന്ന അമ്മയെ ശബ്ദംകൊണ്ടു പോലും അലോസരപ്പെടുത്താത്ത വിധത്തിൽ.
English Summary: Mother House Kolkata