ADVERTISEMENT

ഇന്ത്യയിലെ പൗരാണിക വാസ്തുവിദ്യയുടെ മകുടോദാഹരണമെന്ന് പറയാൻ കഴിയുന്ന ഒരു ക്ഷേത്രം, വലുപ്പമേറെയുള്ള കല്ലുകളിൽ കൊത്തിയെടുത്ത ദേവീദേവന്മാരുടെ രൂപങ്ങൾ, വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി മുഴുവൻ വിളിച്ചോതുന്ന ഈ ക്ഷേത്രത്തിനു ലേപക്ഷി ക്ഷേത്രം അല്ലെങ്കിൽ വീരഭദ്ര ക്ഷേത്രം എന്നാണ് പേര്. ആന്ധ്രപ്രദേശിലെ അനന്തപുർ എന്ന സ്ഥലത്താണ് കരിങ്കല്ലിൽ വിസ്മയം തീർത്തിരിക്കുന്ന ഈ നിർമിതി സ്ഥിതി ചെയ്യുന്നത്. 

അദ്ഭുതങ്ങൾ ഏറെയുണ്ട് ക്ഷേത്രത്തിൽ. തറയിൽ സ്പർശിക്കാതെ നിൽക്കുന്ന, കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രതൂണാണ് അതിൽ പ്രധാനം. തൂങ്ങി നിൽക്കുന്ന ഈ തൂണിനടിയിലൂടെ ഒരു തുണിക്കഷ്ണം വിരിച്ചിട്ടിരിക്കുന്നത് ക്ഷേത്രസന്നിധിയിൽ എത്തിയാൽ കാണാം. അറുപത്തിയൊമ്പതു തൂണുകളുടെ ബലത്തിലാണ് ക്ഷേത്രത്തിന്റെ മേൽക്കൂര നിലനിൽക്കുന്നത്. 

Lepakshi-temple3
By sunil ak/shutterstock

വീരഭദ്രനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ധാരാളം കൊത്തുപണികളാലും ചുവർചിത്രങ്ങളാലും സമ്പന്നമാണ് ക്ഷേത്രത്തിന്റെ ചുവരുകൾ. വലിയ ഉയരമില്ലാത്ത, കൂർമശൈലം എന്ന മലയുടെ മുകളിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പുരാണങ്ങളിൽ പറയുന്നതു പ്രകാരം ക്ഷേത്രം നിർമിച്ചതും പ്രതിഷ്ഠ നടത്തിയതും അഗസ്ത്യ മുനിയാണ്. ഗണപതി, നന്ദി, ശിവൻ, ഭദ്രകാളി, വിഷ്ണു, ലക്ഷ്മി എന്നിവരാണ് മറ്റു പ്രതിഷ്ഠകൾ. 

ക്ഷേത്രത്തിനു ലേപക്ഷി എന്ന പേര് വരാൻ കാരണമായി പറയുന്ന ഒരു കഥയുണ്ട്. അതിപ്രകാരമാണ്, പക്ഷിശ്രേഷ്ഠനായ ജടായു, സീതാദേവിയെ രാവണനിൽ നിന്നു രക്ഷിക്കുന്നതിനായി യുദ്ധം ചെയ്തു വീണുപോയത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. സീതാദേവിയെ അന്വേഷിച്ചെത്തിയ രാമൻ ജടായുവിനെ കാണുകയും വിവരങ്ങൾ ആരാഞ്ഞതിനു ശേഷം, ധീരനായ ജടായുവിനോട് ''ലേ.... പക്ഷി'' (എഴുന്നേൽക്കൂ...പക്ഷി) എന്നു പറഞ്ഞെന്നും അങ്ങനെയാണ് ക്ഷേത്രത്തിന് ഈ പേരു വന്നതെന്നും പറയപ്പെടുന്നു. ഇവിടെയുള്ള കാൽപാടുകൾ സീതാദേവിയുടേതാണെന്നാണ് വിശ്വാസം.

വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നവയാണ് ക്ഷേത്രത്തിന്റെ ചുവരുകളും കൊത്തുപണികളാൽ അലംകൃതമായ കൽത്തൂണുകളും. ഗണപതി, ശിവപാർവതിമാർ തുടങ്ങിയവരുടെ ശില്പങ്ങളും അഗസ്ത്യ മുനി താമസിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ഒരു ഗുഹയും ക്ഷേത്രത്തിനകത്തുണ്ട്. 

Lepakshi-temple1
By ATAGUS/shutterstock

തറയിൽ സ്പർശിക്കാതെ നിൽക്കുന്ന കൽത്തൂണ് തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്ന പ്രധാന കാഴ്ച. അക്കാലത്തെ വാസ്തുവിദ്യാവിദഗ്ധരുടെ കഴിവും ചാതുര്യവും പ്രകടമാക്കുന്ന നിർമിതികളിലൊന്നാണിത്. ബ്രിട്ടിഷ് ഭരണകാലത്ത്, മേൽക്കൂരയിൽ മാത്രം മുട്ടിനിൽക്കുന്ന ഈ കൽത്തൂണിന്റെ രഹസ്യം കണ്ടെത്താനായി എത്തിയ ഒരു ബ്രിട്ടിഷ് ഉദ്യോഗസ്ഥനാൽ ചെറിയൊരു സ്ഥാനചലനം ഈ തൂണിനു സംഭവിച്ചിട്ടുണ്ട്. തൂണിന്റെ രഹസ്യം കണ്ടെത്താൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം.

 

English Summary: The hanging pillar and other wonders of Lepakshi Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com